'തള്ളല്‍' പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവും തള്ളന്താനവും
പൊങ്ങച്ചം പറച്ചിലും ഗീര്‍വാണവും തനിക്കാക്കി വെടക്കാക്കലും തലതിരിഞ്ഞ കലയാണ്. സോഷ്യല്‍ മീഡിയ അതിനെ 'തള്ള്' എന്ന ഓമനപ്പേരിട്ടാണ് വിളിക്കുന്നത്.
തള്ളലുകള്‍ രാഷ്ട്രീയക്കാര്‍ക്ക് പുത്തരിയല്ല. അതിജീവനത്തിന് ജീവവായുവിനേക്കാള്‍ അവര്‍ ആശ്രയിക്കുന്നത് തള്ളെന്ന മനോഹര വിടുവായിത്തങ്ങളെയാണ്. അധികാര ഭിക്ഷാംദേഹികളായി ഓരോ നിമിഷവും അവര്‍ ജീവിക്കുന്നത് പോലും ജനങ്ങളുടെ മുമ്പില്‍ തള്ളിത്തള്ളിയാണ്.
നടക്കാത്ത സ്വപ്നങ്ങളെ കുറിച്ചുള്ള ഉട്ട്യോപ്യന്‍ തള്ളലുകള്‍ എല്ലാ കാലത്തും രാഷ്ട്രീയക്കാര്‍ നടത്താറുണ്ട്. പ്രത്യേകിച്ച് പ്രധാന മന്ത്രിയാകാനുള്ള യോഗ്യത പോലും നിര്‍ണയിക്കപ്പെടുന്നത് തള്ളലിന്റെ ശക്തിക്കനുസരിച്ചാണ്. മോദിയുടെ പഴയ പ്രസംഗങ്ങള്‍ നടക്കാത്ത സ്വപ്നങ്ങളുടെ സാഗരസമാന തള്ളലുകളായിരുന്നുവെന്ന് ഇന്ന് ഏത് കൊച്ചുകുട്ടിക്കും അറിയാം. വിദേശത്തു കിടക്കുന്ന കള്ളപ്പണം പിടിച്ച് വെളുപ്പിച്ച് ഓരോ പൗരനും പതിനഞ്ച് ലക്ഷം വീതം ഉടനടി ബാങ്കില്‍ തള്ളിത്തന്ന് ഇന്ത്യയെ സ്വര്‍ഗസുന്ദരമാക്കി തീര്‍ക്കുമെന്ന വലിയ വായിലെ അന്നത്തെ വെറും തള്ളലുകളാണ് മോദിയെ എളുപ്പത്തില്‍ അധികാരത്തിലെത്തിച്ചത്.
അധികാരത്തില്‍ എത്തിയതിന് ശേഷം അത്തരം തള്ളലുകളെ പറ്റി മോദിജിക്ക് ഒരു ഓര്‍മയും ഉണ്ടായില്ല. ഓര്‍മിപ്പിച്ചവരെ നോക്കി ഞാനൊന്നുമറിഞ്ഞില്ലെന്ന മട്ടില്‍ വെറുതെ ചിരിച്ചു. പാതിരാത്രിയില്‍ നോട്ടുനിരോധനമെന്ന ഒന്നാന്തരം തള്ളല്‍ പരിഷ്‌കാരം നടപ്പില്‍ വരുത്തി രാജ്യത്തെ തന്നെ ഒരുപാട് പിന്നിലേക്ക് തള്ളിയിട്ട മനുഷ്യനെയാണോ നിങ്ങള്‍ തള്ളാന്‍ പഠിപ്പിക്കുന്നതെന്ന ഭാവം. കള്ളപ്പണം, പെട്രോള്‍ പാചകവാതക വില, ജി.എസ്.ടി, നോട്ടുനിരോധനം തുടങ്ങിയ പഴയ തള്ളലുകളെ കുറിച്ച് ചോദിച്ചാല്‍ ഈ ഭാവം ഇപ്പോള്‍ മിക്ക ബി.ജെ.പിക്കാര്‍ക്കുമുണ്ട്. എല്ലാം രാജ്യവികസനത്തിന് വേണ്ടിയാണെന്നു മാത്രം ഉറഞ്ഞു തുള്ളും. ഇത്ര ആഞ്ഞുതള്ളിയിട്ടും ഒരിഞ്ച് വികസിക്കുന്നില്ലല്ലോ എന്നു ചോദിച്ചാല്‍ 2025ല്‍ വികസിക്കുമെന്ന് തള്ളിപ്പറഞ്ഞ് ഓടി മറയും.
ഏതായാലും തള്ളല്‍ പോലെ അത്ര സുഖകരമായ പണിയല്ല ഭരണമെന്ന് ഏകദേശം ഏവര്‍ക്കും ബോധ്യപ്പെട്ടതാണ് ഏക ആശ്വാസം. അടുത്ത തവണ തള്ളാന്‍ ജനം അവസരം കൊടുക്കാതിരുന്നാല്‍ മതിയല്ലോ.
