കഞ്ചാവ് പിടിക്കാന്‍ ക്വാട്ട നിശ്ചയിച്ച് ഋഷിരാജ് സിങ്
കോഴിക്കോട്: പരസ്യ മദ്യപാനത്തിനെതിരേയും നിയന്ത്രിത അളവില്‍ കൂടുതല്‍ മദ്യം കൈവശം വയ്ക്കുന്നതിനെതിരേയും കേസെടുക്കേണ്ടെന്നു നിര്‍ദേശിച്ചതിനു പിന്നാലെ കഞ്ചാവ് പിടികൂടാന്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കു ക്വാട്ട നിശ്ചയിച്ചുള്ള എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങിന്റെ പുതിയ നിര്‍ദേശം വിവാദമായി. ചൊവ്വാഴ്ച ഇറക്കിയ പുതിയ സര്‍ക്കുലര്‍ ഇന്നലെയാണു ജീവനക്കാര്‍ക്കു ലഭിച്ചത്.
കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം കൂടിയ സാഹചര്യത്തില്‍ ഒക്ടോബര്‍ മുതല്‍ നിശ്ചയിച്ച ക്വാട്ട പ്രകാരം കഞ്ചാവ് പിടികൂടണമെന്നാണു ഋഷിരാജ് സിങിന്റെ നിര്‍ദേശം.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ നിന്നു പ്രതിമാസം 40 കിലോയോ അതില്‍ കൂടുതലോ കഞ്ചാവ് പിടിക്കണം. മറ്റു ജില്ലകളെ അപേക്ഷിച്ച് താരതമ്യേന കുറഞ്ഞ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പത്തനംതിട്ട, ഇടുക്കി, കോട്ടയം, വയനാട്, കാസര്‍കോട് ജില്ലകളില്‍ നിന്നു പ്രതിമാസം 20 കിലോ കഞ്ചാവ് വീതം പിടികൂടണമെന്നും അതാതു ജില്ലകളിലെ ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍മാര്‍ക്കു നല്‍കിയ സര്‍ക്കുലറില്‍ സിങ് വ്യക്തമാക്കി. പുതിയ നിര്‍ദേശപ്രകാരം സംസ്ഥാനത്താകെ പ്രതിമാസം 460 കിലോ കഞ്ചാവ് ഒരുമാസം പിടികൂടേണ്ടതായിവരുമെന്നു ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
ജീവനക്കാരെ കൂടുതല്‍ സമ്മര്‍ദത്തിലേക്കു തള്ളിവിടുന്നതാണു കമ്മിഷണറുടെ നിര്‍ദേശമെന്നു എക്‌സൈസ് ജീവനക്കാര്‍ പറയുന്നു. അബ്കാരി വകുപ്പ് പ്രകാരം എക്‌സൈസ് രജിസ്റ്റര്‍ ചെയ്യുന്ന പൊതുസ്ഥലത്തെ പരസ്യമദ്യപാനവും നിയന്ത്രിത അളവില്‍ കൂടുതല്‍ മദ്യം കൈവശം വയ്ക്കുന്നതും പിടികൂടേണ്ടെന്ന ഋഷിരാജ് സിങ് കഴിഞ്ഞദിവസം നല്‍കിയ നിര്‍ദേശവും ജീവനക്കാരുടെ എതിര്‍പ്പ് ക്ഷണിച്ചുവരുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."