HOME
DETAILS

ഇന്ന് ലോക മാനസികാരോഗ്യദിനം: മാനസിക രോഗങ്ങളും ആത്മഹത്യയും

  
backup
October 09 2017 | 22:10 PM

15132153


വിവിധ മാനസികരോഗങ്ങളും ആത്മഹത്യയുമായി ഇഴപിരിയാത്ത ബന്ധമുണ്ട്. ആത്മഹത്യ ചെയ്യുന്നവരില്‍ 80 ശതമാനത്തിലധികം പേര്‍ക്കും മാനസികരോഗങ്ങളുണ്ടായിരുന്നതായി കാണാം. ഇതില്‍ അറുപതു ശതമാനം പേര്‍ക്കും രോഗം വിഷാദമാണെന്നും കണ്ടെത്തിയിട്ടുണ്ട്. വിഷാദരോഗം, ബൈപോളാര്‍ രോഗം, സ്‌കിസോഫ്രിനിയ, അമിത മദ്യപാനരോഗം, വ്യക്തിവൈകല്യങ്ങള്‍, ഓര്‍ഗാനിക് മാനസികരോഗങ്ങള്‍ എന്നിവയാണ് ആത്മഹത്യയുമായി ബന്ധപ്പെടുത്തി പറയാവുന്ന പ്രധാന മാനസികരോഗങ്ങള്‍. എയ്ഡ്‌സ്, അപസ്മാരം, മസ്തിഷ്‌കത്തിനുണ്ടാകുന്ന ക്ഷതം, കുടലിലെ വ്രണം, കാന്‍സര്‍ രോഗങ്ങള്‍, ഡെലീറിയം ട്രെമന്‍സ് എന്നിങ്ങനെ ശാരീരികവും മാനസികവുമായ ഘടകങ്ങളുള്ള രോഗങ്ങള്‍ക്കും ആത്മഹത്യയുമായി ബന്ധമുണ്ട്.
ആത്മഹത്യയുടെ കാരണങ്ങള്‍ വിശദമായി പഠനവിധേയമാക്കുന്നതിനുള്ള മാര്‍ഗത്തിന് 'സൈക്കോളജിക്കല്‍ ആട്ടോപ്‌സി' എന്നാണ് പറയുക. മനശ്ശാസ്ത്രപരമായ ഈ പോസ്റ്റുമോര്‍ട്ടം നടത്തുന്നത് ശവശരീരത്തിലല്ലെന്നു മാത്രം. മരണപ്പെട്ട വ്യക്തിയുടെ പൂര്‍വ്വചരിത്രവും, ചികിത്സാചരിത്രവും വിശദമായി പഠിക്കുകയും, ഉറ്റവരെയും ഉടയവരെയും കണ്ടു വിവരങ്ങള്‍ മനസ്സിലാക്കുകയുമാണ് ചെയ്യുന്നത്.
കാരണങ്ങള്‍ ഒന്നിലേറെ ഉണ്ടാകാവുന്ന അതിസങ്കീര്‍ണ്ണമായ പ്രശ്‌നമാണ് ആത്മഹത്യ. ജീവശാസ്ത്രപരവും, മാനസികവും, സാമൂഹികവും, സാംസ്‌കാരികവും, പാരിസ്ഥിതികവുമായ അനേകം പ്രശ്‌നങ്ങളുടെ പരിസമാപ്തിയാണ് ആത്മഹത്യയില്‍ കലാശിക്കുന്നത്. എന്നാല്‍ പ്രതികൂല സാഹചര്യങ്ങളുടെയും പ്രതിസന്ധികളുടെയും തീവ്രസമ്മര്‍ദ്ദം നേരിടേണ്ടിവരുന്ന എല്ലാവരും ആത്മഹത്യ ചെയ്യുന്നില്ല. ചിലര്‍ മാത്രമേ അതിനൊരുങ്ങുന്നുള്ളു. ഇത് ചൂണ്ടിക്കാണിക്കുന്നത് ശാരീരികമായ ചില ഘടനാ വൈകല്യങ്ങളാണ് ആത്മഹത്യക്കുള്ള അടിസ്ഥാന കാരണം എന്നതാണ്.
വികസിത-വികസ്വര രാജ്യങ്ങളില്‍നിന്നുള്ള പഠനങ്ങള്‍ രണ്ട് സംഗതികള്‍ വ്യക്തമാക്കുന്നു 1) ഭൂരിപക്ഷം ആത്മഹത്യകള്‍ക്കും പിന്നില്‍ (80-100) കണ്ടുപിടിച്ച് ചികിത്സിക്കത്തക്കതായ ഒരു മാനസിക തകരാറുണ്ട്, 2) മാനസിക രോഗികള്‍ക്കിടയില്‍ ആത്മഹത്യയും ആത്മഹത്യാ പ്രവണതയും കൂടുതലാണ്. ആത്മഹത്യകള്‍ കുറയ്ക്കുന്നതിന് മാനസിക രോഗങ്ങള്‍ കണ്ടുപിടിക്കലും ഉചിതമായ ചികിത്സയും വളരെ പ്രധാനപ്പെട്ട വിഷയങ്ങളാണ്.

