വിജയത്തിളക്കം കുറഞ്ഞിട്ടില്ല
വേങ്ങരയിലും വെന്നിക്കൊടി പാറിപ്പറപ്പിച്ച് യു.ഡി.എഫ് മുന്നോട്ട്. വിജയം സാങ്കേതികം മാത്രമെന്നത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ആചാര്യന്‍ ഇ.എം.എസ് പറഞ്ഞു വച്ച തന്ത്രം. വോട്ട് കുറഞ്ഞു എന്നത് ലീഗും യു.ഡി.എഫും പരിശോധിക്കേണ്ട കാര്യമാണ്.പക്ഷേ, ലളിതമായ ഒരു വിലയിരുത്തലില്‍ വോട്ട് കുറഞ്ഞില്ലെന്ന് ബോധ്യമാവും. കുഞ്ഞാലിക്കുട്ടിയല്ലല്ലോ കെ.എന്‍.എ ഖാദര്‍ എന്ന് വിലയിരുത്തിയാല്‍ ഖാദറിന്റെ വിജയത്തിളക്കം വ്യക്തമാകും
പി കെ കുഞ്ഞാലിക്കുട്ടി മുസ്‌ലിം ലീഗിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയാണ്.ദേശീയ സംസ്ഥാന തലത്തിലെ രണ്ടാമന്‍ .കേരളത്തിലെ ഏറ്റവും ജനപ്രിയനേതാവ്. മുസ്‌ലിം ലീഗ് അണികളുടെ അത്താണി.ലീഗ് പ്രവര്‍ത്തകര്‍ വിശ്വാസത്തിലെടുക്കുന്ന അവസാന വാക്ക് .അദ്ദേഹത്തിന് ലഭിച്ച വോട്ട് മറ്റാര്‍ക്കും ലഭിച്ചു കൂടാ. അങ്ങനെ ലഭിച്ചാല്‍ ജനാധിപത്യ മതേതര കേരളത്തിന്റെ മനസില്‍ കുഞ്ഞാലിക്കുട്ടി എന്ന ഭീമന്‍ വീണുടഞ്ഞു എന്നാണര്‍ഥം. അങ്ങനെ സംഭവിക്കുന്നത് പൊറുക്കാനാവില്ല, കുറഞ്ഞ പക്ഷം മുസ് ലീഗ് അണികള്‍ക്കെങ്കിലും.
കുഞ്ഞാലിക്കുട്ടിയോളം ജനപ്രിയനായ, മണ്ഡലത്തില്‍ സ്വാധീനമുള്ള ഒരു നേതാവ് ലീഗിലെന്നല്ല ഒരു പാര്‍ട്ടിയിലുമില്ല. എത്ര വലിയ നേതാവായാലും ഏത് സാധാരണക്കാരനും പ്രാപ്യനാണദ്ദേഹം. എന്തും എപ്പോഴും ചെന്ന് പറയാം, കഴിയുന്നതെല്ലാം ആര്‍ക്കും ചെയ്തു കൊടുക്കും.ഈ വ്യക്തി ബന്ധം കൊണ്ട് കിട്ടുന്ന വോട്ടാണ് വേങ്ങരയില്‍ കുറഞ്ഞത് .
മുസ്‌ലിം ലീഗ് ദേശീയ പ്രസിഡന്റായിരുന്ന വിശ്വ പൗരന്‍ ഇ. അഹമ്മദിന് കിട്ടിയ വോട്ട് കുഞ്ഞാലിക്കുട്ടിക്ക് പാര്‍ലമെന്റിലേക്ക് ലഭിച്ചില്ല എന്നതും ശ്രദ്ധേയമാണ്.വോട്ടര്‍മാര്‍ വെറും കഴുതകളാണെന്ന ധാരണ തെറ്റാണെന്ന് ഈ വസ്തുതയും വ്യക്തമാക്കുന്നു.
