പദ്ധതി നിര്‍വഹണരീതിയില്‍ പൊളിച്ചെഴുത്ത്
തിരുവനന്തപുരം: വാര്‍ഷിക പദ്ധതി നിര്‍വഹണത്തില്‍ വന്‍ പൊളിച്ചെഴുത്ത് നടത്തി സര്‍ക്കാര്‍. 93 ശതമാനം പദ്ധതികള്‍ക്കും ഭരണാനുമതി നല്‍കാന്‍ തീരുമാനിച്ചു. അവശേഷിക്കുന്ന 7 ശതമാനം പദ്ധതികള്‍ക്ക് ഈ മാസം തന്നെ ഭരണാനുമതി നല്‍കും.
2017-18 വര്‍ഷത്തേക്ക് 34,538 കോടിയുടെതാണ് കേരളത്തിന്റെ വാര്‍ഷിക പദ്ധതി. ഇതില്‍ 20,272 കോടി രൂപ സംസ്ഥാന വിഹിതം.
ഇതിന്റെ 40.37 ശതമാനമാണ് ഇതുവരെ ചെലവഴിച്ചത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വിഹിതം 6,227 കോടി രൂപയും കേന്ദ്രാവിഷ്‌കൃത പദ്ധതി വിഹിതം 8,039 കോടി രൂപയുമാണ്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി ചെലവ് 21 ശതമാനമാണ്. കഴിഞ്ഞവര്‍ഷം ഈ കാലയളവില്‍ ഒരു ശതമാനം മാത്രമായിരുന്നു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ചെലവ്.
കേന്ദ്രാവിഷ്‌കൃത പദ്ധതിയില്‍ ചെലവ് 29 ശതമാനം. മുന്‍ വര്‍ഷം 17 ശതമാനം. മൊത്തം പദ്ധതി അടങ്കലിന്റെ (34,538 കോടി രൂപ) 34 ശതമാനമാണ് ഇതുവരെ ചെലവഴിച്ചത്. മുന്‍വര്‍ഷം 16 ശതമാനം മാത്രമായിരുന്നു മൊത്തം ചെലവ്.
സാമ്പത്തിക വര്‍ഷത്തിന്റെ അവസാനമാകുമ്പോള്‍ എങ്ങനെയെങ്കിലും പണം ചെലവഴിക്കുന്ന പദ്ധതി നിര്‍വഹണ രീതിക്കാണ് സര്‍ക്കാര്‍ അറുതി വരുത്തിയത്. ഓരോ മൂന്നു മാസം കൂടുമ്പോഴും മുഖ്യമന്ത്രി നേരിട്ട് പദ്ധതി അവലോകനം ചെയ്യും.
ഈ മാസം തന്നെ മുഴുവന്‍ പദ്ധതികള്‍ക്കും ഭരണാനുമതി നല്‍കിക്കഴിയുന്നതുകൊണ്ട് നടപ്പാക്കാന്‍ ആറുമാസം കിട്ടുന്നു. പദ്ധതി നിര്‍വഹണത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുന്നു എന്നതാണ് ഇതിന്റെ പ്രധാന നേട്ടം.
വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പദ്ധതികളില്‍ പൊതുമരാമത്ത് വകുപ്പിന് ചുമതലയുളള കെട്ടിടനിര്‍മാണ രംഗത്താണ് കാലതാമസം പ്രധാനമായി വരുന്നത്. എസ്റ്റിമേറ്റ് തയാറാക്കുന്നതിനും ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനും മാസങ്ങള്‍ എടുക്കുന്നു.
വില്ലേജ് ഓഫിസ് പോലുളള ചെറിയ കെട്ടിടങ്ങള്‍ മുതല്‍ വലിയ ബഹുനില കെട്ടിടങ്ങള്‍ വരെ ഇത്തരം കാലതാമസം നേരിടുന്നു. അതുകൊണ്ട് തന്നെ ഒരു വര്‍ഷത്തെ പദ്ധതിയില്‍ അനുവദിക്കുന്ന കെട്ടിടങ്ങളുടെ പണി പൂര്‍ത്തിയാക്കാന്‍ ഒന്നോ രണ്ടോ വര്‍ഷങ്ങളെടുക്കുന്ന സ്ഥിതിയാണ്.
പൊതുമരാമത്ത് വകുപ്പിന് തന്നെ മേല്‍നോട്ട ചുമതല നിലനിര്‍ത്തിക്കൊണ്ട് ഈ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാനാവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് ചീഫ് സെക്രട്ടറി കെ.എം എബ്രഹാമിനെ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയിട്ടുണ്ട്.
നബാര്‍ഡ് വഴിയുളള ഗ്രാമീണ പശ്ചാത്തല സൗകര്യവികസന ഫണ്ടിനുളള പദ്ധതികള്‍ നേരത്തെ തയാറാക്കാന്‍ എല്ലാ വകുപ്പുകളോടും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ധനമന്ത്രി തോമസ് ഐസക്, ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാം, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരായ നളിനി നെറ്റോ, വി.എസ് സെന്തില്‍, മുഖ്യമന്ത്രിയുടെ ഓഫിസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി എം. ശിവശങ്കര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."