അംബേദ്കര്‍ പറഞ്ഞുവച്ചത്
'ലോകാ സമസ്താ സുഖിനോഭവന്തു' എന്ന വിശാല ആശയം ഉദ്‌ഘോഷിക്കുന്ന ഹൈന്ദവ ദര്‍ശനം! ഏട്ടിലെ പശു പുല്ലു തിന്നില്ലെന്ന പഴമൊഴിയെ അന്വര്‍ഥമാക്കുന്ന സാഹചര്യമാണ് ഇന്ന് ഇന്ത്യയില്‍.
ഒരു ബഹുസ്വര സമൂഹത്തില്‍ നാനാത്വത്തില്‍ ഏകത്വമെന്ന ചിന്താചര്യയെ ഫാസിസം വിഴുങ്ങുന്ന അഭിശപ്തമായ കാഴ്ച തെല്ലൊന്നുമല്ല മതനിരപേക്ഷ മനസുകളെ നൊമ്പരപ്പെടുത്തുന്നത്. നാനാജാതി മതസ്ഥരും ഭാഷക്കാരും നിവസിക്കുന്ന നാടാണ് ഭാരതം. ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും ശരിയെന്ന് തോന്നുന്ന ആശയാദര്‍ശങ്ങള്‍ പ്രചരിപ്പിക്കാനും സ്വാതന്ത്ര്യം നല്‍കുന്ന ഭരണഘടനയാണ് നമ്മുടേത്.
മതവൈവിധ്യവും ആശയവൈരുധ്യങ്ങളും നിലനില്‍ക്കുന്ന ഒരു രാജ്യത്ത് സമാധാനപരമായ സഹവര്‍ത്തിത്വം രാഷ്ട്രത്തിന്റേയും രാഷ്ട്രനിവാസികളുടേയും നിലനില്‍പ്പിന് അനിവാര്യമാണ്. ഓരോ മതവിഭാഗത്തിനും തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന വിശ്വാസാദര്‍ശങ്ങളാണ് വിശ്വോത്തരമെന്ന് വിശ്വസിക്കാന്‍ സ്വാതന്ത്ര്യമുണ്ട്.
എന്നാല്‍, തങ്ങള്‍ സര്‍വോല്‍കൃഷ്ടമെന്ന് കരുതുന്ന വിശ്വാസങ്ങള്‍ക്ക് പുറത്തുള്ളതെല്ലാം നിന്ദ്യവും വര്‍ജ്യവും അതിനാല്‍ സംഹരിക്കപ്പെടേണ്ടതാണെന്നു കരുതുകയും തദനുസാരം പ്രതികരിക്കുകയും ചെയ്യുമ്പോഴാണ് സംഘര്‍ഷവും രക്തച്ചൊരിച്ചിലും ഉണ്ടാകുന്നത്.
നിറം പിടിപ്പിച്ച നുണകളുടെ ചരിത്രം മനുഷ്യചിന്തയെ തെറ്റായി ഉദ്ദീപിപ്പിക്കുകയും ഭൗതികമായി അത് വളര്‍ന്ന് സമൂഹത്തില്‍ നീറിപ്പിടിക്കുകയും ചെയ്യുന്നു. ബാബരി മസ്ജിദ് രാമജന്മഭൂമിയിലാണെന്ന അവകാശവാദം തന്നെ ഉദാഹരണം. ബാബര്‍ ഇന്ത്യയെ അക്രമിച്ചുവെന്ന് രണ്ടായിരാമാണ്ടില്‍ പരാതിപ്പെടുമ്പോള്‍, ബാബറുടെ ആക്രമണകാലത്ത് ഇന്ത്യയെന്ന രാജ്യം തന്നെ ഉണ്ടായിരുന്നില്ലെന്ന സത്യമാണ് മറന്നുപോകുന്നത്. അതുകൊണ്ടുതന്നെ ഓരോ തിരിഞ്ഞുനോട്ടവും അതിജീവനത്തിനും മുന്നേറ്റത്തിനും അത്യന്താപേക്ഷിതമാണ്.
