സ്‌കൂള്‍ കായികോത്സവം: ലോഗോ പ്രകാശനം ഇന്ന്
കോട്ടയം: ഒക്ടോബര്‍ 20 മുതല്‍ 23 വരെ പാലാ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന 61മത് സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാകുന്നതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പാലാ സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇന്ന് ഉച്ചയ്ക്ക് 2.45ന് നടക്കുന്ന ചടങ്ങില്‍ കായിക മേളയുടെ ലോഗോ ഒളിംപ്യന്‍ കെ.ജെ മനോജ് ലാലിന് നല്‍കി ജോസ് കെ മാണി എം.പി പ്രകാശനം ചെയ്യും. മലപ്പുറം പൂക്കളത്തൂര്‍ പി.കെ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കൊമേഴ്‌സ് വിദ്യാര്‍ഥിനി ദില്‍ന ഷെറിന്‍ രൂപകല്‍പന ചെയ്ത ലോഗോയാണ് മേളയ്ക്കു വേണ്ടി തിരഞ്ഞെടുത്തിരിക്കുന്നത്. ദില്‍നയ്ക്കുള്ള പാരിതോഷികവും ചടങ്ങില്‍ നല്‍കും. 2,800 ല്‍പ്പരം വിദ്യാര്‍ഥികള്‍ മേളയില്‍ മാറ്റുരയ്ക്കും. ആകെ 95 ഇനങ്ങളിലാണ് മത്സരം. മല്‍സരാര്‍ഥികളുടെ രജിസ്‌ട്രേഷന്‍ 19ന് ആരംഭിക്കും. വിജയികള്‍ക്കുള്ള സമ്മാനത്തുക ഇരട്ടിയായി വര്‍ധിപ്പിച്ചിട്ടുണ്ട്. സംസ്ഥാന തലത്തില്‍ കൂടുതല്‍ പോയിന്റ് നേടുന്ന ആദ്യ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് 2,20,000, 1,65,000, 1,10,000 എന്നീ നിരക്കില്‍ കാഷ് അവാര്‍ഡ് നല്‍കും. ദേശീയ റെക്കോര്‍ഡ് ഭേദിക്കുന്നവര്‍ക്ക് 10,000 രൂപയാണ് സമ്മാനം. സംസ്ഥാന സ്‌കൂള്‍ റെക്കോര്‍ഡ് ഭേദിക്കുന്നവര്‍ക്ക് 4,000 രൂപയും ഓരോ വിഭാഗത്തിലുമുള്ള വ്യക്തിഗത ചാംപ്യന്‍മാര്‍ക്ക് നാല് ഗ്രാം സ്വര്‍ണ മെഡലും സമ്മാനമായി ലഭിക്കും. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 1,500, 1,250, 1,000 ക്രമത്തിലും സമ്മാനം ലഭിക്കും.
നഗരസഭാ ചെയര്‍പേഴ്‌സണ്‍ ലീന സണ്ണി, സ്‌പോര്‍ട്‌സ് ജോയിന്റ് ഡയറക്ടര്‍ ഡോ ചാക്കോ ജോസഫ്, മീഡിയ ആന്‍ഡ് പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ എസ് സന്തോഷ്, വൈസ് ചെയര്‍മാന്‍മാന്‍ ബിജു സെബാസ്റ്റ്യന്‍, കെ.വി ഫ്രാന്‍സിസ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."