നികത്തിയ നിലം കരഭൂമിയാക്കാനുള്ള അപേക്ഷകള്‍ കുന്നുകൂടുന്നു
തിരുവനന്തപുരം: നികത്തിയ നിലം കരഭൂമിയാക്കുന്നതിനുള്ള അപേക്ഷകള്‍ കൃഷിഭവനുകളില്‍ കുന്നുകൂടുന്നു. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം സര്‍ക്കാര്‍ ഭേദഗതി ചെയ്തതിനെ തുടര്‍ന്നാണ് ഡാറ്റാ ബാങ്കില്‍വന്ന അപാകതകള്‍ തിരുത്തുന്നതിന് സര്‍ക്കാര്‍ അവസരമൊരുക്കിയത്. ഇതനുസരിച്ച് പിഴവ് ചൂണ്ടിക്കാട്ടി ഓഗസ്റ്റ് 30നകം പരാതി നല്‍കണമെന്നാണ് സര്‍ക്കാര്‍ ആദ്യം നിര്‍ദേശിച്ചിരുന്നത്. വന്‍ തിരക്കുകാരണം പിന്നീടിത് മൂന്നു മാസത്തേക്കുകൂടി നീട്ടുകയും ചെയ്തു. പരാതി സമര്‍പ്പിക്കാനുളള തിയതി നീട്ടിയെങ്കിലും ഇക്കാര്യത്തില്‍ ഇതുവരെ ഒരു നടപടിയും ആരംഭിച്ചിട്ടില്ല.
ഇത്തരത്തിലുള്ള പരാതികള്‍ പ്രാദേശിക നിരീക്ഷണ സമിതി കണ്‍വീനറായ കൃഷി ഓഫിസര്‍ക്കാണ് സമര്‍പ്പിക്കേണ്ടത്. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സമയമെടുക്കുമെന്നതിനാലാണ് പലര്‍ക്കും നിശ്ചിത തിയതിക്കുള്ളില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാതെ പോയത്. തുടര്‍ന്നാണ് തിയതി നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതും. എന്നാല്‍ സ്വീകരിച്ച അപേക്ഷകള്‍തന്നെ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് കൃഷി ഓഫിസര്‍മാര്‍. അപേക്ഷകള്‍ സ്വീകരിച്ച് തിയതിവച്ച് സൂക്ഷിക്കുകയും അതിനു രസീത് നല്‍കുകയും മാത്രമാണ് കൃഷി ഓഫിസുകളില്‍ ചെയ്യുന്നത്. രജിസ്റ്ററില്‍പോലും ഇക്കാര്യം രേഖപ്പെടുത്തുന്നില്ല. അപേക്ഷ സ്വീകരിക്കുന്നതിനുള്ള തിയതി നീട്ടിയതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും ഉത്തരവ് ഔദ്യോഗികമായി ലഭിച്ചില്ലെന്ന കാരണത്താല്‍ ചില കൃഷിഭവനുകളില്‍ അപേക്ഷ സ്വീകരിക്കുന്നുമില്ല. ഇതിനകംതന്നെ ആയിരക്കണക്കിന് അപേക്ഷകളാണ് ലഭിച്ചിരിക്കുന്നത്. ഇവയില്‍ എല്ലാം കൂടി ഒരുമിച്ച് സര്‍ക്കാര്‍ തീരുമാനമെടുക്കുമോയെന്ന ചോദ്യമാണ് ഉയരുന്നത്.
2008ല്‍ നിലവില്‍ വന്ന നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം സംബന്ധിച്ചുണ്ടായ പരാതികള്‍ പരിഹരിക്കുന്നതിന് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നിരുന്നു. 2008നു മുന്‍പു നികത്തിയ ഭൂമി വിപണിവിലയുടെ 25 ശതമാനം പിഴ അടച്ചു ക്രമപ്പെടുത്താന്‍ അനുമതി നല്‍കുന്ന ഈ ഭേദഗതി വന്‍കിടക്കാര്‍ ദുരുപയോഗം ചെയ്തുവെന്നു വിലയിരുത്തിയ ഇടതുസര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ഇത് റദ്ദാക്കിയാണ് പുതിയ ഭേദഗതി കൊണ്ടുവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."