കന്നി കീരിടം കൊതിച്ച് സ്പാനിഷ് കൗമാരം
കുളിരണിഞ്ഞ പുലര്‍ കാലത്തേക്കാണ് ആദ്യ ടീമായി സ്പാനിഷ് പട പറന്നിറങ്ങിയത്.
ഇന്നലെ പുലര്‍ച്ചെ 3.10 ന് വിമാനമിറങ്ങിയ സ്പാനിഷ് സംഘം പകല്‍ ഹോട്ടലില്‍ വിശ്രമിച്ചു. വൈകിട്ട് 5.30 ഓടെ ഫോര്‍ട്ട്‌കൊച്ചി വെളി മൈതാനത്ത് പരിശീലനത്തിന് എത്തി. കൗമാര ലോകകപ്പില്‍ ഇതുവരെ ചാംപ്യന്‍പട്ടം നേടാനാവാത്ത സ്പാനിഷ് പട കന്നി കിരീടം മോഹിച്ചാണ് ഇന്ത്യയിലേക്ക് വന്നിറങ്ങിയത്.
യൂറോപ്യന്‍ അണ്ടര്‍ 17 ചാംപ്യന്‍മാരായ സ്‌പെയിന്‍ ഏറെ പ്രതീക്ഷയിലാണ്. മത്തിയോ മോറെ എന്ന ബാഴ്‌സലോണ അക്കാദമിയുടെ താരത്തിലാണ് സ്‌പെയിനിന്റെ പ്രതീക്ഷ. കളിയുടെ ഗതിയെ തന്നെ മാറ്റി മറിക്കാന്‍ കഴിവുള്ള മോറെ തന്നെയാണ് പോരാളി. കൗമാര വിശ്വപോരിന് പിന്നാലെ മോറെ ജര്‍മന്‍ വമ്പന്‍മാരായ ബയേണ്‍ മ്യൂണിക്കിന്റെ ഭാഗമാകും. അണ്ടര്‍ 17 വിഭാഗത്തില്‍ ദേശീയ ടീമിനായി 23 തവണ കളിച്ചു 19 ഗോളുകള്‍ അടിച്ചുകൂട്ടിയ ആബേല്‍ റൂയിസാണ് സ്പാനിഷ് പടയുടെ മറ്റൊരു കുന്തമുന. വെളി മൈതാനത്ത് ഗോളടിക്കാനും തടുക്കാനും പ്രതിരോധകോട്ട കെട്ടാനുമുള്ള പരിശീലനമാണ് ഇന്നലെ കോച്ച് സാന്റിയാഗോ ഡെനിയ സാഞ്ചെസ് സ്പാനിഷ് കൗമാര പടയ്ക്ക് നല്‍കിയത്.
പട്ടാളച്ചിട്ടയില്‍ കൊറിയന്‍ പട
ലോകത്തെ വിറപ്പിക്കുന്ന ഏകാധിപതി കിങ് ജോങ് ഉന്നിന്റെ കൗമാര പട കൊച്ചിയില്‍ വിമാനമിറങ്ങിയത് ആത്മവിശ്വാസത്തോടെ. ഉച്ചയ്ക്ക് 1.40 ഓടെ നെടുമ്പാശ്ശേരിയില്‍ പറന്നിറങ്ങിയ ഉത്തര കൊറിയന്‍ ടീം ഗൗരവക്കാരായിരുന്നു. അബൂദബിയില്‍ പരിശീലനം നടത്തിയാണ് കൊച്ചിയില്‍ എത്തിയത്. പനമ്പള്ളിനഗര്‍ സ്‌പോര്‍ട്‌സ് അക്കാദമി മൈതാനത്താണ് പരിശീലനം നിശ്ചയിച്ചിരുന്നത്. എന്നാല്‍, യാത്രാക്ഷീണത്തിലായിരുന്ന ടീമിന് പരിശീലകന്‍ യുന്‍ ജോങ് സണ്‍ പൂര്‍ണവിശ്രമം അനുവദിച്ചു.
സ്‌പെയിനും ബ്രസീലും നൈജറും അണിനിരക്കുന്ന ഗ്രൂപ്പില്‍ അട്ടിമറികള്‍ സൃഷ്ടിച്ച് മുന്നേറാനുള്ള തന്ത്രവുമായാണ് കൊറിയയുടെ വരവ്. വിജയങ്ങള്‍ വെട്ടി പിടിച്ച് മികവ് കാട്ടാതെ ജന്മനാട്ടിലേക്ക് മടങ്ങാനാവില്ല. ഖനികളും കല്‍തുറങ്കുമാണ് പരാജിതരെ കാത്തിരിക്കുന്നത്. ആക്രമണത്തില്‍ മികവ് കാട്ടിയും പ്രതിരോധത്തില്‍ സര്‍വസൈന്യാധിപനായും തിളങ്ങുന്ന കിം പോണ്‍ ഹ്യോക് ആണ് ഉത്തര കൊറിയയുടെ പ്രതീക്ഷയും ആവേശവും. പ്രത്യാക്രമണത്തിലൂടെ എതിരാളികളെ വീഴ്ത്താന്‍ ലക്ഷ്യമിടുന്ന യുന്‍ ജോങ് സണ്‍ മറ്റൊരു വജ്രായുധം കൈ ടാമും ആണ്.
നൈജര്‍ വിശ്രമിച്ചു
ആഫ്രിക്കന്‍ കരുത്തുമായി കന്നി ലോക കപ്പ് പോരാട്ടത്തിനായി നൈജര്‍ പറന്നെത്തിയത് വൈകിട്ട് നാലോടെയായിരുന്നു. അണ്ടര്‍ 17 ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ പുറത്തെടുത്ത മികച്ച പ്രകടനമാണ് നൈജറിനെ ഇന്ത്യയിലേക്ക് എത്തിച്ചത്. ഒന്നും നഷ്ടപ്പെടാനില്ലാത്ത ടീം. നൈജറിന്റെ ഊര്‍ജവും ആവേശവും ആക്രണമത്തിന്റെ നെടുതൂണ്‍ ഇബ്രാഹിം ബൗബക്കാര്‍ മറൗ, മധ്യനിരയിലെ കരുത്തന്‍ അബ്ദൗള്‍ കരീം ടിന്നി സന്‍ഡയുമാണ്. ഇവരിലൂടെയാണ് നൈജറിനെ മുന്നോട്ടു നയിക്കാനുള്ള തന്ത്രം ടിയെമോഗോ സൗമയ്‌ല എന്ന പരിശീലകന്‍ മെനയുന്നത്. നൈജര്‍ ഇന്നലെ പരിശീലനത്തിന് ഇറങ്ങിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."