ആത്മഹത്യാ സാധ്യത കൂടുതലുള്ള മാനസികരോഗങ്ങള്‍
(മുന്‍ഗണനാ ക്രമത്തില്‍)
1. വിഷാദരോഗം
2. അമിത മദ്യപാനം
3. സ്‌കീസോഫ്രീനിയ
4. വ്യക്തിത്വ വൈകല്യ രോഗങ്ങള്‍
5. ജനിതകമായ ഘടന വൈകല്യങ്ങള്‍
6. മറ്റു മാനസിക തകരാറുകള്‍
മിക്ക ആത്മഹത്യകള്‍ക്കു പിന്നിലും ഒരു മനോവൈകല്യമുണ്ടാകും. എന്നാല്‍ ഇവരില്‍ മിക്കവരും മനോരോഗ വിദഗ്ധന്റെയോ, മനശാസ്ത്രജ്ഞന്റെയോ സഹായം തേടാറില്ല. വികസിത രാജ്യങ്ങളില്‍പോലും ഇതുതന്നെയാണ് സ്ഥിതി.ന

വിഷാദരോഗം
ആത്മഹത്യക്ക് കാരണമാകുന്ന മാനസികരോഗങ്ങളില്‍ ഏറ്റവും പ്രധാനം വിഷാദരോഗമാണ്. 60 ശതമാനത്തോളം ആത്മഹത്യകളുടെയും കാരണം വിഷാദരോഗം തന്നെയാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. 15 ശതമാനം വിഷാദരോഗികള്‍ ആത്മഹത്യ ചെയ്യുന്നതായി കണക്കാക്കപ്പെടുന്നു. 1 മുതല്‍ 10 ശതമാനം ജനങ്ങളില്‍ വിഷാദരോഗം കണ്ടുവരുന്നു. ആശുപത്രികള്‍ സന്ദര്‍ശിക്കുന്ന രോഗികളില്‍ 70 ശതമാനത്തോളം പേര്‍ക്ക് വിഷാദരോഗമുണ്ടാകാമെന്നും കണക്കാക്കപ്പെടുന്നു. പുരുഷന്മാരില്‍ 10 ശതമാനം പേര്‍ക്കും സ്ത്രീകളില്‍ 20 ശതമാനം പേര്‍ക്കും ജീവിതത്തിലൊരിക്കലെങ്കിലും വിഷാദരോഗമുണ്ടാകുവാന്‍ സാധ്യതയുണ്ട്. ആത്മഹത്യ പുരുഷന്മാരിലാണ് കൂടുതലെങ്കില്‍ പുരുഷന്മാരെക്കാള്‍ സ്ത്രീകളിലാണ് വിഷാദരോഗം കൂടുതലായി കണ്ടുവരുന്നത്. ചികിത്സകൊണ്ട് ശമനം വരുത്താവുന്ന ഒരു രോഗമാണ് വിഷാദമെന്നിരിക്കെ ഭുരിഭാഗം പേരും ചികിത്സക്കായി ഡോക്ടറെ സമീപിക്കാറില്ലെന്നതാണ് വസ്തുത.