ഭാരതത്തില്‍ തുള്ളല്‍ പോലെ തള്ളലും ഒരു കലയായി രൂപാന്തരപ്പെട്ടത് മോദിജി അധികാരത്തില്‍ വന്നതോടെയാണെന്നതില്‍ സംഘമിത്രങ്ങള്‍ക്ക് അഭിമാനിക്കാം. മോദി അതിനെ വലിയ കാലയളവെടുക്കാതെ ജനപ്രിയമാക്കി അവതരിപ്പിച്ച് കൈയടി നേടിയെന്നതാണ് വലിയ കാര്യം. ഓരോ കലയും അതിന്റെ ഔന്നത്യ രൂപത്തിലെത്താന്‍ വര്‍ഷങ്ങള്‍ ചിലപ്പോള്‍ നൂറ്റാണ്ടുകള്‍ തന്നെ വേണ്ടി വരും. തള്ളലിന്റെ ഉപജ്ഞാതാവായി അദ്ദേഹത്തെ തെരഞ്ഞെടുത്തില്ലെങ്കില്‍, അത് തള്ളല്‍ ചരിത്രത്തോട് ചെയ്യുന്ന വലിയ അനീതിയാവും. പാഠ്യപപദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ട വിധം വളര്‍ന്ന് വികസിച്ചു കഴിഞ്ഞിട്ടുണ്ട് തള്ളല്‍ശാഖ.
പ്രധാനമന്ത്രിജി തന്റെ അരമനയില്‍ കുടിയിരുത്തിയ മലയാളമന്ത്രിജി വരെ നല്ല ഒന്നാന്തരം തള്ളലുകാരനാണെന്ന് തെളിയിച്ചു കഴിഞ്ഞു. മോദി മന്ത്രി സഭയില്‍ ആസനസ്ഥനായ ഉടന്‍ കണ്ണന്താനം മന്ത്രി തള്ളന്താനമായി വേഷപ്പകര്‍ച്ച നടത്തി തുള്ളിയപ്പോള്‍ ബി.ജെ.പിക്കാരുടെ വരെ കണ്ണുതള്ളിപ്പോയി. മന്ത്രിക്കുപ്പായം തയ്പ്പിച്ച് ഇന്ദ്രപ്രസ്ഥത്തിലേക്ക് കണ്ണും നട്ടിരുന്ന കുമ്മനംജി, സ്റ്റാര്‍ സൂപ്പര്‍ സുരേഷ് ഗോപിജി, ഉള്ളി സുരജി തുടങ്ങിയവരെയൊക്കെ തള്ളി മാറ്റി കുറുക്കുവഴിയിലൂടെ കണ്ണന്താനം ജി 'എന്തൊരതിശയമേ...'എന്ന പാട്ടും പാടി കേന്ദ്രമന്ത്രിയായപ്പോള്‍ ഏവര്‍ക്കും അതിശയമായിരുന്നു.
രാഷ്ട്രീയ ഗോദയില്‍ കുമ്മനംജി എതിരാളികളെ തള്ളി താഴെയിടുന്ന വിധം ഒന്നാന്തരം ബഡായികള്‍ അടിക്കാന്‍ മിടുക്കനാണ്. പോരാത്തതിന് കറകളഞ്ഞ പത്തരമാറ്റ് സംഘബന്ധുവാണ്. വെള്ളിത്തിരയില്‍ സുരേഷ്ജി ഉഗ്രന്‍ തള്ളല്‍ ഡയലോഗുകള്‍ അവതരിപ്പിച്ച് കൈയടി നേടിയ പുലിയാണ്. ഇപ്പോഴും ആഞ്ഞുതള്ളലിന് വലിയ കുറവുള്ള ആളുമല്ല.ബീഫ് കഴിക്കുന്നതിനെ കുറിച്ചൊക്കെ ഒരുപാട് തള്ളിയ 'ഷിറ്റ് 'വ്യക്തിത്വമാണ്. സുരേന്ദ്രന്‍ ജിയാവട്ടെ ഫേസ്ബുക്കില്‍ ഉള്ളിസുരയെന്ന പേരില്‍ ഉറഞ്ഞു തള്ളലില്‍ പിഎച്ച്.ഡി എടുത്ത ആളാണ്. എതിര്‍ സ്ഥാനാര്‍ഥിക്ക് വോട്ടു ചെയ്ത പരേതന്‍മാരെ കോടതിയില്‍ ഹാജരാക്കി എം.എല്‍.എ ആവുമെന്ന് പോലും തള്ളി പരിചയമുള്ള ആളാണ്. നല്ല ഒന്നാന്തരം പൊറോട്ടയും ബീഫും താന്‍ കഴിക്കുന്ന ചിത്രം പ്രചരിച്ചപ്പോള്‍ അത് ബീഫല്ല ഉള്ളിക്കറിയാണെന്ന് കൈകഴുകി തള്ളാന്‍ മാത്രം ഈ കലയില്‍ തഴക്കവും പഴക്കവും ഭൂമിമലയാളത്തില്‍ സുരജിയെ കഴിഞ്ഞേ ആര്‍ക്കുമുള്ളൂ. ഇത്രയധികം കലാമൂല്യമുള്ള തള്ളുവീരന്‍മാരെ തഴഞ്ഞ് വെറുമൊരു ഐ.എ.എസ് കണ്ണന്താനത്തെ മോദി വിളിച്ച് മന്ത്രിസഭയില്‍ എടുക്കാന്‍ എന്താണ് കാരണമെന്ന് എല്ലാ മലയാളികളും തലയില്‍ കൈവച്ച് ചോദിച്ചതാണ്. എന്നാല്‍, മന്ത്രിയായതിന് ശേഷമുള്ള കണ്ണന്താനത്തിന്റെ ആദ്യ തള്ളുകള്‍ പുറത്തുവന്നപ്പോള്‍ തന്നെ നമ്മുടെ മറ്റുതള്ളുജികള്‍ ഒന്നുമല്ല എന്നു ബോധ്യപ്പെട്ടു. തള്ളുരാജാവിന് പറ്റിയ തള്ളുമന്ത്രിയെ ലഭിച്ചതില്‍ രാജ്യത്തിന് അഭിമാനിക്കാം .
