പതിനേഴുകാരിയുടെ തട്ടിക്കൊണ്ടുപോകല്‍ നാടകം പൊലിസ് പൊളിച്ചടുക്കി
കരുനാഗപ്പള്ളി: പതിനേഴുകാരിയുടെ തട്ടിക്കൊണ്ട് പോകല്‍ നാടകം പൊലിസ് ഒടുവില്‍ പൊളിച്ചടുക്കി. പൊലിസ് പെണ്‍കുട്ടിയോടു ആറു മണിക്കൂറോളം വിവരങ്ങള്‍ വിശദമായി ആരാഞ്ഞപ്പോള്‍ സംഭവം പെണ്‍കുട്ടി കെട്ടിചമച്ചതാണെന്ന് ബോധ്യമായതോടെ അന്വേഷണവും നിര്‍ത്തി.
പ്ലസ്ടു വിദ്യാര്‍ഥിനിയായ തന്നെ കാറില്‍ ഒരു സംഘം തട്ടിക്കൊണ്ട് പോയെന്നും ആഭരണങ്ങള്‍ ഊരിയെടുത്ത് ഉള്ളൂര്‍ ജങ്ഷനില്‍ ഇറക്കി വിട്ടെന്നും സംഘത്തോടെപ്പം ഒരു സ്ത്രീയുമുണ്ടായിരുന്നുവെന്നും കഴിഞ്ഞദിവസം പെണ്‍കുട്ടി ഫോണിലൂടെ ബന്ധുക്കളെ അറിയിച്ചു. തിരുവനന്തപുരത്തുള്ള ബന്ധുക്കള്‍ ഉടന്‍ പെണ്‍കുട്ടി നിന്ന സ്ഥലത്തെത്തി കാര്യങ്ങള്‍ അന്വേഷിച്ചശേഷം പെണ്‍കുട്ടിയെ കരുനാഗപ്പള്ളിയിലെത്തിക്കുകയും തുടര്‍ന്ന് പൊലിസില്‍ പരാതി നല്‍കുകയും ചെയ്തു.
കേസെടുത്ത പൊലിസ് പെണ്‍കുട്ടിയെ ചോദ്യം ചെയ്തതോടെ കള്ളി വെളിച്ചത്താകയായിരുന്നു. പെണ്‍കുട്ടി പറഞ്ഞത് ഇപ്രകാരം: സംഗീതക്ലാസ് കഴിഞ്ഞുവരുന്നതിനിടെ തൊടിയൂര്‍ അരമത്ത് മഠം ജങ്ഷനില്‍ ചൊവ്വാഴ്ച്ച പകല്‍ 3ന് വാഗനാര്‍ കാറിലെത്തിയ സംഘം കാറില്‍ ബലമായി തന്നെ പിടിച്ചു കയറ്റി കൊണ്ടുപോയി. തുടര്‍ന്ന് ശരീരത്തിലണിഞ്ഞിരുന്ന സ്വണം ഊരിയെടുത്ത ശേഷം സന്ധ്യയോടെ ഉള്ളൂര്‍ ജങ്ഷനില്‍ ഇറക്കി വിട്ടു. പെണ്‍കുട്ടി പറഞ്ഞതനുസരിച്ച് പൊലിസ് അരമത്ത്മടം ജങ്ഷനില്‍ അന്വേഷണം നടത്തിയെങ്കിലും അങ്ങനെ ഒരു സംഭവം ഉണ്ടായില്ലെന്നായിരുന്നു നാട്ടുകാര്‍ പറഞ്ഞത്.
തുടര്‍ന്ന് സംശയം തോന്നിയ പൊലിസ് പെണ്‍കുട്ടിയെ വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് സംഭവദിവസം ഉച്ചയോടെ പെണ്‍കുട്ടി തിരുവനന്തപുരത്തെ ബന്ധുവീട്ടില്‍ പോകാനായി തനിയെ ബസ് കയറി പോയതാണന്നു തെളിഞ്ഞത്. പെണ്‍കുട്ടി തനിയെ ഉണ്ടാക്കിയ തട്ടികൊണ്ടു പോകല്‍ നാടകമായിരുന്നുവെന്നും വ്യക്തമായതോടെ പൊലിസ് മേല്‍നടപടികള്‍ അവസാനിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."