നഷ്ടപരിഹാരത്തിനായി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുമെന്ന് എം.എല്‍.എ
ഇരിട്ടി:റാഗിങ്ങിനെതിരേ പരാതി നല്‍കിയതിന്റെ പേരില്‍ ആക്രമിക്കപ്പെട്ട ഉളിക്കല്‍ മണിപ്പാറ കോട്ടക്കകത്ത് പാനൂസിന്റെ മകന് അജയ് പാനൂസിനെ മുന്‍ മന്ത്രിയും ഇരിക്കൂര്‍ നിയോജക മണ്ഡലം എം.എല്‍.എയുമായ കെ.സി ജോസഫ് സന്ദര്‍ശിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താനും ചികിത്സാ ചിലവും നഷ്ടപരിഹാരവും ഉള്‍പ്പെടെ വാങ്ങിക്കൊടുക്കുവാനും മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുമെന്നും എം.എല്‍.എ അറിയിച്ചു. തനിക്ക് നീതി ലഭിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അജയ് പാനൂസ് കഴിഞ്ഞദിവസം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. തമിഴ്നാട് കന്യാകുമാരി വെണ്ടലിക്കോട് ബൗണ്ടണ്ട പോളിടെക്നിക് കോളജിലെ ഒന്നാം വര്‍ഷ മെക്കാനിക്കല്‍ വിദ്യാര്‍ഥിയാണ് അജയ് പാനൂസ്. വിദ്യാര്‍ഥികള്‍ റാഗിങിന്റെ പേരില്‍ തന്നെ നിരന്തരം ശല്യപ്പെടുത്തുന്നതിനെത്തുടര്ന്ന് അജയ് കോളജ് അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിനു പ്രതികാരമായാണ് അജയ്യെ വിദ്യാര്‍ഥികള്‍ മര്‍ദിച്ചത്. അക്രമത്തില്‍ അജയ്യുടെ മുഖത്തെ എല്ലു പൊട്ടുകയും കണ്ണുകള്‍ക്കും മൂക്കിനും സാരമായി പരിക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് മാര്‍ത്താണ്ഡത്തെ ആശുപത്രിയിലും കുലശേഖര പുരത്തെ മെഡിക്കല്‍ കോളജിലും ചികിത്സിച്ചെങ്കിലും പരുക്ക് സാരമുള്ളതിനാല്‍ തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയെ തുടര്‍ന്ന് നാട്ടിലെത്തിയ അജയിന്റെ ഒരു കണ്ണിന് ഇപ്പോഴും പൂര്‍ണമായ കാഴ്ച ലഭിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."