തകര്‍ന്ന് തരിപ്പണമായി ബീനാച്ചി-കൈവട്ടമൂല റോഡ്
ബീനാച്ചി: ഈ റോഡിലൂടെ വാഹനമോടിച്ചാല്‍ എന്നും വര്‍ക്ക്‌ഷോപ്പില്‍ കൊടുക്കാനേ ഉണ്ടാവൂ, നടുവൊടിക്കുന്ന ഈ റോഡ് എന്നാണോ നന്നാവുന്നത് അന്നേ ഞങ്ങള്‍ ഓടുന്നുള്ളൂ.
ബീനാച്ചിയില്‍ നിന്നും കൈവട്ടമൂലക്ക് സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ പ്രതികരണമാണിത്. അതുകൊണ്ട് തന്നെ അവര്‍ ഈ റൂട്ടിലുള്ള സര്‍വിസ് നിര്‍ത്തിയിരിക്കുകയാണ്. സര്‍വിസ് നിര്‍ത്തിയിട്ട് ഒരു മാസത്തില്‍ ഏറെയായിട്ടും അധികൃതര്‍ക്ക് അനക്കമില്ലെന്നാണ് ഇവര്‍ പറയുന്നത്.
റോഡ് പൊട്ടിപ്പൊളിഞ്ഞ് റോഡല്ലാതായിട്ട് രണ്ടു വര്‍ഷത്തോളമായി. തകര്‍ന്നു കിടക്കുന്ന റോഡിലൂടെ യാത്ര ദുസഹമായപ്പോഴാണ് ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ റോഡ് നന്നാക്കിയിട്ട് ഓടാമെന്ന തീരുമാനത്തിലെത്തിയത്. ബീനാച്ചി, ചപ്പക്കൊല്ലി, വാകേരി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള മൂന്ന് ബസ് സര്‍വിസും കൈവട്ട മൂലവഴിയാണ് കടന്നു പോകുന്നത്.
റോഡ് ഗതാഗത യോഗ്യമല്ലെന്നിരിക്കെ ബന്ധപ്പെട്ടവരുടെ അനാസ്ഥ ഏക ആശ്രയമായ ബസ് സര്‍വീസ് കൂടി ഇല്ലാതാക്കുമോ എന്ന ഭയത്തിലാണ് നാട്ടുകാര്‍.
വിദ്യാര്‍ഥികളടക്കം നിരവധി ആളുകളുടെ ദുരിത പൂര്‍ണ്ണമായ യാത്രക്ക് പരിഹാരം കാണാന്‍ കഴിയാത്ത ബന്ധപ്പെട്ടവരുടെ നിലപാടിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."