ആന്റിബയോട്ടിക് നിയമത്തില്‍ ഭേദഗതി വരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ആന്റിബയോട്ടിക് നയത്തില്‍ ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം കാരണം ശരീരത്തിന്റെ സ്വാഭാവികമായുള്ള പ്രതിരോധശേഷി കുറയുന്നതായുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഭേദഗതി വരുത്താന്‍ തീരുമാനിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതിയ ആന്റിബയോട്ടിക്‌സ് നയം പ്രഖ്യാപിച്ചിരുന്നു. ഇത് നടപ്പിലാക്കാന്‍ വേണ്ടിയാണ് കേരളത്തില്‍ ആന്റിബയോട്ടിക് നയത്തില്‍ ഭേദഗതി വരുത്തുന്നത്.
എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലും ആന്റിബയോട്ടിക് നയം നടപ്പിലാക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താന്‍ ആന്റിബയോട്ടിക് മേല്‍നോട്ട സമിതികള്‍ രൂപീകരിക്കും.
ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ആന്റിബയോട്ടിക് ഉപയോഗിക്കുന്നതു കൊണ്ടുള്ള ആരോഗ്യ പ്രശ്‌നങ്ങളെ പറ്റി പൊതു ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. എല്ലാ വര്‍ഷവും നവംബര്‍ മാസം 13 മുതല്‍ 19 വരെ ആന്റിബയോട്ടിക് അവബോധ ആഴ്ചയായി കേരളത്തില്‍ ആചരിക്കും.
സംസ്ഥാനത്ത് ഏഴു മെഡിക്കല്‍ കോളജുകളില്‍ ആന്റിബയോട്ടിക് നയം നടപ്പിലാക്കിയിട്ടുണ്ട്.അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ഒരു ദിവസത്തെ നിര്‍ബന്ധിത പരിശീലനവും നല്‍കുന്നുണ്ട്. കൂടാതെ ആന്റിബയോട്ടിക്കുകളുടെ ഉപയോഗം സംബന്ധിച്ച് കണക്കെടുപ്പ് നടത്താനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ആന്റിബയോട്ടിക് ഉപയോഗത്തിന്റെ കണക്കുകള്‍ ലഭ്യമാവാത്ത സാഹചര്യത്തിലാണ് ഇതുസംബന്ധിച്ച കൃത്യമായ കണക്കുകള്‍ തയാറാക്കാന്‍ ആരോഗ്യ വകുപ്പ് തയാറാകുന്നത്.
ആന്റിബയോട്ടിക് പ്രിസ്‌ക്രിപ്ഷന്‍ ഓഡിറ്റ് എന്ന പേരില്‍ നടപ്പാക്കുന്ന പദ്ധതിയിലൂടെ ഇപ്പോള്‍ നിലനില്‍ക്കുന്ന ആന്റിബയോട്ടിക് പോളിസി പരിഷ്‌കരിക്കുകയാണ് ലക്ഷ്യം.
ഡോക്ടര്‍മാര്‍ രോഗികള്‍ക്ക് ആന്റി ബയോട്ടിക്കുകള്‍ നിര്‍ദേശിക്കുന്ന രീതിക്ക് ചില മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെയും സ്വകാര്യ ആശുപത്രികളിലെയും ഡോക്ടര്‍മാര്‍ ഇപ്പോള്‍ നിര്‍ദേശിക്കുന്ന ആന്റിബയോട്ടിക്കുകള്‍ ഏതൊക്കെയാണെന്ന് കണ്ടെത്താനുള്ള ശ്രമമാണ് കണക്കെടുപ്പിന്റെ ആദ്യഘട്ടത്തില്‍ നടത്തുന്നത്. ഇതിനായി വിവിധ രോഗങ്ങള്‍ക്ക് നിലവില്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന ആന്റിബയോട്ടിക്കുകള്‍ ഏതാണെന്ന് കണ്ടെത്തും. പിന്നീട് ആന്റിബയോട്ടിക്കുകള്‍ നിര്‍ദേശിക്കുന്നതു സംബന്ധിച്ച് ഡോക്ടര്‍മാര്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തും.
ആന്റിബയോട്ടിക്കുകളുടെ ഗുണനിലവാരം, ഇവ ഉപയോഗിക്കേണ്ടി വരുന്ന അവസ്ഥ എന്നിവയും വിശദമായ പഠനത്തിന് വിധേയമാക്കും. ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ 20 ആശുപത്രികളിലെ ഡോക്ടര്‍മാരുടെ ആന്റിബയോട്ടിക് സംബന്ധിച്ചുള്ള നിര്‍ദേശങ്ങളാണ് പരിശോധിക്കുന്നത്.
രോഗികള്‍ക്ക് ആന്റിബയോട്ടിക് മരുന്നുകള്‍ നല്‍കുന്ന കാര്യത്തില്‍ അടിസ്ഥാനതലം മുതല്‍ ആന്റിബയോട്ടിക് പോളിസിയിലെ മാനദണ്ഡങ്ങളൊന്നും പാലിക്കപ്പെടുന്നില്ല.
കേരളത്തിലെ 89 ശതമാനത്തോളം ഡോക്ടര്‍മാരും അണുബാധയ്ക്കും അലര്‍ജിക്കുമുള്‍പ്പെടെ ആന്റിബയോട്ടിക്കുകള്‍ നല്‍കുന്നത് വളരെ അപകടകരമായ സാഹചര്യത്തിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്നും ആരോഗ്യമേഖലയിലെ വിദഗ്ധര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."