മുന്‍മന്ത്രി അടൂര്‍ പ്രകാശ് പതിച്ചു നല്‍കിയ 1,843 പട്ടയങ്ങള്‍ സര്‍ക്കാര്‍ റദ്ദാക്കി
തിരുവനന്തപുരം: മതസ്ഥാപനങ്ങള്‍ക്കും, വ്യക്തികള്‍ക്കും റവന്യൂ മന്ത്രിയായിരുന്ന അടൂര്‍ പ്രകാശ് പതിച്ചു നല്‍കിയ വനഭൂമിയുടെ പട്ടയം സര്‍ക്കാര്‍ റദ്ദാക്കി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് പത്തനംതിട്ട ജില്ലയിലെ കോന്നി നിയമസഭ മണ്ഡലത്തിലെ സീതത്തോട്, തണ്ണിത്തോട്, ചിറ്റാര്‍, കോന്നിതാഴം, അരുവാപ്പുലം, കലഞ്ഞൂര്‍ വില്ലേജുകളിലായി 4,835 ഏക്കര്‍ വനഭൂമി 1,843 പട്ടയങ്ങളായി 4,126 കൈവശക്കാര്‍ക്ക് പതിച്ചു നല്‍കിയത്. ഇതാണ് റവന്യൂ വകുപ്പ് റദ്ദാക്കിയത്.
ഇതില്‍ സീതത്തോട്, തണ്ണിത്തോട്, ചിറ്റാര്‍ വില്ലേജുകളിലെ പട്ടയം നല്‍കിയ ഭൂമി വനഭൂമിയാെണന്ന് വനം വകുപ്പ് ആവര്‍ത്തിച്ച് റിപ്പോര്‍ട്ട് നല്‍കിയതോടെയാണ് പട്ടയങ്ങള്‍ റദ്ദാക്കാന്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ പത്തനംതിട്ട ജില്ലാ കലക്ടര്‍ ആര്‍. ഗിരിജയ്ക്ക് നിര്‍ദേശം നല്‍കിയത്.
അടൂര്‍ പ്രകാശ് വനഭൂമി പതിച്ചു നല്‍കാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ വനം വകുപ്പ് എതിര്‍ത്തിരുന്നു. പട്ടയം നല്‍കുന്നത് വനഭൂമിയാണെന്നും കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ പതിച്ചു നല്‍കാന്‍ കഴിയില്ലെന്നും വ്യക്തമാക്കി ഡി.എഫ്.ഒ 2015 ഡിസംബറില്‍ കോന്നി തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ടും നല്‍കിയിരുന്നു. എന്നാല്‍, വനം വകുപ്പിന്റെ റിപ്പോര്‍ട്ടിനെ അവഗണിച്ച് റവന്യൂ മന്ത്രിയായിരുന്ന അടൂര്‍ പ്രകാശ് യോഗം വിളിച്ച് പട്ടയം നല്‍കാന്‍ തീരുമാനിച്ചു.
ഇതിനായി കോന്നിയില്‍ പ്രത്യേക തഹസില്‍ദാര്‍ ഓഫിസ് പ്രവര്‍ത്തിപ്പിക്കുകയും, കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 28ന് ചിറ്റാറില്‍ പട്ടയമേള നടത്തി പട്ടയം വിതരണം ചെയ്യുകയും ചെയ്തു.തണ്ണീര്‍ത്തോട് മേഖലയിലുള്ള ചര്‍ച്ചുകള്‍ക്കും, എസ്.എന്‍.ഡി.പി ശാഖകള്‍ക്കും പതിവു കൈയേറ്റക്കാരായ വ്യക്തികള്‍ക്കുമാണ് വനഭൂമി പതിച്ചു നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."