അഫ്ഗാനിലേക്ക് സൈന്യത്തെ അയക്കില്ലെന്ന് അമേരിക്കയോട് ഇന്ത്യ
ന്യൂഡല്‍ഹി: അമേരിക്കന്‍ അധിനിവേഷം തകര്‍ത്ത അഫ്ഗാനിസ്ഥാനിലേക്ക് സൈന്യത്തെ അയക്കില്ലെന്നും വികസന സഹായം നല്‍കുന്നതു തുടരുമെന്നും വ്യക്തമാക്കി ഇന്ത്യ. ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ യു.എസ് പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസുമായുള്ള കൂടിക്കാഴ്ചയില്‍ കേന്ദ്രപ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ ആണ് ഇന്ത്യയുടെ നിലപാട് അറിയിച്ചത്. അധിനിവേശത്തിന്റെ കെടുതികള്‍ അനുഭവിക്കുന്ന അഫ്ഗാന്റെ പുനരുദ്ധാരണത്തിന് സാധ്യമായ സഹായങ്ങളെല്ലാം ചെയ്യാന്‍ ഇന്ത്യ തയാറാണെന്നും പ്രതിരോധമന്ത്രി അമേരിക്കയെ അറിയിച്ചു.
ഇന്ത്യ സന്ദര്‍ശിക്കുന്ന ട്രംപ് ഭരണകൂടത്തിലെ ആദ്യ അംഗമാണ് ജയിംസ് മാറ്റിസ്. തിങ്കളാഴ്ചയാണ് ജെയിംസ് മാറ്റിസ് ന്യൂഡല്‍ഹിയിലെത്തിയത്. അഫ്ഗാന്റെ പുനരുദ്ധാരണത്തില്‍ ഇന്ത്യ നല്‍കിയ സംഭാവനകളെ വിലമതിക്കുന്നുവെന്ന് പറഞ്ഞ മാറ്റിസ്, അവരുടെ ജനാധിപത്യ ഭരണക്രമവും സുരക്ഷയും കൂടുതല്‍ മികവുറ്റതാക്കുന്നതിന് ഇന്ത്യ കൂടുതല്‍ സഹായം ചെയ്യുമെന്നും പ്രതീക്ഷ പ്രകടിപ്പിച്ചു. അഫ്ഗാന്‍ വിഷയത്തില്‍ രാജ്യത്തിന്റെ നിലപാട് ഏറ്റവും വ്യക്തമായി മാറ്റിസിനെ ധരിപ്പിച്ചതായി കൂടിക്കാഴ്ചക്കു ശേഷം മാധ്യമങ്ങളെ കണ്ട പ്രതിരോധമന്ത്രി വ്യക്തമാക്കി.
നിലവില്‍ 3,000 കോടി ഡോളറിന്റെ സഹായമാണ് ഇന്ത്യ അഫ്ഗാനിസ്ഥാന് നല്‍കിയത്. കൂടാതെ, സൈനിക പരിശീലനവും മറ്റു സഹായങ്ങളും നല്‍കിവരുന്നുണ്ട്. അഫ്ഗാനിസ്ഥാനില്‍ ഇന്ത്യയുടെ ഇടപെടലുകള്‍ ഏറെ മഹത്തരമാണെന്നും ഇന്ത്യയ്ക്ക് അഫ്ഗാനില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞമാസം പറഞ്ഞിരുന്നു. ട്രംപിന്റെ പ്രസ്താവനയ്ക്ക് ശേഷം അഫ്ഗാനിസ്ഥാനില്‍ ഇന്ത്യ സൈന്യത്തെ വിന്യസിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വരികയുണ്ടായി. ഇതിനു മറുപടിയായാണ് പ്രതിരോധമന്ത്രിയുടെ പ്രസ്താവന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."