ലക്ഷ്യം വിദൂരം; പാഴാകുന്നത് 10 കോടി
ഫറോക്ക്: മത്സ്യസംസ്‌കരണ വ്യവസായങ്ങള്‍ ലക്ഷ്യമിട്ടുള്ള ബേപ്പൂരിലെ കിന്‍ഫ്രയുടെ മറൈന്‍ പാര്‍ക്ക് സാങ്കേതിക കുരുക്കില്‍പ്പെട്ട് മുടങ്ങിക്കിടക്കാന്‍ തുടങ്ങിയിട്ട് ഏഴു വര്‍ഷം പിന്നിടുന്നു. തീരദേശ നിയന്ത്രണ മേഖല നിയമമാണ് (സി.ആര്‍.സെഡ്) പാര്‍ക്ക് ആരംഭിക്കുന്നതിനു വിലങ്ങുതടിയായി നില്‍ക്കുന്നത്. ഇതോടെ ബേപ്പൂര്‍ മാറാട് കൈതവളപ്പ് തീരത്ത് 23 ഏക്കര്‍ ഭൂമിയും അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കും പ്രവേശന റോഡും നോക്കുകുത്തിയായിരിക്കുകയാണ്.
ബേപ്പൂരും പരിസര പ്രദേശങ്ങളും സി.ആര്‍.സെഡ് നിയമത്തിന്റെ പരിധിയലാണെന്ന് അറിഞ്ഞുകൊണ്ട് കോടികണക്കിനു രൂപ മുതല്‍ മുടക്കിയത് അഴിമതിക്കു വേണ്ടിയാണെന്ന ആരോപണം അന്നുതന്നെ ഉയര്‍ന്നിരുന്നു. എളമരം കരീം വ്യവസായ മന്ത്രിയായിരുന്നപ്പോഴാണ് പാര്‍ക്ക് തുടങ്ങാനുള്ള പദ്ധതി ആരംഭിച്ചത്.
ഇതിനായി 10 കോടി രൂപയുടെ പദ്ധതി ആവിഷ്‌കരിക്കുകയും ചെയ്തു. 2010 ജൂണ്‍ ഒന്നിനു ശിലാസ്ഥാപനവും നടത്തി. 1.14 കോടി രൂപ ഉപയോഗിച്ച് ചുറ്റുമതിലും അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കും പ്രവേശന റോഡും നിര്‍മിച്ചു. മത്സ്യസംസ്‌കരണ രംഗത്ത് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുകയായിരുന്ന പാര്‍ക്കിന്റെ ലക്ഷ്യം. വ്യവസായങ്ങള്‍ക്ക് ആവശ്യമായി അടിസ്ഥാന സൗകര്യമൊരുക്കി പ്ലോട്ടുകളാക്കി പാട്ടത്തിനു നല്‍കാനായിരുന്നു തീരുമാനം. ഇതിനായി പത്തോളം സംരംഭകര്‍ അപേക്ഷകളും സമര്‍പ്പിച്ചിരുന്നു.
പ്രദേശത്തെ മത്സ്യത്തൊഴിലാളികളെ ലക്ഷ്യം വച്ചുള്ള പ്രീ-പ്രൊസസിങ് യൂനിറ്റുള്‍പ്പെടെ മത്സ്യസംസ്‌കരണത്തിന്റെ വിവിധ ഘട്ടങ്ങള്‍ നടത്തുന്നതിനുള്ള മറൈന്‍ ഹബ്ബാക്കി മാറ്റാനും ആലോചനകളുണ്ടായി. എന്നാല്‍ തീരദേശമേഖല നിയന്ത്രണ നിയമം തടസമായതോടെ ലക്ഷ്യത്തിലേക്കു മുന്നേറാനായില്ല. സി.ആര്‍.സെഡ് പരിധിയില്‍ ഇളവു ലഭിക്കാത്തതിനാല്‍ പാര്‍ക്കിന്റെ നിര്‍മാണ പ്രവര്‍ത്തനം തുടങ്ങിയിടത്തു തന്നെ കിടക്കുകയാണ്. പരിസ്ഥിതി മന്ത്രാലയത്തിന്റെ രേഖകള്‍ പ്രകാരം ബേപ്പൂരും പരിസര പ്രദേശങ്ങളും ഇപ്പോഴും സി.ആര്‍.സെഡ് മൂന്ന് കാറ്റഗറിയിലാണ്. ഇതു രണ്ടിലേക്കു മാറിയാല്‍ മാത്രമെ മറൈന്‍ പാര്‍ക്കില്‍ വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ സാധിക്കു.
സി.ആര്‍.സെഡ് നിയമത്തില്‍ നിന്നു രക്ഷതേടി അധികൃതര്‍ അപേക്ഷകള്‍ നല്‍കിയെങ്കിലും യാതൊരു നടപടിയുമുണ്ടായിട്ടില്ല. തിരുവനന്തപുരത്തെ ശാസ്ത്ര ഭവനാണ് നിയന്ത്രണ മേഖലയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ട അനുമതിക്കു ശുപാര്‍ശ ചെയ്യേണ്ട നോഡല്‍ ഏജന്‍സി. ശാസ്ത്ര ഭവന്‍ മുഖേന കാറ്റഗറി മാറ്റത്തിനു കിന്‍ഫ്ര അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും ഉത്തരവുണ്ടായില്ല. ഏറെ കൊട്ടിഘോഷിച്ച് തുടക്കമിട്ട പാര്‍ക്കില്‍ സംരംഭങ്ങളൊന്നും തുടങ്ങാന്‍ കഴിയാതെ വന്നതോടെ സര്‍ക്കാരിന്റെ കോടികളാണ് പാഴായത്.
കടലോരമായ ബേപ്പൂരും മാറാടുമെല്ലാം തീരദേശ നിയന്ത്രണ മേഖല നിയമത്തിന്റെ പരിധിയാലാണെന്ന കാര്യം അധികൃതര്‍ക്ക് അറിയാവുന്നതാണ്. ഇതു മറച്ചുവച്ചു ഏക്കര്‍ കണക്കിനു ഭൂമി വാങ്ങികൂട്ടിയതിലൂടെ വന്‍ സാമ്പത്തിക തിരിമറി നടന്നതായാണ് നാട്ടുകാര്‍ പറയുന്നത്. സി.ആര്‍.സെഡ് പരിധിയില്‍ ഇളവു ലഭിച്ചാല്‍ മാത്രമെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാനാകൂവെന്നാണ് അധികൃതരുടെ വാദം. നിയമപ്രശ്‌നം മറിക്കടക്കുന്നതിനായി കിന്‍ഫ്ര അപേക്ഷ സമര്‍പ്പിക്കുന്നതല്ലാതെ ഊര്‍ജിതമായ യാതൊരു നടപടിയമുണ്ടാകുന്നില്ല. ഏഴു വര്‍ഷം പിന്നിട്ട പാര്‍ക്ക് ലക്ഷ്യം കാണാന്‍ ഇനിയുമൊരുപാട് വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."