ആകാശകാഴ്ചകളുടെ വിസ്മയമൊരുക്കാന്‍ തെക്കുംകരയിലെ ചെപ്പാറ ഒരുങ്ങുന്നു
വടക്കാഞ്ചേരി: ആകാശ കാഴ്ചകളുടെ വിസ്മയമൊരുക്കാന്‍ തെക്കുംകര പഞ്ചായത്തിലെ ചെപ്പാറ ഒരുങ്ങുന്നു . ഇതിന് വേണ്ടി ടൂറിസം വകുപ്പ് 45 ലക്ഷം രൂപ അനുവദിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഒക്ടോബറില്‍ നടക്കും. അവഗണിക്കപ്പെട്ട് കിടന്നിരുന്ന ഈ ടൂറിസം കേന്ദ്രം പുതിയ വികസന മുഖം തേടുമ്പോള്‍ അത് നാടിന്റെ വികസന മുന്നേറ്റത്തിന് പുതിയ ദിശാബോധം കൈവരും. ചെപ്പാറയിലേക്ക് പുതിയ വഴി വെട്ടുന്നതിനും പദ്ധതിയുണ്ട്.
ചെപ്പാറയ്ക്ക് ചുറ്റും വെളിച്ചം വിതറാന്‍ 50 വിളക്കുകള്‍ സ്ഥാപിയ്ക്കും . ഇരിപ്പിടങ്ങള്‍ നിര്‍മിക്കുന്നതിനും പദ്ധതിയുണ്ട് . ചെപ്പാറ പരിസരത്തെ സ്വഭാവിക ജലാശയം സംരക്ഷിക്കും. ടോയ്‌ലറ്റുകള്‍ നിര്‍മിക്കുന്നതിനും പദ്ധതി തയാറാക്കി. പാറയുടെ ഉയരങ്ങളിലേക്ക് കയറുന്നതിന് പ്രത്യേക കൈവരികള്‍ നിര്‍മിക്കുന്നതാണ് മറ്റൊരു പദ്ധതി. സാഹസിക ടൂറിസത്തിന് പ്രാധാന്യം നല്‍കുന്ന വിധത്തിലാണ് ചെപ്പാറയില്‍ ക്രമീകരണം ഒരുക്കുന്നത്. ചെപ്പാറയ്ക്ക് കുറുകെ ഇരുമ്പ് വടം കെട്ടി ഊഞ്ഞാലാട്ടമടക്കമുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതിനെ കുറിച്ചും ആലോചന നടക്കുകയാണ് . പാറയോടു ചേര്‍ന്ന ചരിത്രത്തിന്റെ ഭാഗമായ മുനിയറകള്‍ സംരക്ഷിക്കുന്നതാണ് മറ്റൊരു പദ്ധതി. നൂറ്റാണ്ടുകളുടെ ചരിത്രം പേറുന്ന ഈ മുനിയറകള്‍ ഇന്ന് നാശത്തിന്റെ പിടിയിലാണ്.
ചെപ്പാറയിലേക്ക് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനും വേണ്ടിയാണ് ചെപ്പാറക്ക് മുകളിലുള്ള മൂന്ന് മുനിയറകളും സംരക്ഷിക്കുന്നത്. വന്‍ ഉയരത്തിലുള്ള പാറയ്ക്ക് മുകളില്‍ എങ്ങിനെ അറകള്‍ രൂപപ്പെട്ടുവെന്നതിനെ കുറിച്ച് പുതുതലമുറയ്ക്ക് വലിയ വിവരങ്ങളൊന്നും ഇല്ല. പഴയ തലമുറയില്‍ പെട്ടവര്‍ക്കും അത്ര ഓര്‍മകള്‍ പോര. എന്നാല്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് മുനിമാര്‍ ഈ അറകളില്‍ താമസമാക്കിയിരുന്നുവെന്നും തപസിരുന്നതായും പറയപ്പെടുന്നു. അങ്ങനെയാണ് മുനിയറകള്‍ രൂപപ്പെട്ടതെന്നും വിശ്വസിച്ച് പോരുന്നു. ഇന്ന് മുനിയറകളില്‍ രണ്ടെണ്ണം പൂര്‍ണമായും നശിച്ച നിലയിലാണ്. മണ്ണുകള്‍ അടിഞ്ഞ് കൂടിയും കല്ലുകള്‍ ഇടിഞ്ഞ് വീണുമാണ് മുനിയറകള്‍ ഇല്ലാതായത്.
ആദ്യകാലങ്ങളില്‍ ഇവിടെ വലിയ ഉത്സവങ്ങള്‍ നടന്നിരുന്നുവെന്ന് പഴമക്കാര്‍ പറയുന്നു. കല്ലംപാറ സ്വദേശിയായ ഷെയ്ഖ് ഉസ്മാന്‍ എന്നയാളുടെ നേതൃത്വത്തിലാണ് ചെപ്പാറയിലേക്ക് ഉത്സവ കാഴ്ചകള്‍ എത്തിയിരുന്നത്. ജീവനുള്ള കുതിരകളെ കൊണ്ടുവന്ന് വാദ്യമേള ഘോഷങ്ങളോടെ നിരവധി ആളുകളാണ് ഈ ഉത്സവങ്ങളില്‍ കണ്ണികളായിരുന്നത്. 78കളില്‍ നടന്നിരുന്ന ഈ ഉത്സവം ഷെയ്ക്ക് ഉസ്മാന്റെ നിര്യാണത്തോടെ നിലയ്ക്കുകയായിരുന്നു. നവീകരണത്തിന്റെ ഭാഗമായി ചെപ്പാറ മുഖം മിനുക്കുമ്പോള്‍ മുനിയറകള്‍ വിനോദ സഞ്ചാരികള്‍ക്ക് പുതിയൊരു ചരിത്ര കാഴ്ചയൊരുക്കുമെന്ന് ഉറപ്പാണ് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."