എ.ടി.എം കവര്‍ച്ചാ സംഘത്തിന്റെ പ്രവര്‍ത്തനം ബള്‍ഗേറിയ കേന്ദ്രീകരിച്ച്
തിരുവനന്തപുരം: എ.ടി.എം തട്ടിപ്പുസംഘത്തിന്റെ പ്രവര്‍ത്തനം ബള്‍ഗേറിയ കേന്ദ്രമാക്കിയെന്ന് മുഖ്യപ്രതി റൊമേനിയന്‍ സ്വദേശി ഗബ്രിയേല്‍ മരിയന്‍. അതീവ സാങ്കേതികപരിജ്ഞാനമുള്ളവരടങ്ങിയ സംഘത്തിലെ കണ്ണിമാത്രമാണ് താനെന്നും ഗബ്രിയേല്‍ മൊഴിനല്‍കി.
തിരുവനന്തപുരത്ത് തട്ടിപ്പ് നടത്തുന്നതിനായി തലസ്ഥാനത്തെ 30ഓളം എ.ടി.എം കൗണ്ടറുകളില്‍ പരിശോധന നടത്തി. സുരക്ഷാവീഴ്ച ബോധ്യപ്പെട്ടതോടെ ആല്‍ത്തറയിലെ എസ്.ബി.ഐ എ.ടി.എമ്മില്‍ വിവരങ്ങള്‍ ചോര്‍ത്താനുള്ള ഇലക്ട്രോണിക് ഉപകരണം സ്ഥാപിക്കുകയായിരുന്നു. ജൂണ്‍ 30നും ജൂലൈ 12നും ഇടയില്‍ വെള്ളയമ്പലത്തെ എസ്.ബി.ടി എ.ടി.എമ്മില്‍ നാലുതവണയാണ് ഇലക്ട്രോണിക് ഉപകരണം ഘടിപ്പിച്ചത്.
ഇത്തരത്തില്‍ ബാങ്ക് നെറ്റ്‌വര്‍ക്കിലേക്കുള്ള കോഡ് മനസിലാക്കി എ.ടി.എമ്മില്‍നിന്ന് 400 പേരുടെ അക്കൗണ്ട് വിവരങ്ങളാണു ചോര്‍ത്തിയത്. തുടര്‍ന്ന് കോഡ്ഭാഷയിലുള്ള വിവരങ്ങള്‍ ബള്‍ഗേറിയയിലുള്ള സംഘത്തിന് കൈമാറുകയായിരുന്നുവെന്നും ഗബ്രിയേല്‍ മൊഴിനല്‍കി.
എ.ടി.എം കവര്‍ച്ചയില്‍ ഇതുവരെ എട്ടു ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടതായി അന്വേഷണസംഘം പറഞ്ഞു.
വ്യാഴാഴ്ച പിന്‍വലിച്ച 47,800 രൂപ ഉള്‍പ്പെടെയാണിത്. അതേസമയം, സംസ്ഥാനത്തെ മുഴുവന്‍ എസ്.ബി.ടി എ.ടി.എമ്മുകളുടെയും സി.സി.ടി.വി ദൃശ്യങ്ങള്‍ ബാങ്ക് അധികൃതര്‍ പരിശോധിക്കുകയാണ്.
ഗബ്രിയേലിന്റെ അറസ്റ്റിന് ശേഷവും പണംപിന്‍വലിക്കല്‍ തുടരുന്നതിനാല്‍ തട്ടിപ്പുസംഘത്തില്‍ ഒരാള്‍ കൂടിയുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. ഇയാളുടെ വിളിപ്പേരല്ലാതെ മറ്റു വിവരങ്ങളൊന്നുമറിയില്ലെന്നാണു ഗബ്രിയേല്‍ അന്വേഷണസംഘത്തിന് മൊഴിനല്‍കിയിരിക്കുന്നത്. മുംബൈയില്‍ തുടരുന്ന ഇയാളെ പിടികൂടാനുള്ള ശ്രമം അന്വേഷണസംഘം ഊര്‍ജിതമാക്കി.
മുംബൈയില്‍ ഇപ്പോഴും മൂന്നംഗ പൊലിസ് സംഘം തുടരുന്നുണ്ട്. വിവരങ്ങള്‍ വിമാനത്താവളങ്ങള്‍ക്കു കൈമാറിയിട്ടുള്ളതിനാല്‍ ഇയാള്‍ക്കു രാജ്യംവിടാന്‍ കഴിയില്ലെന്നാണു പൊലിസിന്റെ പ്രതീക്ഷ. സംഘത്തിലെ മൂന്നുപേര്‍ രാജ്യംവിട്ടതായി പൊലിസ് സ്ഥിരീകരിച്ചിട്ടുണ്ട്. അതിനിടെ, മുഖ്യപ്രതി ഗബ്രിയേല്‍ മരിയനെ ഈ മാസം 22വരെ പൊലിസ് കസ്റ്റഡിയില്‍വിട്ടു. തിരുവനന്തപുരം ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."