വിഷാദരോഗത്തിന്റെ സാമാന്യ ലക്ഷണങ്ങള്‍

1. രണ്ടാഴ്ചയില്‍ കൂടുതല്‍ ദിവസത്തില്‍ കൂടുതല്‍ സമയവും തീവ്രമായ ദുഃഖവും ഉത്കണ്ഠയും അനുഭവപ്പെടുക.
2. കാരണമില്ലാതെ കരയുക.
3. കാര്യങ്ങളില്‍ മനസ്സുറക്കാതിരിക്കുക
4. വിശപ്പു കുറയുക, ശരീരം മെലിയുക (അപൂര്‍വ്വം ചിലരില്‍ ശരീരം തടിക്കുക)
5. ഉറക്കക്കുറവ്, നേരത്തേ ഉണരുക (അപൂര്‍വ്വം ചിലരില്‍ ഉറക്കം കൂടുതല്‍)
6. എല്ലായ്‌പ്പോഴും തളര്‍ച്ചയും ക്ഷീണവും അനുഭവപ്പെടുക
7. വ്യര്‍ത്ഥത, കുറ്റബോധം, നിരാശ
8. ശ്രദ്ധ കേന്ദ്രീകരിക്കാനോ, തീരുമാനങ്ങളെടുക്കാനോ, സംഗതികളോര്‍മ്മിക്കാനോ ബുദ്ധിമുട്ടു നേരിടല്‍
9. ചിന്തകളില്‍ മരണവും ആത്മഹത്യയും കൂടെകൂടെ വരിക

മദ്യപാനവും മയക്കുമരുന്നുപയോഗവും
മദ്യപാനികള്‍ അവരുടെ ജീവിതകാലത്തിനിടയില്‍ ആത്മഹത്യ ചെയ്യാനുള്ള സാധ്യത 15 ശതമാനാണ്. പുരുഷന്മാരാണ് ഇവിടെയും മുന്നില്‍ എന്ന് പറയേണ്ടതില്ല. വര്‍ഷങ്ങളായി മദ്യം ഉപയോഗിക്കുന്നവരിലാണ് ആത്മഹത്യ കൂടുതലായി കാണുന്നത്. മദ്യപാനത്തോടൊപ്പം മറ്റു മാനസികരോഗങ്ങള്‍ കൂടെയുണ്ടെങ്കില്‍ ആത്മഹത്യാതോത് വര്‍ധിക്കും. അടുത്ത ബന്ധുവിന്റെ മരണം, തൊഴില്‍ നഷ്ടപ്പെടല്‍ തുടങ്ങിയ മാനസിക സംഘര്‍ഷമുണ്ടാകുന്ന സംഭവങ്ങളുണ്ടായാല്‍ മദ്യപാനികള്‍ക്ക് ആത്മഹത്യാപ്രവണത കൂടും.
മദ്യം മദ്യപാനിയെ മാത്രമല്ല ആത്മഹത്യയിലേക്ക് നയിക്കുന്നത്. മദ്യത്തിന്റെ ദുരിതം പേറുന്ന കുടുംബത്തിലുള്ളവരും ആത്മഹത്യ ചെയ്യുന്നു. മദ്യപാനത്തിന് ചികിത്സ നല്‍കുമ്പോള്‍ ആ വ്യക്തി മാത്രമല്ല രക്ഷപ്പെടുന്നത്, ഒരു കുടുംബം മുഴുവന്‍ രക്ഷപ്പെടുന്നു.
മദ്യവും കഞ്ചാവും കഴിഞ്ഞാല്‍ നമ്മുടെ നാട്ടില്‍ അപകടകാരിയായിക്കൊണ്ടിരിക്കുന്ന ഒരു ലഹരിവസ്തുവാണ് ഹെറോയിന്‍ അഥവാ ബ്രൗണ്‍ ഷുഗര്‍. ഹെറോയിന്‍ അഡിക്ഷന്‍ ഉള്ളവരില്‍ ആത്മഹത്യാതോത് സാധാരണ ജനങ്ങളെക്കാള്‍ 20 ഇരട്ടി കൂടുതലാണെന്നു പഠനങ്ങള്‍ തെളിയിക്കുന്നു. മരണകാരണമാകാവുന്ന അളവില്‍ മയക്കുമരുന്ന് കൈവശമുണ്ടായിരിക്കാനുള്ള സാധ്യത, സ്വയം കുത്തിവയ്ക്കുന്ന മയക്കുമരുന്നായതിനാലുള്ള അപകടം, അലക്ഷ്യമായ ജീവിതരീതി, പെട്ടെന്നുള്ള ആവേശം, സൈക്കോപതിക് വ്യക്തിത്വം എന്നിവയാണ് ഇവരില്‍ ആത്മഹത്യ വര്‍ധിപ്പിക്കുന്ന ഘടകങ്ങള്‍. മയക്കുമരുന്നിന്റെ ലഹരിയിലായിരിക്കുന്ന അവസ്ഥയിലോ, വിഷാദം പിടികൂടുമ്പോഴോ ആണ് ഇവര്‍ ആത്മഹത്യ ചെയ്യുക.

