കേന്ദ്രമന്ത്രിമാരില്‍ 16 പേര്‍ സ്വത്ത് വെളിപ്പെടുത്തി; മോദിക്ക് രണ്ട് കോടിയുടെ സ്വത്ത്
ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിമാരില്‍ 16 പേരുടെ സ്വത്ത് വിവരം വെളിപ്പെടുത്തി. സര്‍ക്കാര്‍ തീരുമാനപ്രകാരമാണ് പൊതുജനങ്ങള്‍ക്ക് മുന്‍പാകെ സ്വത്ത് വിവരം വെളിപ്പെടുത്തല്‍ നടത്തിയത്. മുന്‍സാമ്പത്തിക വര്‍ഷത്തേക്കാള്‍ 27 ലക്ഷം രൂപയുടെ വര്‍ധനവാണ് 2016-17 സാമ്പത്തിക വര്‍ഷത്തില്‍ പ്രധാനമന്ത്രിക്ക് ഉണ്ടായത്.
76 മന്ത്രിമാരില്‍ 16 പേരുടെ സ്വത്തു വിവരമാണ് വെളിപ്പെടുത്തിയതെന്നും ശേഷിക്കുന്നവരുടെ സ്വത്തുക്കള്‍ സംബന്ധിച്ച് അടുത്ത ദിവസങ്ങളില്‍ വെളിപ്പെടുത്തുമെന്നുമാണ് വിവരം. കഴിഞ്ഞ ഓഗസ്റ്റ് 31ന് മുന്‍പായി മന്ത്രിമാര്‍ സ്വത്ത് വിവരം വെളിപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചിരുന്നു.
പ്രധാനമന്ത്രി മോദിക്ക് രണ്ട് കോടിയിലധികം രൂപയുടെ ആസ്തിയാണുള്ളത്. 2015-16ല്‍ 1.73 കോടിയും 2014-15ല്‍ 1.41 കോടിയുമായിരുന്നു. 1.49 കോടി രൂപ സ്ഥിര നിക്ഷേപമായുണ്ട്. 45 ഗ്രാം തൂക്കം വരുന്ന നാല് സ്വര്‍ണ മോതിരങ്ങളും മോദിക്കുണ്ട്.
കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിങ്, പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍, റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍, നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ്, വളം രാസവസ്തു മന്ത്രി അനന്ത്കുമാര്‍, ഇന്‍ഫര്‍മേഷന്‍ മന്ത്രി സ്മൃതി ഇറാനി എന്നിവരാണ് ഇന്നലെ സ്വത്ത് വിവരം വെളിപ്പെടുത്തിയത്.
ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയടക്കം ആറ് മന്ത്രിമാര്‍ നേരത്തെ തന്നെ സ്വത്ത് വിവരം വെളിപ്പെടുത്തിയിരുന്നു. പല മന്ത്രിമാരുടെയും സ്വത്തുക്കള്‍ സ്വര്‍ണമായിട്ടാണ് സൂക്ഷിച്ചിരിക്കുന്നത്. അരുണ്‍ ജെയ്റ്റ്‌ലിയുടെ ഭാര്യക്ക് 1.5 കോടിയുടെ സ്വര്‍ണമുണ്ട്. വിദേശ കാര്യമന്ത്രി സുഷമ സ്വരാജിന് 27 ലക്ഷത്തിന്റെ സ്വര്‍ണാഭരണങ്ങളുള്ളപ്പോള്‍ ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്ക് സ്വര്‍ണവും വെള്ളിയുമായി 52 ലക്ഷത്തിന്റെ ആസ്തിയാണുള്ളത്.
വ്യോമയാന മന്ത്രി അശോക് ഗണപതി രാജുവിന് 1982 മോഡല്‍ ജീപ്പും ഒരു നാനോ കാറുമുണ്ട്. സദാനന്ദ ഗൗഡക്ക് ലൈസന്‍സുള്ള തോക്കുണ്ട്. ശാസ്ത്ര-സാങ്കേതിക മന്ത്രി ഹര്‍ഷ് വര്‍ധന് ഒരു ക്ലിനിക്കുണ്ട്. രാംവിലാസ് പാസ്വാന് ദക്ഷിണ ഡല്‍ഹിയില്‍ പെട്രോള്‍ പമ്പുണ്ടെന്നും വെളിപ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."