ഇ.പിയുടെ മന്ത്രിസ്ഥാനം: രാജിക്ക് മുറവിളി കൂട്ടിയവര്‍ മൗനം പാലിക്കുന്നു
കണ്ണൂര്‍: കോടതി കുറ്റവിമുക്തനാക്കിയ ഇ.പി ജയരാജന്‍ എം.എല്‍.എയ്ക്ക് മന്ത്രിസ്ഥാനം തിരിച്ചുനല്‍കുന്നതുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ അഭിപ്രായ ഭിന്നത തുടരുന്നു.
ഇ.പിക്ക് നഷ്ടപ്പെട്ട വ്യവസായ മന്ത്രിസ്ഥാനം തിരിച്ചു നല്‍കാന്‍ കണ്ണൂര്‍ ജില്ലാകമ്മിറ്റി ആവശ്യപ്പെടില്ലെന്ന് ജില്ലാസെക്രട്ടറി പി. ജയരാജന്‍ ചാനല്‍ചര്‍ച്ചയില്‍ വ്യക്തമാക്കിയതോടെയാണ് പാര്‍ട്ടിക്കുള്ളിലെ ഭിന്നത പുറത്തായത്. ഇ.പി പ്രതിനിധാനം ചെയ്യുന്ന കേന്ദ്രകമ്മിറ്റിയാണ് ഈക്കാര്യം തീരുമാനിക്കേണ്ടതെന്നായിരുന്നു ഇതുസംബന്ധിച്ച ചോദ്യത്തിന് ജയരാജന്റെ വിശദീകരണം.
ഭാര്യാസഹോദരിയായ പി.കെ ശ്രീമതിയുടെ മകന്‍ സുധീര്‍ നമ്പ്യാരെ പൊതുമേഖലാ സ്ഥാപനത്തിന്റെ എം.ഡിയായി നിയമിക്കാന്‍ അനുമതി നല്‍കിയതു വിവാദമായതിനെ തുടര്‍ന്നാണ് വ്യവസായ മന്ത്രിയായ ഇ.പി ജയരാജന്‍ പിണറായി മന്ത്രിസഭയില്‍നിന്നു പുറത്തായത്. എന്നാല്‍, ഈ കേസ് അന്വേഷിച്ച വിജിലന്‍സ് ക്ലീന്‍ ചിറ്റ് നല്‍കുകയും പിന്നീട് കോടതി എഫ്.ഐ.ആര്‍ റദ്ദാക്കുകയും ചെയ്തു. എന്നാല്‍ ജയരാജനെ തിരിച്ചെടുക്കേണ്ട വിഷയം വന്നപ്പോള്‍ പാര്‍ട്ടി മൗനം പാലിച്ചു.
ഇ.പിക്കെതിരേ ഏറ്റവും കൂടുതല്‍ വിമര്‍ശനമുയര്‍ന്നത് അദ്ദേഹത്തിന്റെ ജന്മനാടായ പാപ്പിനിശ്ശേരിയിലെ പാര്‍ട്ടി ഘടകങ്ങളില്‍നിന്നായിരുന്നു. ഏരിയാ, ജില്ലാനേതൃത്വത്തിലെ ഭൂരിഭാഗം നേതാക്കളും സംസ്ഥാനനേതൃത്വത്തിലെ പ്രമുഖരായ രണ്ടു നേതാക്കളും ഇ.പിയെ മന്ത്രിസഭയില്‍നിന്നു പുറത്താക്കണമെന്ന നിലപാടില്‍ ഉറച്ചു നിന്നു.
ഇതോടെയാണ് മന്ത്രിസഭയിലെ രണ്ടാമനും മുഖ്യമന്ത്രിയുടെ വിശ്വസ്തനുമായ ഇ.പി ജയരാജന് സ്ഥാനം ഒഴിയേണ്ടിവന്നത്.
ഇ.പി പ്രതിനിധാനം ചെയ്യുന്ന കേന്ദ്രകമ്മിറ്റിക്ക് അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കാന്‍ രഹസ്യസന്ദേശം പോയതും കണ്ണൂരില്‍ നിന്നുതന്നെയാണ്.
ഒരു സംസ്ഥാന നേതാവിന്റെ നേതൃത്വത്തിലാണ് പാര്‍ട്ടിക്കുള്ളില്‍ ആസൂത്രിത വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നടന്നത്. പാര്‍ട്ടിമെഷിനറിയെ പൂര്‍ണ്ണമായും ഇ.പിക്കെതിരേ തിരിക്കാനും അദ്ദേഹത്തിനും ഭാര്യാസഹോദരി പി.കെ ശ്രീമതി എം.പിക്കെുമെതിരേ അണികളില്‍ രോഷം വളര്‍ത്താനുമുള്ള സാഹചര്യം സൃഷ്ടിക്കാനായി. ഇതാണ് ഇ.പിയുടെ രാജിയിലേക്ക് കലാശിച്ചത്.
എന്നാല്‍, വിജിലന്‍സ് അന്വേഷണത്തില്‍ കുറ്റവിമുക്തനായപ്പോള്‍ ഇ.പി ജയരാജനു മന്ത്രിസ്ഥാനം തിരിച്ചു നല്‍കണമെന്നു പറയാന്‍ കണ്ണൂരിലെ ഒരൊറ്റനേതാവും ഇതുവരെ മുന്നോട്ടു വന്നിട്ടില്ല. സംസ്ഥാന നേതൃത്വവും ഈക്കാര്യത്തില്‍ മൗനം പാലിച്ചു. ഇതിനെ സാധൂകരിക്കുന്നതാണ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ കഴിഞ്ഞ ദിവസം ചാനല്‍ അഭിമുഖത്തില്‍ നടത്തിയ പ്രസ്താവനയെന്നും ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."