കെ.എന്‍.എ ഖാദര്‍ മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്നു നോമിനേഷന്‍ നല്‍കുമ്പോള്‍. നേരത്തെ സംസ്ഥാന സെക്രട്ടറിമാരില്‍ ഒരാളായിരുന്നു. വിവേകമുള്ള വേങ്ങരക്കാര്‍ ഇത് കൊണ്ടൊന്നുമല്ല ഖാദറിന് ഇത്ര വലിയ വോട്ട് നല്‍കിയത്.മികച്ച പാര്‍ലമെന്റേറിയനെന്ന പേര് സ്വന്തമാക്കാന്‍ കഴിഞ്ഞ നേതാവാണ് അദ്ദേഹം എന്ന് ഇതിനകം തെളിയിച്ചിട്ടുണ്ട്
എസ് ഡി പി ഐ ക്ക് വോട്ട് കൂടി എന്ന പ്രചാരണം ശരിയല്ല. 2014ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് 9058 വോട്ടുകള്‍ കിട്ടിയിരുന്നു.അതും ഇ.അഹമ്മദിനെപ്പോലെ വലിയ ഒരു നേതാവ് മത്സരിച്ചപ്പോള്‍ .അതിനേക്കാള്‍ വോട്ടുകള്‍ കുറയുകയാണ് ഇപ്പോള്‍ ചെയ്തത്.ആകെ വോട്ടും പോള്‍ ചെയ്ത വോട്ടും നന്നായി വര്‍ധിക്കുകയും ചെയ്തു.എസ്.ഡി.പി.ഐ സാന്നിധ്യം നിസാരവല്‍ക്കരിക്കുകയല്ല. ബി.ജെ.പി യേക്കാള്‍ വോട്ടുകള്‍ നേടിയത് ഒരു ചെറിയ കാര്യമല്ല. ഈ വോട്ടുകള്‍ ലീഗിനും യു.ഡി.എഫിനും ലഭിക്കേണ്ടതാണ്. തീവ്രവാദ വിരുദ്ധ പ്രചാരണത്തിന് ആക്കം കൂട്ടുകയും മുസ്‌ലിം ദലിത് ന്യൂനപക്ഷ ഐക്യത്തിന് ശക്തി പകരുകയും ചെയ്യേണ്ടത് ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണ്.മുസ്‌ലിം ലീഗ് നേതൃത്വം ഇതിനായി നന്നായി വിയര്‍ക്കാന്‍ തയാറാകണം
ബി.ജെ.പി കേരളം പിടിക്കാന്‍ ജാഥ സംഘടിപ്പിക്കുകയും ദേശീയ പ്രസിഡന്റിനെ കൊണ്ടുവരികയുംചെയ്തു.ജാഥമണ്ഡലത്തിലുമെത്തി. സി.പി.എമ്മിനെതിരേ ശക്തമായ കൊലവിളിയുണ്ടായി.ന്യൂനപക്ഷ വോട്ടുകള്‍ സി.പി.എമ്മിലേക്ക് തിരിച്ചുവിടാനുള്ള ഒരു തന്ത്രമായിരുന്നോ ഇതെന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റപ്പെടുത്താനാവില്ല. കാരണം ഈ കളിയൊക്കെകളിച്ചിട്ടും ബി .ജെ .പി ക്ക് വോട്ട് കുറയുകയും എല്‍.ഡി.എഫിന് കൂടുകയും ചെയ്തു. നഷ്ടപ്പെട്ട വോട്ടുകള്‍ ബി.ജെ.പി ഇഷ്ടദാനമായി സി.പി.എമ്മിന് നല്‍കിയോ.മുഖ്യശത്രു ആരെന്നു പറയാന്‍ സി.പി.എം ഇനിയും തയാറായില്ലെന്നോര്‍ക്കണം.ഇന്ത്യന്‍ മതേതരത്വം സംരക്ഷിക്കാനുള്ള മഹത്തായ ദൗത്യത്തില്‍ മുഖ്യശത്രു ബി.ജെ.പി യാണെന്ന് പറയാന്‍ ലീഗും കോണ്‍ഗ്രസും മടിച്ചിട്ടില്ല
ബി.ജെ.പി യുടെ മോഹം കേരളത്തില്‍ പൂവണിയില്ലെന്ന സന്ദേശമാണ് വേങ്ങര നല്‍കിയത്.അട്ടിമറി വിജയം നേടുമെന്ന ഇടത് കണക്കുകൂട്ടലും തെറ്റി.സോളാര്‍ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള വെളിപ്പെടുത്തല്‍ മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് ദിവസം രാവിലെ നടത്തിയതും നല്ല ഉദ്ദേശത്തോടെ ആയിരുന്നില്ലല്ലോ .
നരേന്ദ്ര മോദിയുടെ നടപടികളൊക്കെ വിമര്‍ശന വിധേയമായിട്ടുണ്ട്. ലോകത്ത് ഇന്ധന വില ഏറ്റവും കൂടുതല്‍ ഇന്ത്യയിലാണ്.ഇന്ത്യയിലാവട്ടെ ഏറ്റവും കൂടുതല്‍ നികുതി ഈടാക്കുന്ന സംസ്ഥാനം കേരളവും .യു.ഡി.എഫ് സര്‍ക്കാര്‍ പലതവണ നികുതി വേണ്ടെന്ന് വച്ച് ജനങ്ങളുടെ ഭാരം കുറച്ചു. വിവേകമുള്ള ജനതയ്ക്ക് ആരെയാണ് തെരഞ്ഞെടുക്കേണ്ടത് എന്നറിയാം. പൊതുജനത്തെ പരിഹസിക്കുന്നവര്‍ ഇനിയുമവരുടെ കൈയില്‍ പ്രഹരിക്കുവാന്‍ ചമ്മട്ടിയുണ്ടാകും എന്ന് മറക്കാതിരിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."