ജുനൈദ് വധം: വിചാരണ വേഗത്തിലാക്കാന്‍ ഹൈക്കോടതി നിര്‍ദേശം
ന്യൂഡല്‍ഹി: ട്രെയിനില്‍ 16 കാരനായ ജുനൈദ് ഖാന് എന്ന മതവിദ്യാര്‍ഥി വിദ്വേശ കൊലപാതകത്തിനിരയായ കേസ് വേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി ഉത്തരവ്. കേസ് അടുത്തതവണ വാദം കേള്‍ക്കാനെടുക്കും മുന്‍പ് വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നാണ് ഫരീദാബാദ് സെഷന്‍സ് കോടതിക്ക് പഞ്ചാബ്- ഹരിയാന ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. കേസില്‍ ദിവസേന വാദം കേള്‍ക്കാനും അഞ്ചുമാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാനും ഹൈക്കോടതി ഉത്തരവിട്ടു. കേസിലെ പ്രധാനപ്രതികളിലൊരാളായ രമേശ്വര്‍ ദാസിന്റെ ജാമ്യഹരജി തള്ളിക്കൊണ്ടാണ് കോടതി ഇങ്ങനെ നിര്‍ദേശം നല്‍കിയത്. കേസില്‍ ജുനൈദിന്റെ സഹോദരന് ഹാഷിമിനു വേണ്ടി ഹാജരായ അഭിഭാഷകന് അര്ജുന് ഷിയോറണ്‍ എതിര്‍ത്തതിനെത്തുടര്‍ന്നാണ് രമേശ്വറിന്റെ ജാമ്യം കോടതി തള്ളിയത്.
ട്രെയിനില്‍ വച്ച് സംഘംചേര്‍ന്നു മര്‍ദിക്കുന്നതിനു തുടക്കമിട്ടത് രമേശ്വര്‍ ആയിരുന്നുവെന്ന് ഹാഷിമിന്റെ അഭിഭാഷകന് പറഞ്ഞു. നിയമവിരുദ്ധമായി സംഘംചേരല്‍, കലാപത്തിനു ശ്രമിക്കല്‍, മനപ്പൂര്‍വം മുറിപ്പെടുത്താനുള്ള ശ്രമം എന്നീ കുറ്റങ്ങളാണ് രമേശ്വറിനെതിരേയുള്ളത്. ചെറിയ പെരുന്നാളിന്റെ രണ്ടുദിവസം മുന്‍പാണ് ഡല്‍ഹിയില്‍ നിന്നു വസ്ത്രങ്ങളുള്‍പ്പെടെ വാങ്ങി മടങ്ങുന്നതിനിടെ 17 കാരനായ ജുനൈദ് കൊല്ലപ്പെട്ടത്. 5
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."