സ്‌കീസോഫ്രീനിയ
മറ്റൊരു ഗുരുതരമായ മാനസികരോഗമാണ് സ്‌കീസോഫ്രീനിയ. മനസ്സിന്റെ വൈകാരികഭാവങ്ങളെ പ്രധാനമായും ബാധിക്കുന്ന രോഗമാണ് വിഷാദവും ഉന്മാദവും എങ്കില്‍ ചിന്തകളുടെ അടുക്കും ചിട്ടയുമായ പ്രവര്‍ത്തനത്തെയും അതിനനുസരിച്ചുള്ള വികാരപ്രകടനങ്ങളുടെയും താളം തെറ്റലാണ് സ്‌കിസോഫ്രീനിയ. ഡെലൂഷനുകളും ഹാലൂസിനേഷനും ഉള്‍വലിയലും അയുക്തികമായ പെരുമാറ്റവും ഒക്കെയാണ് സ്‌കിസോഫ്രിനിയയുടെ രോഗലക്ഷണങ്ങള്‍. വളരെയധികം വൈകല്യങ്ങളുണ്ടാക്കുന്നതും, മിക്കവാറും നീണ്ടുനില്‍ക്കുന്ന സ്വഭാവമുള്ളതുമായ ഈ കഠിനരോഗം കൗമാരപ്രായത്തിലാണ് ആദ്യമായി പ്രത്യക്ഷപ്പെടുക. വ്യക്തിക്കും കുടുംബത്തിനും സമൂഹത്തിനും കനത്ത കഷ്ടനഷ്ടങ്ങളുണ്ടാക്കുന്ന ഈ രോഗം ഒരു പ്രധാന പൊതുജനാരോഗ്യപ്രശ്‌നമാണെന്നതിനു സംശയമില്ല. 10 ശതമാനത്തോളം സ്‌കിസോഫ്രിനിയ രോഗികള്‍ ആത്മഹത്യ ചെയ്യുന്നതായി കണ്ടുവരുന്നു. രോഗാരംഭത്തിനുശേഷം ആദ്യവര്‍ഷങ്ങളിലാണ് ആത്മഹത്യ കൂടുതലായി കണ്ടുവരുന്നത്. ആത്മഹത്യ ചെയ്യുന്നവരില്‍ ഇത്തരക്കാരായ 50 ശതമാനം പേരും നേരത്തേ ആത്മഹത്യാശ്രമങ്ങള്‍ നടത്തിയിരുന്നതായി കാണാം. 75 ശതമാനം പേരും അവിവാഹിതരായ പുരുഷന്മാരാണെന്നതാണ് മറ്റൊരു പ്രത്യേകത.
താഴെ പറയുന്ന തരക്കാരില്‍ സ്‌കിസോഫ്രീനിയ നിമിത്തമുള്ള ആത്മഹത്യകള്‍ കൂടാം.
തൊഴിലില്ലാത്ത ചെറുപ്പക്കാര്‍
രോഗബാധയുടെ തുടക്കത്തിലുള്ളവര്‍
സ്‌കീസോഫ്രീനയയോടൊപ്പം വിഷാദം കൂടിയുള്ളവര്‍
കൂടെക്കൂടെ രോഗനില മോശമാകുന്നവര്‍
സംശയപ്രകൃതം കൂടുതലുള്ള സ്‌കിസോഫ്രീനിയ ഉള്ളവര്‍

