ഇറാന്‍ ആണവകരാറിനെ തള്ളിപ്പറഞ്ഞ ട്രംപിന്റെ നിലപാട് സ്വാഗതം ചെയ്തു സഊദി അറേബ്യ
റിയാദ്: അമേരിക്ക നേരത്തെ ഇറാനുമായി ഒപ്പു വെച്ച ആണവകരാര്‍ റദ്ദാക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്തു സഊദി അറേബ്യ. 2015 ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയാണ് ചരിത്ര പ്രധാനമായ ആണവക്കരാറില്‍ ഇറാനുമായി ചേര്‍ന്ന് ഒപ്പു വെച്ചത്. എന്നാല്‍ ഈ കരാറിനെ കഴിഞ്ഞ ദിവസം ട്രംപ് ഔദ്യോഗികമായി തള്ളി പറയുകയും കരാറിലെ വ്യവസ്ഥകള്‍ ഇറാന്‍ പാലിക്കുന്നില്ലെന്നും ആത്യന്തികമായി കരാര്‍ താന്‍ റദ്ദാക്കുമെന്നുമാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇറാന്റെ ദ്രോഹ പരമായ പെരുമാറ്റത്തിനെതിരെ ട്രംപ് നടത്തിയ നിര്‍ണ്ണായകമായ തീരുമാനം ഉള്‍കൊള്ളുന്ന പ്രസ്താവനയെ തങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്നു സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മേഖലയിലെയും അമേരിക്കയുമായി ബന്ധപ്പെട്ടു രാജ്യങ്ങളുടെയും സുരക്ഷക്കായുള്ള ട്രംപിന്റെ വ്യക്തമായ നിലപാടാണ് ഇത് വ്യക്തമാക്കുന്നതെന്നും സഊദി വിലയിരുത്തി. ട്രംപിന്റെ ഉറച്ച നയതന്ത്ര നിലപാടിനെ സ്വാഗതം ചെയ്യുന്നതായി സഊദി വ്യക്തമാക്കി. അതേസമയം, ട്രംപിന്റെ പ്രസ്താവനയിലും നിലപാടിലും യൂറോപ്യന്‍ യൂണിയന്‍ കടുത്ത നിരാശ പ്രകടിപ്പിച്ചു.
ട്രംപിന്റെ പ്രസ്താവനക്ക് പിന്നാലെ ഇറാന്‍ റവലിയൂഷനറി ഗാര്‍ഡിനെ അമേരിക്കന്‍ ട്രഷറി ഡിപ്പാര്‍ട്ടമെന്റ് ഉപരോധ പട്ടികയില്‍ ഏര്‍പ്പെടുത്തി പ്രഖ്യാപനം നടത്തി. ഇറാന്‍ റവലിയൂഷനറി ഗാര്‍ഡുമായി കൂടുതല്‍ ബന്ധമുള്ള ചൈനീസ് കമ്പനിയടക്കം നാല് കമ്പനികളെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇറാന്റെ സാമ്പത്തിക മേഖലയില്‍ റവലിയൂഷനറി ഗാര്‍ഡ് ശക്തമായ ഘടകമാണ്. ഇതുപയോഗിച്ചാണ് ഇറാന്‍ അന്താരാഷ്ട്ര തലത്തില്‍ തീവ്രവാദത്തിനും യുദ്ധത്തിനും നേതൃത്വം നല്‍കുന്നതെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."