നഴ്‌സിങ്, എഞ്ചിനീയറിങ് മേഖലകളിലെ വിദേശ കുത്തക അവസാനിപ്പിക്കണം -സഊദി ശൂറാ കൗണ്‍സില്‍
റിയാദ്: സഊദിലെ നഴ്‌സിങ്, എഞ്ചിനീയറിങ് മേഖലയിലെ വിദേശ കുത്തക അവസാനിപ്പിക്കണമെന്ന് സഊദി ശൂറാ കൗണ്‍സില്‍ തൊഴില്‍ മന്ത്രാലയത്തോട് നിര്‍ദേശിച്ചു. ഈ രണ്ടു മേഖലകളിലും വിദേശികള്‍ കുത്തകയാക്കി വെച്ചിരിക്കുകയാണെന്നും കൂടുതല്‍ സഊദികളെ മേഖലയിലേക്ക് കൊണ്ട് വന്നു വിദേശ കുത്തകക്ക് തടയിടണമെന്നുമാണ് ശൂറാ കൗണ്‍സില്‍ നിര്‍ദേശം. തൊഴില്‍ മന്ത്രാലയത്തിന്റെ വര്‍ഷാവലോകന റിപ്പോര്‍ട്ടിലാണ നിര്‍ദേശം.
വിദേശികളെ പിരിച്ച് വിട്ട്പകരം പരമാവധി സ്വദേശികളെ നിയമിക്കണമെന്ന് ശൂറാ അംഗം ഡോ:നാസിര്‍ അല്‍ ഖര്‍ദീസ് പറഞ്ഞു.ഇത്തരത്തില്‍ പിരിച്ചു വിടുന്നവരെ കയറ്റി അയക്കണമെന്നും സ്‌പോണ്‍സര്‍ഷിപ്പോ, പ്രൊഫഷന്‍ മാറ്റമോ അനുവദിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചില തൊഴിലുകള്‍ വിദേശകുത്തകയാണ് കാണുന്നത്. സ്വദേശി വല്‍ക്കരണം ശക്തമാക്കാന്‍ അതവസാനിപ്പിക്കല്‍ അത്യന്താപേക്ഷിതമാണ്. എന്നാല്‍, എഞ്ചിനീയറിങ്, നഴ്‌സിംങ് മേഖലയൊഴികെ ഏതെല്ലാം മേഖലകളാണ് ഇങ്ങനെ വിദേശ കുത്തക ഉള്ളതെന്നു വ്യക്തമാക്കിയിട്ടില്ല.
അതേസമയം, രാജ്യത്തെ എഞ്ചിനീയര്‍മാരില്‍ 92 ശതമാനവും വിദേശികളാണെന്നു സര്‍ക്കാര്‍ പുറത്തു വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. രാജ്യത്ത് 28 ലക്ഷം എഞ്ചിനീയര്‍മാരുണ്ടെന്നും ഇതില്‍ 25 ലക്ഷവും വിദേശികളാണെന്നും ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് (ഗോസി) കണക്കുകള്‍ വ്യക്തമാക്കുന്നു. സഊദി എഞ്ചിനീയര്‍മാരില്‍ പുരുഷന്മാര്‍ രണ്ടു ലക്ഷവും ബാക്കി വനിതകളുമാണ്. എന്നാല്‍, വനിതാ എഞ്ചിനീയര്‍മാരില്‍ കുത്തക സഊദി വനിതകള്‍ക്കാണ്. രാജ്യത്ത് ആകെ 20200 വനിതാ എഞ്ചിനീയര്‍മാരില്‍ 17400 പേര്‍ സഊദി വനിതകളാണ്. ബാക്കിയുള്ളവരില്‍ വെറും 2843 വിദേശ എഞ്ചിനീയര്‍മാരാണുള്ളത്. അടുത്ത കാലത്തായി എഞ്ചിനീയര്‍ മേഖലയില്‍ റിക്രൂട്ട്‌മെന്റിന് സഊദിയില്‍ കര്‍ശന നിയന്ത്രണങ്ങളാണ് തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."