വ്യക്തിത്വ വൈകല്യ രോഗങ്ങള്‍
പ്രധാനമായും രണ്ടുമൂന്നു തരം വ്യക്തിത്വവൈകല്യങ്ങളുള്ളവരാണ് കൂടുതലായും ആത്മഹത്യ ചെയ്യുന്നതായി കണ്ടുവരുന്നത്. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരും, കുറ്റം ചെയ്യുകയും എന്നാല്‍ അതിനെ തുടര്‍ന്ന് കുറ്റബോധമില്ലാത്തവരും, അനുഭവങ്ങളില്‍നിന്ന് പാഠം പഠിക്കാത്തവരും, മറ്റുള്ളവരുടെ വേദനയില്‍ ദുഃഖം തോന്നാത്തവരും, അസാന്മാര്‍ഗ്ഗിക പ്രവര്‍ത്തികളിലും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്നവരും, സാമൂഹ്യനിയമങ്ങള്‍ പാലിക്കാത്തവരുമാണ് 'ആന്റിസോഷ്യല്‍ അഥവാ സൈക്കോപതിക്' വ്യക്തിത്വ വൈകല്യമുള്ളവര്‍. ഇക്കൂട്ടരില്‍ മദ്യപാനവും മയക്കുമരുന്നുപയോഗവും കൂടുതലായി കണ്ടുവരുന്നു. വിഷാദരോഗവും ഇവരില്‍ കൂടുതലാണ്.
മാനസികരോഗസമുച്ചയങ്ങളായ 'ന്യൂറോസിസി' ന്റെയും, 'സൈക്കോസിസി' ന്റെയും വരമ്പത്തു നില്‍ക്കുന്ന വ്യക്തിത്വങ്ങളാണ് 'ബോര്‍ഡര്‍ലൈന്‍' വ്യക്തിത്വമുള്ളവര്‍. സ്ഥിരതയില്ലാത്ത ചിന്തയും വികാരങ്ങളും പെരുമാറ്റവുമാണ് ഇവരുടെ പ്രത്യേകത. സ്വന്തം സ്വത്വത്തെക്കുറിച്ചുള്ള ധാരണയും ഇവര്‍ക്ക് സ്ഥിരമല്ല. മറ്റുള്ളവരുമായുള്ള ബന്ധങ്ങളിലും ഈ സ്ഥിരതയില്ലായ്മ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. സദാ ദിവാസ്വപ്‌നം കാണുന്നവരും ഉറ്റവരോടും ഉടയവരോടും എന്നല്ല ആരോടും വൈകാരികമായ ബന്ധവും അടുപ്പവും ഉണ്ടാക്കാത്തവരുമാണ് 'സ്‌കിസോയ്ഡ്' വ്യക്തിവൈകല്യം ഉള്ളവര്‍. ഉപരിതലത്തില്‍ മാത്രം ലൈംഗിക താല്‍പര്യം പ്രകടിപ്പിക്കുന്നവരും, സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ മറ്റുള്ളവരെ മെരുക്കിയെടുക്കാന്‍ കഴിവുള്ളവരും ആണ് 'ഹിസ്റ്റിരിയോണിക്' വ്യകിത്വ വൈകല്യം ഉള്ളവര്‍. പ്രകടനാത്മകതയാണ് ഇവരുടെ മുഖമുദ്ര.

