ഒ.ടി.പി തട്ടിപ്പ്: പണം നഷ്ടപ്പെടുന്നതു തടയാന്‍ സൈബര്‍ സെല്ലുകളില്‍ സംവിധാനം
തിരുവനന്തപുരം: ഒ.ടി.പി തട്ടിപ്പുവഴി പണം നഷ്ടപ്പെട്ടവര്‍ ആദ്യ രണ്ടുമണിക്കൂറുകള്‍ക്കുള്ളില്‍ ഇക്കാര്യം പൊലിസിനെ അറിയിക്കുകയാണെങ്കില്‍ നഷ്ടപ്പെട്ട പണം വീണ്ടെടുക്കാനാവുമെന്ന് പൊലിസ്.
പണം നഷ്ടപ്പെടുന്നവര്‍ ഉടന്‍ ജില്ലാതല പൊലിസ് സൈബര്‍സെല്ലുകളെ അറിയിച്ചാല്‍ പണം നഷ്ടപ്പെടാതെ കൈമാറ്റം തടയുന്നതിനും തിരികെ ലഭിക്കുന്നതിനും നടപടി സ്വീകരിക്കും. ജില്ലാതല സൈബര്‍ സെല്ലുകളില്‍ ഇതിനുള്ള സൗകര്യമൊരുക്കിയെന്ന് സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.
അടുത്തകാലത്തായി ഓണ്‍ലൈന്‍വഴിയുള്ള പണമിടപാടുകള്‍ വര്‍ധിച്ചിട്ടുണ്ട്. അതോടൊപ്പം ഓണ്‍ലൈന്‍ വഴിയുള്ള പണം തട്ടിപ്പുകളും വര്‍ധിച്ചു. ക്രെഡിറ്റ്,ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍, ഇന്റര്‍നെറ്റ് ബാങ്കിങ് വിവരങ്ങള്‍ തുടങ്ങിയവ ഓണ്‍ലൈന്‍ പണം ഇടപാടുകള്‍ക്കുള്ള മൊബൈല്‍ ആപ്പുകള്‍ വഴിയും മറ്റു പല തരത്തിലും ചോര്‍ത്തിയെടുത്ത് അക്കൗണ്ടില്‍നിന്നു പണം ചോര്‍ത്തുന്ന സംഭവങ്ങളും വര്‍ധിച്ചുവരികയാണ്.
ഇത്തരത്തില്‍ പണം കൈമാറുമ്പോള്‍ അക്കൗണ്ട് ഉടമയാണോ പണം കൈമാറുന്നതെന്ന് ഉറപ്പാക്കാനായി ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും ഒറ്റത്തവണ ഉപയോഗിക്കാവുന്ന രഹസ്യ നമ്പര്‍ ഉപഭോക്താവിന്റെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ ഫോണിലേക്ക് അയക്കാറുണ്ട്.
ബാങ്കില്‍ നിന്നാണെന്നും മറ്റും സൂചിപ്പിച്ച് അക്കൗണ്ട് വിവരങ്ങള്‍ ശരിയാക്കുന്നതിനാണെന്ന വ്യാജേന തട്ടിപ്പുകാര്‍ ഉപഭോക്താവിനെ വിളിച്ച് ഈ ഒ.ടി.പി നമ്പര്‍കൂടി മനസ്സിലാക്കുന്നതോടെ അക്കൗണ്ടില്‍നിന്ന് പണം ചോര്‍ത്തപ്പെടുന്നു.
ഇത്തരം തട്ടിപ്പുകള്‍ക്ക് നിരവധിപേര്‍ വിധേയരാവുന്നുണ്ട്. തട്ടിപ്പുകള്‍ക്ക് ഇരയായാല്‍ ഉടനടി പൊലിസിനെ അറിയിച്ചാല്‍ നഷ്ടപ്പെട്ട പണം തിരികെ ലഭിക്കാന്‍ നടപടി സ്വീകരിക്കും. ഇത്തരം തട്ടിപ്പുകള്‍ കൈകാര്യം ചെയ്യുന്നതിന് അതത് ജില്ല സൈബര്‍ സെല്ലില്‍ പരിശീലനം ലഭിച്ച പൊലിസ് സംഘത്തെയും നിയോഗിച്ചു.
പണം കൈമാറ്റം ചെയ്തതായി ലഭിക്കുന്ന എസ്.എം.എസ് സന്ദേശം യാതൊരു കാരണവശാലും മൊബൈലില്‍നിന്നു ഡിലീറ്റ് ചെയ്യരുത്. ഒ.ടി.പി തട്ടിപ്പ് വഴി പണം നഷ്ടപ്പെടുന്നവര്‍ എത്രയും വേഗം, കഴിയുന്നതും ആദ്യ രണ്ടു മണിക്കൂറില്‍ തന്നെ, ആ വിവരം പൊലിസില്‍ അറിയിക്കണം.
പൊലിസില്‍ വിവരം ലഭിച്ചാലുടന്‍ ആ വിവരം പൊലിസ് ബാങ്ക്, മൊബൈല്‍ വാലറ്റുകളെ അറിയിക്കും. ബാങ്കിങ്,മൊബൈല്‍ വാലറ്റ് അധികൃതര്‍ ഉടനടി തന്നെ പണം കൈമാറ്റം ചെയ്യാതെ തടഞ്ഞു വയ്ക്കും.
ജില്ലാ സൈബര്‍സെല്ലുകളുടെ നമ്പര്‍
തിരുവനന്തപുരം സിറ്റി - 9497975998, തിരുവനന്തപുരം റൂറല്‍ - 9497936113, കൊല്ലം സിറ്റി - 9497960777, കൊല്ലം റൂറല്‍ - 9497980211, പത്തനംതിട്ട- 9497976001, ആലപ്പുഴ - 9497976000, കോട്ടയം - 9497976002, ഇടുക്കി - 9497976003, കൊച്ചി സിറ്റി - 9497976004, എറണാകുളം റൂറല്‍ - 9497976005, തൃശൂര്‍ സിറ്റി - 9497962836, തൃശൂര്‍ റൂറല്‍ - 9497976006, പാലക്കാട് - 94979 76007, മലപ്പുറം - 9497976008, കോഴിക്കോട് സിറ്റി - 9497976009, കോഴിക്കോട് റൂറല്‍ - 9497976010, വയനാട് - 9497976011, കണ്ണൂര്‍ - 9497976012, കാസര്‍കോട് - 9497976013.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."