ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് കുറഞ്ഞത് ആശങ്കയ്ക്കിടയാക്കില്ലെന്ന് യൂറോപ്യന്‍ യൂണിയന്
ന്യൂഡല്‍ഹി:ഇന്ത്യയുടെ ആഭ്യന്തര മൊത്ത ഉല്പാദനം(ജി.ഡി.പി) 5.7 ശതമാനം ആയത് ആശങ്കയ്ക്ക് ഇടയാക്കുന്നതല്ലെന്ന് യൂറോപ്യന്‍ കമ്മിഷന് പ്രസിഡന്റ് ഴാങ്ക്ലോദ് ജങ്കര്‍. പല യൂറോപ്യന്‍ രാജ്യങ്ങളും കണക്കുകൂട്ടി വച്ചിരിക്കുന്നതിനെക്കാള്‍ മികച്ച വളര്‍ച്ചയാണ് ഇന്ത്യ നേടിയിരിക്കുന്നത്. ഇന്ത്യ മോശമെന്നു പറഞ്ഞിരിക്കുന്ന ജി.ഡി.പി നിരക്ക് യൂറോപ്പിനെ സംബന്ധിച്ച് മികച്ച വളര്‍ച്ചയായിട്ടാണ് വിലയിരുത്തപ്പെടുന്നത്.
യൂറോപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ 5.7 ശതമാനമെന്നത് സാമ്പത്തിക രംഗത്ത് ഇന്ത്യ മികച്ച രീതിയില്‍ മുന്നേറുന്നുവെന്നാണ് വ്യക്തമാക്കുന്നത്. സാമ്പത്തിക വളര്‍ച്ചയിലെ തിരിച്ചടിയെന്ന് ഇന്ത്യക്കാര്‍ പറയുന്നതിനെ അംഗീകരിക്കുന്നില്ലെന്നും ഇക്കാര്യം ഒരുതരത്തിലുള്ള വേവലാതിക്കും ഇടയാക്കുന്നില്ലെന്നും ജങ്കര്‍ പറഞ്ഞു. ഡല്‍ഹിയില്‍ നടന്ന 14ാം ഇന്ത്യ-യൂറോപ്യന്‍ യൂണിയന് വാര്‍ഷിക ഉച്ചകോടിയുടെ ഭാഗമായുള്ള ബിസിനസ് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂന്നു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കായ 5.7 ശതമാനത്തില്‍ ജി.ഡി.പി എത്തിയതിനെതിരേ കടുത്ത വിമര്‍ശനം നേരിടുന്ന സമയത്താണ് യൂറോപ്യന്‍ കമ്മിഷന് പ്രസിഡന്റിന്റെ വിലയിരുത്തല്‍.
ജി.എസ്.ടി ഏര്‍പ്പെടുത്തിയതോടെ ഇന്ത്യയുമായി വ്യാപാര ഇടപാടുകള്‍ കൂടുതല്‍ എളുപ്പവും സുതാര്യവുമാകുമെന്ന് യൂറോപ്യന്‍ യൂനിയന്‍ വിലയിരുത്തുന്നു. രാജ്യത്തെ സാമൂഹിക- സാമ്പത്തിക മുന്നേറ്റത്തിന് സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച യൂണിയന്, മെയ്ക് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ, സ്കില്‍ ഇന്ത്യ തുടങ്ങിയ പദ്ധതികളില്‍ പങ്കാളികളാകാനുള്ള ആഗ്രഹവും പ്രകടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."