കമല്‍ഹാസനും കെജ്‌രിവാളും കൂടിക്കാഴ്ച്ച നടത്തി
ചെന്നൈ: രാഷ്ട്രീയ അഭ്യൂഹങ്ങള്‍ ശക്തമാക്കി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും തമിഴ് സൂപ്പര്‍ സ്റ്റാര്‍ കമല്‍ഹാസനും കൂടിക്കാഴ്ച്ച നടത്തി. കമലിന്റെ ചെന്നൈയിലെ വസതിയിലെത്തിയാണ് കെജ്‌രിവാള്‍ കൂടിക്കാഴ്ച്ച നടത്തിയത്.ഇരുവരും ഒന്നിച്ച് ഉച്ചഭക്ഷണവും കഴിച്ചു. ഉച്ചയോടെ ചെന്നൈയിലെത്തിയ കെജ്‌രിവാളിനെ കമലിന്റെ മകള്‍ അക്ഷരഹാസനാണ് വിമാനത്താവളത്തില്‍ സ്വീകരിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ എ.എ.പി ട്വിറ്ററില്‍ പങ്കുവച്ചു. കമല്‍ഹാസന്‍ സ്വന്തമായി പാര്‍ട്ടി രൂപീകരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് കൂടിക്കാഴ്ച്ച നടന്നത്. ഒരു മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്ക് ശേഷം ഇരുവരും മാധ്യങ്ങളെ കണ്ടു. തങ്ങള്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്തതായി കെജ്‌രിവാള്‍ വ്യക്തമാക്കി.കമലിന്റെ കടുത്ത ആരാധകനാണ് താനെന്ന് കെജ്‌രിവാള്‍ പറഞ്ഞു.
കമല്‍ രാഷ്ട്രീയത്തിലിറങ്ങണം. അഴിമതിക്കും വര്‍ഗീയതയ്ക്കുമെതിരേ പോരാടാന്‍ അദ്ദേഹത്തെ പോലൊരാളെയാണ് ആവശ്യമെന്ന് കെജ്‌രിവാള്‍ പറഞ്ഞു. വീണ്ടും അദ്ദേഹവുമായി കൂടിക്കാഴ്ച്ച നടത്തുമെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം കെജ്‌രിവാളുമായുള്ള കൂടിക്കാഴ്ച്ച രാഷ്ട്രീയം മനസിലാക്കാന്‍ തന്നെ സഹായിച്ചെന്ന് കമല്‍ വ്യക്തമാക്കി. രാജ്യം നിര്‍ണായകമായ അവസ്ഥയിലൂടെ കടന്നുപോകുമ്പോള്‍ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കാനാവില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. കെജ്‌രിവാള്‍ കാണണമെന്ന് ആവശ്യപ്പെട്ടതും എത്തിയതും തനിക്ക് ലഭിച്ച ബഹുമതിയാണ്. അഴിമതിരഹിത രാജ്യമാണ് തന്റെ സ്വപ്‌നം.
രാഷ്ട്രീയപ്രവേശനത്തിന് അദ്ദേഹത്തിന്റെ ഉപദേശം തേടുമെന്നും കമല്‍ സൂചിപ്പിച്ചു. നേരത്തെ 2015ല്‍ സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് കമല്‍ഹാസന്‍ കെജ്‌രിവാളുമായി കൂടിക്കാഴ്ച്ചനടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."