അഡ്ജസ്റ്റ്‌മെന്റ് ഡിസോര്‍ഡര്‍
പ്രതിസന്ധികളുമായി പൊരുത്തപ്പെടാനുള്ള പ്രയാസമാണ് ഈ അസുഖത്തിന്റെ പ്രധാന ലക്ഷണം. ജീവിതത്തില്‍ പലരും പലതരം പ്രതിസന്ധികള്‍ നേരിടാറുണ്ട്. കുടുംബ മാനസിക സമ്മര്‍ദ്ദത്തിന് ഇടയാക്കുന്ന സന്ദര്‍ഭങ്ങളും ഇത്തരം സാഹചര്യങ്ങളില്‍ ഉടലെടുത്തേക്കാം. ഭൂരിഭാഗം പേര്‍ക്കും ഇതുമായി പൊരുത്തപ്പെടാന്‍ കഴിയുന്നു. അല്ലെങ്കില്‍ പ്രയാസം മറികടക്കാനുള്ള വഴികള്‍ കണ്ടുപിടിക്കുന്നു. എന്നാല്‍ ചിലര്‍ക്ക് അത് താങ്ങാനാവുന്നില്ല. അഡ്ജസ്റ്റ്‌മെന്റ് ഡിസോര്‍ഡര്‍ കൂടുതലായും സ്ത്രീകളിലാണ് കാണപ്പെടുന്നത്.

സംശയരോഗം
സംശയരോഗങ്ങളില്‍ പ്രത്യേകിച്ചും പങ്കാളിയുടെ ചാരിത്ര്യത്തെ സംശയമുള്ള ഭര്‍ത്താക്കന്മാരും ഭാര്യമാരും തന്റെ പങ്കാളിയുടെ ദുര്‍മാര്‍ഗ സഞ്ചാരത്തെക്കുറിച്ച് ഓര്‍മ്മിച്ചെടുത്ത് നിസംഗമായി ആത്മഹത്യയില്‍ ശരണം തേടാറുണ്ട്. സംശയമുള്ള വ്യക്തി പങ്കാളിയേയും കുട്ടികളേയും ആത്മഹത്യക്ക് പ്രേരിപ്പിച്ചോ, കൊന്നോ പ്രശ്‌നങ്ങള്‍ സ്വയം മറികടക്കാറുണ്ട്.

പോസ്റ്റ് പാര്‍ട്ടം സൈക്കോസിസ്
പ്രസവശേഷം സ്ത്രീകളില്‍ കണ്ടുവരുന്ന ഒരു മാനസിക രോഗമാണിത്. ഇത്തരം സ്ത്രീകള്‍ കടുത്ത വൈകാരിക സമ്മര്‍ദത്തിന് അടിമപ്പെടാറുണ്ട്. അത് ആത്മഹത്യയിലേക്കും കുഞ്ഞിനെ അപായപ്പെടുത്തുന്ന അവസ്ഥയിലേക്കും എത്തിച്ചേരാറുണ്ട്.

ഇമോഷണല്‍ ഇന്റലിജന്‍സ് (ഇ.ഐ.)
ആത്മഹത്യകളുടെ മറ്റൊരു പ്രധാന മാനസിക കാരണം മാനസിക കഴിവുകളിലെ പ്രത്യേകിച്ച് ഇമോഷണല്‍ ഇന്റലിജന്‍സിന്റെ കുറവാണ്. കുടുംബ വഴക്കുമൂലം ആത്മഹത്യ ചെയ്തു, സാമ്പത്തിക പരാധീനതമൂലം ആത്മഹത്യ ചെയ്തു എന്നൊക്കെ പറയുമ്പോഴും പലരും സമാനമായ സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്നുണ്ട്. പക്ഷേ, അവരെല്ലാം ആത്മഹത്യ ചെയ്യുന്നില്ല. ചിലര്‍ മാത്രം അതിനു മുതിരുന്നു. മറ്റുള്ളവര്‍ ഇത്തരം പ്രതിസന്ധികളെ നേരിടുന്നു, സാഹചര്യവുമായി പൊരുത്തപ്പെടുന്നു. പിടിച്ച് നില്‍ക്കുന്നു.
വൈകാരിക ബുദ്ധിയുള്ളവര്‍ക്ക് പലപ്പോഴും പ്രതിസന്ധികളില്‍ പിടിച്ചു നില്‍ക്കാനാകും. എന്നാല്‍ വൈകാരിക ബുദ്ധിക്കുറവുള്ളവര്‍ ചെറിയ മാനസിക വിഷമം ഉണ്ടായാല്‍തന്നെ തളര്‍ന്നുപോകുന്നു. തന്റെതന്നെ വികാരങ്ങളെ മനസ്സിലാക്കാനും നിയന്ത്രിക്കാനും വേണ്ട രീതിയില്‍ ഉപയോഗിക്കാനുമുള്ള കഴിവ്, മറ്റൊരാളുടെ വികാരങ്ങളേയും സാഹചര്യങ്ങളേയും മനസ്സിലാക്കാനും അതിനനുസരിച്ച് പെരുമാറാനുമുള്ള കഴിവ്, ഹൃദ്യമായ രീതിയില്‍ സുഹൃത്ത്ബന്ധങ്ങള്‍ ഉണ്ടാക്കാനും, കാത്തുസൂക്ഷിക്കാനുമുള്ള കഴിവ്, ജീവിതത്തില്‍ സ്വീകാര്യമായ ലക്ഷ്യങ്ങള്‍ കണ്ടെത്തി അതിനെ മുന്‍നിര്‍ത്തി പ്രയാണം ചെയ്യാനുള്ള കഴിവ്, പ്രതിസന്ധികളെ നേരിടാനുള്ള കഴിവ് ഇവയെല്ലാം ഇമോഷണല്‍ ഇന്റലിജന്‍സില്‍ പെടുന്നു.
ആത്മഹത്യ ചെയ്യുന്നവരില്‍ ഇ.ഐ. വളരെ കുറവാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇ.ഐ. കുറവുള്ളവര്‍ക്ക് തന്റെ വികാരങ്ങളെ നിയന്ത്രിക്കാനോ, പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനോ തുറന്നു പറയാനോ പറ്റുന്നില്ല. പലപ്പോഴും അവര്‍ക്ക് നല്ല സുഹൃത്ബന്ധം ഉണ്ടാവുന്നില്ല. അവര്‍ വേദന കടിച്ചമര്‍ത്തി മാനസിക സംഘര്‍ഷത്തിലേക്ക് വഴുതി വീഴുന്നു.

