ഔഷധ തണലില്‍ മാനന്തവാടി ജി.വി.എച്ച്.എസ്.എസ്
മാനന്തവാടി: മാനന്തവാടി ജി.വി.എച്ച്.എസ്.എസില്‍ ഇനി ബോധിവൃക്ഷങ്ങള്‍ തണലൊരുക്കും.
ജമ്മുകശ്മീരില്‍ കൂടുതലായി കണ്ടുവരുന്ന ബോധിവൃക്ഷം തന്റെ വീട്ടുവളപ്പില്‍ നട്ട് വളര്‍ത്തി ശ്രദ്ധേയനായ മാനന്തവാടി നാലാംമൈല്‍ സ്വദേശി കപ്പലുമാക്കല്‍ കുര്യന്‍ എന്ന ജൈവ കര്‍ഷകനാണ് തന്റെ വീട്ടുവളപ്പിലെ രണ്ടു മരങ്ങളില്‍ നിന്നായി ശേഖരിച്ച വിത്തുകള്‍ പാകി മുളപ്പിച്ച 30 തൈകള്‍ സ്‌കൂളിന് സംഭാവന നല്‍കിയത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് തലപ്പുഴയില്‍ താമസിച്ചിരുന്ന കാലത്ത് തവിഞ്ഞാല്‍ ഇടിക്കര സ്വദേശിയും സുഹൃത്തുമായിരുന്ന പരേതനായ രാമന്‍വൈദ്യര്‍ മുഖേനയാണ് കുര്യന് ബോധിവൃക്ഷ തൈ ലഭിച്ചത്.
ഇത് കുഴിനിലം എസ് വളവില്‍ സ്വന്തം വീട്ടില്‍ നട്ടുവളര്‍ത്തുകയായിരുന്നു. 30 വര്‍ഷങ്ങള്‍ക്ക് മുന്നേയായിരുന്നു അത്. പിന്നീട് നാലാംമൈലില്‍ കുന്തോണിക്കുന്നിലേക്ക് താമസം മാറിയപ്പോള്‍ വിത്ത്പാകി മുളപ്പിക്കുകയായിരുന്നു. ഔഷധഗുണങ്ങള്‍ ഏറെയുള്ളതാണ് മുനിപുഷ്പം, നാഗപുഷ്പം എന്നീ പേരുകളില്‍ അറിയപ്പെടുന്ന ബോധിവൃക്ഷം. ഈ വൃക്ഷം ഔഷധ സസ്യമായ ആര്യവേപ്പിന്റെ ഗുണം ചെയ്യുമെന്നാണ് പറയുന്നത്.
ഇതിന്റെ പൂവ് ആയുര്‍വേദത്തിലെ പ്രധാനപ്പെട്ട ഒരു ഔഷധമാണ്. വയനാട്ടില്‍ വളരെ അപൂര്‍വമായി മാത്രമേ ബോധിവൃക്ഷം ഇപ്പോള്‍ ഉള്ളൂ. ഏഴുവര്‍ഷം കൊണ്ട് പൂര്‍ണ വളര്‍ച്ചയെത്തി കായ്ക്കുകയും ചെയ്യും. ഒരു തൈക്ക് ഏകദേശം 150 രൂപയോളം വിലവരും.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള സ്‌കൂളിലെ ജൈവ വൈവിധ്യ പാര്‍ക്കിലേക്കാണ് മരതൈകള്‍ സംഭാവന ചെയ്തിരിക്കുന്നത്. സ്‌കൂള്‍ പരിസരത്ത് തണലിനും ഔഷധ സസ്യവും എന്ന നിലക്കാണ് സംഭാവ ചെയ്തതെന്ന് കുര്യന്‍ പറഞ്ഞു. എടവക ഗ്രാമപഞ്ചായത്തിന്റെയും മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെയും മികച്ച ജൈവകര്‍ഷകനുള്ള പുരസ്‌കാര ജേതാവും കൂടിയാണ് കുര്യന്‍. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഒ.ആര്‍ കേളു എം.എല്‍.എ വൃക്ഷത്തൈകള്‍ ഏറ്റുവാങ്ങി.
ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ അബ്ദുല്‍ അസീസ്, ഹയര്‍ സെക്കന്‍ഡറി വിഭാഗം അധ്യപകന്‍ വി.കെ ബാബുരാജ്, ഹൈസ്‌കൂള്‍ പ്രധാനാധ്യാപകന്‍ ജോണ്‍ മാത്യു, പി.ടി.എ പ്രസിഡന്റ് വി.കെ തുളസിദാസ്, പി.ടി.എ വൈസ് പ്രസിഡന്റ് എം.പി ശശികുമാര്‍ സംബന്ധിച്ചു. ഏലകൃഷി, കുരുമുളക് കൃഷി തുടങ്ങി വൈവിധ്യങ്ങളായ കൃഷികള്‍ ചെയ്യുന്ന കുര്യന്‍ സ്‌കൂള്‍ പരിസരങ്ങളില്‍ തണല്‍ മരങ്ങള്‍ വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൂടുതല്‍ വിദ്യാലയങ്ങളിലേക്ക് തൈകള്‍ സംഭാവന ചെയ്യാനുള്ള ഒരുക്കത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."