ജീവിക്കുക, ജീവിക്കാന്‍ അനുവദിക്കുക, വിശ്വസിക്കുക, വിശ്വസിക്കാന്‍ അനുവദിക്കുക എന്ന ജനാധിപത്യപരവും നീതിനിഷ്ടവുമായ ജീവിത വീക്ഷണം ദുര്‍ബലമാകുമ്പോള്‍ സംഘട്ടനങ്ങളുടെ തത്വശാസ്ത്രം പത്തിവിടര്‍ത്തുന്നു. ജാതിഭേദവും മതദ്വേഷവും കൂടാതെ ഏവരും സോദരത്വേന വാഴുന്ന മാതൃകാരാജ്യ സങ്കല്‍പ്പത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന പ്രചാരണങ്ങള്‍ ആര്‍ക്കും ഒരു ഗുണവും ചെയ്യില്ല.
ഹൈന്ദവ ഫാസിസം അതിന്റെ അസഹിഷ്ണുതയുടെയും വിദ്വേഷത്തിന്റേയും കുന്തമുന മുഖ്യമായും തിരിച്ചുവച്ചിരിക്കുന്നത് ഒന്നാമതായി മുസ്‌ലിംകള്‍ക്കു നേരെയും രണ്ടാമതായി ദലിതര്‍ക്കുനേരേയുമാണ്. ജാതിയുടെയും ദേശീയതയുടെയും പേരില്‍ ഹൈന്ദവരെ വിഘടിപ്പിച്ച് നിര്‍വീര്യമാക്കുന്നത് മുസ്‌ലിം- ക്രൈസ്തവ-മതവിഭാഗങ്ങളാണത്രെ. എന്തൊരു യുക്തി!. ജാതി സവര്‍ണ ഹൈന്ദവതയുടെ സൃഷ്ടിയാണെന്നതും 3800ല്‍ പരം ജാതികളായി അത് തമ്മിലടിക്കുകയാണെന്നും ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്. ജാതീയ ഉച്ചനീചത്വങ്ങളുടെ ബീജാവാപം വൈദേശിക മതങ്ങളിലല്ല ഭാരതീയ മതങ്ങളുടെ വികാസപരിണാമങ്ങളിലാണ് ലീനമായിരിക്കുന്നത്. കാരണം, ആസ്തിക-നാസ്തിക ആശയധാരയാണ് ഭാരതീയ മതങ്ങളുടെ മുഖമുദ്ര. ശാക്ത, ശൈവ, വൈഷ്ണവ, സരതുഷ്ട്ര, ബൗദ്ധ-ജൈന ലിങ്കായത്ത്, അഘാര, താന്ത്രിക മതങ്ങളാല്‍ വ്യത്യസ്ത ആശയധാരകളായി അവ വിഘടിച്ചു നില്‍ക്കുന്നു. ഇവയില്‍ ചിലതിന്ന് മൃത മതങ്ങളാണെങ്കിലും അവയുടെ സ്വാധീനം ഇന്നും പ്രകടമാണ്. മാഘാലി ഗോശാലന്‍ സ്ഥാപിച്ച അജീവകമതത്തിന്റെ സംഭാവനയായ പുനര്‍ജന്മ വിശ്വാസം പോലെ അവയില്‍ പലതും ഹൈന്ദവര്‍ക്കിടയില്‍ ഇന്നുമുണ്ട്.
ഹൈന്ദവ ഐക്യം പറയുന്നവര്‍ ഭാരതീയ മത-ജാതിവ്യത്യാസം അവസാനിപ്പിച്ചുകൊണ്ട് ഹൈന്ദവ ഐക്യം വേണമെന്നോ, ഹൈന്ദവസമത്വം വേണമെന്നോ പറയാത്തതിന്റെ കാരണം ചികയേണ്ടതും ഇവിടെയാണ്. ഹൈന്ദവ മതമെന്നാല്‍ ഇന്ന് ബ്രാഹ്മണ്യ സവര്‍ണ പ്രത്യയശാസ്ത്രമാണ്. ശ്രുതികള്‍, സ്മൃതികള്‍, ശാസ്ത്രങ്ങള്‍, പുരാണങ്ങള്‍, വേദങ്ങള്‍, ഇതിഹാസങ്ങള്‍ എന്നിവയാല്‍ ആ പ്രത്യയശാസ്ത്രം മനുഷ്യമനസില്‍ ആഴത്തില്‍ ഉറച്ചിരിക്കുന്നു. അതുകൊണ്ടാണ് ബ്രാഹ്മണന്റെ ദൈവങ്ങളെ നിങ്ങള്‍ ആരാധിക്കുന്നിടത്തോളം കാലം ബ്രാഹ്മണന്‍ നിങ്ങളെ ഭരിക്കുന്നത് തുടരുമെന്ന് അംബേദ്ക്കര്‍ ചൂണ്ടിക്കാട്ടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."