(കോഴിക്കോട് കെ.എം.സി.ടി. മെഡിക്കല്‍ കോളജ്, പ്രഫസര്‍ ഓഫ് സൈക്യാട്രിയാണ് ലേഖകന്‍)

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുരന്തഭൂമിയിലെ ഉദ്യോഗസ്ഥ ധൂർത്ത്; പല ബില്ലുകളും മുമ്പേ മാറിയെന്ന് സൂചന

Kerala
  •  a month ago
No Image

വിഡിയോ പാലക്കാട്ടെ പ്രചാരണായുധമാക്കി യു.ഡി.എഫ്

Kerala
  •  a month ago
No Image

പേജര്‍ ആക്രമണത്തിന് പിന്നില്‍ ഇസ്‌റാഈല്‍ തന്നെ; സമ്മതിച്ച് നെതന്യാഹു

International
  •  a month ago
No Image

കുട്ടികളുടെ ഇന്റർനെറ്റ് ദുരുപയോഗം: പൊലിഞ്ഞത് 38 ജീവൻ

Kerala
  •  a month ago
No Image

ചേലക്കരയിൽ വർഗീയ ലഘുലേഖയുമായി ന്യൂനപക്ഷ മോർച്ച: രാഷ്ട്രീയ ഇസ്ലാമിനെതിരെ വോട്ട് ചെയ്യണമെന്ന് ആഹ്വാനം

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-10-11-2024

PSC/UPSC
  •  a month ago
No Image

റഷ്യൻ തലസ്ഥാനത്തെ ലക്ഷ്യമിട്ട് യുക്രൈൻ ഡ്രോൺ ആക്രമണം; തൊടുത്തത് 34 ഡ്രോണുകൾ

International
  •  a month ago
No Image

വനിതാ സുഹൃത്ത് ബൈക്കിൽ നിന്ന് വീണു മരിച്ചു, യുവാവ് അറസ്റ്റിൽ

National
  •  a month ago
No Image

ഭോപ്പാൽ; മലയാളി സൈനികൻ താമസ സ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

latest
  •  a month ago
No Image

ഹൈ വോൾട്ടേജ് ഇലക്ട്രിക് ടവറിന്‍റെ ഏറ്റവും മുകളിൽ കയറി യുവാവിൻ്റെ നൃത്താഭ്യാസം; താഴെയിറക്കിയത് രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിൽ

National
  •  a month ago