തള്ളന്താനത്തിന്റെ ഭാര്യ പോലും മികച്ച രീതിയിലാണ് തള്ളല്‍ കല അവതരിപ്പിച്ചത്. 'ചാരിയാല്‍ ചാരിയത് മണക്കും'എന്നത് അര്‍ഥവത്തായ ഒരു പഴഞ്ചൊല്ലാണല്ലോ.തള്ളില്‍ കട്ടക്കു കട്ടയാണ് ഇരുവരും. മികച്ച തള്ളിനുള്ള ദേശീയ അവാര്‍ഡ് തള്ളന്താനം കുടുംബത്തെ തേടി വന്നാലും അദ്ഭുതപ്പെടാനില്ല.
മന്ത്രിപ്പദവി കൈവെള്ളയില്‍ വന്നതു മുതല്‍ ബീഫ് മുതല്‍ പെട്രോള്‍ വരെയുള്ള സകല കാര്യങ്ങളിലും മനോഹരമായ ട്രോളുകള്‍ക്കുള്ള ഇടമാണ് രാജ്യംമുഴുവന്‍ കണ്ണന്താനം ഒരുക്കിയത്. ചായക്കട മുതല്‍ തള്ളുതുടങ്ങിയ മോദി പോലും മലയാളത്തനിമയുള്ള തള്ളലുകളില്‍ പകച്ച് പോയിട്ടുണ്ടാവും. തള്ളിത്തള്ളി കക്കൂസ് നിര്‍മിക്കാന്‍ വേണ്ടിയാണ് ഇത്ര കഷ്ടപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ എണ്ണക്കമ്പനികളുമായി ചേര്‍ന്ന് പെട്രോള്‍ വില കൂട്ടുന്നതെന്നു വരെ തള്ളിക്കളഞ്ഞു. കൂടാതെ ഡല്‍ഹിയില്‍ പോയി പഴയൊരു മോദിസ്‌റ്റൈല്‍ ശുചീകരണവും നടത്തി. മാലിന്യമില്ലാത്തിടത്ത് മാലിന്യം തള്ളിയതിന് ശേഷം ഒരു ശുചീകരണ പ്രഹസനം. പണ്ട് പച്ചില വാരിയിട്ട് വൃത്തികേടാക്കിയതിന് ശേഷം ഇതുപോലൊരു നാടകം പ്രധാനമന്ത്രിയും നടത്തിയതാണ്. തള്ളില്‍ ഇരുവരില്‍ ആരാണ് കേമനെന്ന സംശയമേ ഇപ്പോള്‍ ജനങ്ങള്‍ക്കുള്ളൂ. ഏതായാലും പെട്രോള്‍ വിലയും പാചകവാതക വിലയും എത്ര കൂടിയാലും ഇങ്ങനെ വിദൂഷകമന്ത്രി വേഷത്തില്‍ തള്ളിപ്പിടിച്ച് നില്‍ക്കാന്‍ തള്ളന്താനത്തിന് നല്ല കഴിവുണ്ട്. പണ്ട് കോണ്‍ഗ്രസ് ഭരണകാലത്ത് ഇന്ധന വില കൂടിയപ്പോള്‍ വാഹനങ്ങള്‍ തള്ളി പ്രതിഷേധിച്ച ബി.ജെ.പി നേതാക്കള്‍ ഇപ്പോള്‍ ഈ വിലവികസനം കണ്ടു കണ്ണുതള്ളി നെടുവീര്‍പ്പിടുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."