യു.എ.ഇയിലെ ഇന്ത്യക്കാരുടെ മോചനം; സുഷമയ്ക്ക് മുഖ്യമന്ത്രി കത്തയച്ചു
തിരുവനന്തപുരം: യു.എ.ഇയിലെ ഷാര്‍ജ ഒഴികെയുള്ള എമിറേറ്റുകളിലെ ജയിലുകളില്‍ കഴിയുന്ന ഇന്ത്യക്കാരുടെ മോചനം സാധ്യമാക്കാന്‍ വിദേശ മന്ത്രാലയം ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് കത്തയച്ചു.
സിവില്‍ കേസുകളില്‍ ജയിലില്‍ കഴിയുന്നവരെ മോചിപ്പിക്കാന്‍ ഇടപെടണമെന്ന് അഭ്യര്‍ഥിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് ധാരാളം നിവേദനങ്ങള്‍ സംസ്ഥാന സര്‍ക്കാരിനും വിദേശകാര്യ മന്ത്രാലയത്തിനും ലഭിക്കുന്നുണ്ട്.
ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ഖാസിമി സെപ്റ്റംബര്‍ 24 മുതല്‍ 26 വരെ കേരളം സന്ദര്‍ശിച്ചപ്പോള്‍ ഷാര്‍ജ ജയിലില്‍ കഴിയുന്നവരെ മനുഷ്യത്വപരമായ പരിഗണന നല്‍കി മോചിപ്പിക്കണമെന്ന് അഭ്യര്‍ഥിച്ചിരുന്നു.
ഈ അഭ്യര്‍ഥനയെ തുടര്‍ന്ന് 149 ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ ഷാര്‍ജ ഭരണാധികാരി ഉടന്‍ തന്നെ ഉത്തരവിടുകയുണ്ടായി. ഈ സാഹചര്യം കണക്കിലെടുത്ത് യു.എ.ഇയിലെ മറ്റ് എമിറേറ്റുകളുമായി ഇന്ത്യാ ഗവണ്‍മെന്റ് ബന്ധപ്പെടുകയാണെങ്കില്‍ ഒരുപാട് ഇന്ത്യക്കാര്‍ക്ക് മോചനം ലഭിച്ചേക്കും.
യു.എ.ഇയിലെയും മറ്റു ഗള്‍ഫ് രാജ്യങ്ങളിലെയും നയതന്ത്ര കാര്യാലയങ്ങള്‍ക്കും ഇക്കാര്യത്തില്‍ ആവശ്യമായ നിര്‍ദേശം നല്‍കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."