പഠനത്തിലെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ ഇനി 'ശ്രദ്ധ'
ചെറുവത്തൂര്‍: പഠനത്തില്‍ പിന്നോക്കാവസ്ഥയുള്ള കുട്ടികളെ മുന്‍നിരയിലെത്തിക്കാന്‍ 'ശ്രദ്ധ' എന്നപേരില്‍ പ്രത്യേക പദ്ധതി നടപ്പിലാക്കുന്നു. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ 3,5,8 ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കാണ് പരിശീലനം നല്‍കുക. മലയാളത്തിലെ പ്രയാസങ്ങള്‍ പരിഹരിക്കാന്‍ നേരത്തെ മലയാളത്തിളക്കം നടപ്പിലാക്കിയിരുന്നു. എന്നാല്‍ മലയാളത്തിനൊപ്പം ഇംഗ്ലീഷ്, ഗണിതം, ശാസ്ത്രം എന്നീ വിഷയങ്ങളില്‍ കൂടി പുതിയ പദ്ധതിയിലൂടെ കുട്ടികള്‍ക്ക് പഠനപിന്തുണ ലഭിക്കും. വിദ്യാഭ്യാസ വകുപ്പിലെ ക്യു.ഐ.പി (ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗാം) വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ശ്രദ്ധ നടപ്പിലാക്കുന്നത്.
പാദവാര്‍ഷിക പരീക്ഷയിലെ ഫലവിശകലനത്തിന്റെ അടിസ്ഥാനത്തിലാണ് പിന്തുണ നല്‍കേണ്ട കുട്ടികളെ തിരഞ്ഞെടുക്കുക. ആഴ്ചയില്‍ ഒന്നിടവിട്ട ദിവസങ്ങളിലാണ് ഇവര്‍ക്ക് പരിശീലനം നല്‍കേണ്ടത്. പഠന സമയം നഷ്ടപ്പെടുത്താതെ ഒരുമണിക്കൂര്‍ ഇതിനായി കണ്ടെത്തണം. സ്‌കൂള്‍ പി.ടി.എ, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി, ജനപ്രതിനിധികള്‍ പൂര്‍വവിദ്യാര്‍ഥികള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തിലാണ് പരിശീലനം സംഘടിപ്പിക്കേണ്ടത്.
ഒക്ടോബര്‍ 24 ന് ആരംഭിച്ചു ഫെബ്രുവരി 24 ന് അവസാനിക്കും വിധം പദ്ധതി നടപ്പിലാക്കാനാണ് നിര്‍ദേശം. പദ്ധതിയില്‍ പങ്കെടുക്കുന്ന മുഴുവന്‍ കുട്ടികളുടെയും വിവരങ്ങള്‍ പ്രത്യേക ഫയലാക്കി പ്രധാനാധ്യാപകര്‍ സൂക്ഷിക്കണം. മികച്ച പ്രവര്‍ത്തനം നടത്തുന്ന വിദ്യാലയങ്ങളെയും അധ്യാപകരെയും, വിദ്യാലയങ്ങളെയും ഉപജില്ലാ, ജില്ലാ, സംസ്ഥാന തലങ്ങളില്‍ ആദരിക്കും.
പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥര്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍, ജില്ലാ, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍, ഡയറ്റ് ഫാക്കല്‍റ്റി, എസ്.എസ്.എ ഓഫിസര്‍മാര്‍ എന്നിവരടങ്ങുന്ന സംഘം വിദ്യാലയങ്ങള്‍ സന്ദര്‍ശിക്കും. ക്യാംപുകള്‍, ക്ലാസുകള്‍ എന്നിവയിലൂടെ മുഴുവന്‍ കുട്ടികളെയും അടിസ്ഥാന ശേഷികളിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ കഴിയും എന്നതാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൂട്ടല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."