അനധികൃത ഭൂമി ഇടപാട്യെ; ദ്യൂരപ്പക്കെതിരായ അന്വേഷണത്തിന് സ്റ്റേ
ബംഗളൂരു: ബി.ജെ.പി നേതാവും തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്ന ബി.എസ് യെദ്യൂരപ്പക്കെതിരായി ഉയര്‍ന്ന അഴിമതി കേസിന്റെ അന്വേഷണം കര്‍ണാടക ഹൈക്കോടതി ഇന്നലെ സ്റ്റേ ചെയ്തു.
മുന്‍മുഖ്യമന്ത്രി കൂടിയായ യെദ്യൂരപ്പെക്കെതിരേ അനധികൃതമായി ഭൂമി പതിച്ചു നല്‍കിയ കേസില്‍ ആന്റി കറപ്ഷന്‍ ബ്യൂറോ നടത്തുന്ന അന്വേഷണമാണ് കര്‍ണാടക ഹൈക്കോടതി സ്റ്റേ ചെയ്തത്.
അഴിമതി നിരോധന നിയമപ്രകാരം കേസ് തെളിയിക്കാന്‍ ആവശ്യമായ വസ്തുതകളുടെ അഭാവത്തിലാണ് അന്വേഷണത്തിന് ഹൈക്കോടതി ഇടക്കാല സ്റ്റേ ഏര്‍പ്പെടുത്തിയത്.
അന്വേഷണത്തില്‍ ആവശ്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. യെദ്യൂരപ്പക്കെതിരായ പരാതി ലഭിച്ച ശേഷം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കാലതാമസം നേരിട്ടത് അന്വേഷണ സംഘത്തിന്റെ ഉദ്ദേശ ശുദ്ധിക്ക് കളങ്കമുണ്ടാക്കിയെന്നും കോടതി വ്യക്തമാക്കി.
കോണ്‍ഗ്രസ് സര്‍ക്കാര്‍ എസ്.എസ്.ബിയെ രാഷ്ട്രീയ പകപോക്കലിനാണ് ഉപയോഗിക്കുന്നത്. കര്‍ണാടക ഊര്‍ജമന്ത്രി ഡി.കെ ശിവകുമാറിന്റെ വീട്ടില്‍ ആദായനികുതി വകുപ്പ് തിരച്ചില്‍ നടത്തിയതിനുള്ള പ്രതികാരമായാണ് തനിക്കെതിരായ കേസ് കുത്തിപ്പൊക്കിയെടുത്തതെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു. മുഖ്യമന്ത്രി സിദ്ധരാമയ്യക്കു കീഴിലാണ് പൊലിസ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ രാഷ്ട്രീയ എതിരാളികളെ കേസുകളില്‍ കുടുക്കാനാണ് അദ്ദേഹം പൊലിസിനെ ഉപയോഗപ്പെടുത്തുന്നതെന്നും യെദ്യൂരപ്പ ആരോപിച്ചു.
യെദ്യൂരപ്പ കര്‍ണാടക മുഖ്യമന്ത്രിയായിരുന്ന 2008-11 വര്‍ഷത്തില്‍ അനധികൃതമായി 257 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കിയെന്നാണ് കേസ്. സാമൂഹിക സംഘടനയായ ജന സാമാന്യ വേദികയെന്ന സംഘടനയാണ് യെദ്യൂരപ്പെക്കെതിരായി ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് കേസ് നല്‍കിയിരുന്നത്. തെരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങിയിരിക്കെ ബി.ജെ.പിക്കും മുഖ്യമന്ത്രി സ്ഥാനാര്‍ഥി യെദ്യൂരപ്പക്കും താല്‍ക്കാലികാശ്വാസമായിരിക്കുകയാണ് ഈ വിധി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."