മാനന്തവാടി ബീവറേജ് ഔട്ട്‌ലെറ്റ് ആദിവാസി അമ്മമാരുടെ ആഹ്ലാദത്തിന് അല്‍പായുസ്സ്; അടച്ചുപൂട്ടാനുള്ള കലക്ടറുടെ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ
മാനന്തവാടി: ബീവറേജസ് ഔട്ട്‌ലറ്റ് അടച്ചുപൂട്ടാനുള്ള കലക്ടരുടെ ഉത്തരവിന് ഹൈക്കോടതിയുടെ താല്‍ക്കാലിക സ്റ്റേ. കലക്ടരുടെ ഉത്തരവ് പ്രകാരം ഇന്നലെ ഉച്ചയോടെ അടച്ചു പുട്ടിയ ഔട്ട്‌ലറ്റ് ഇന്ന് മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. ഔട്ട്‌ലറ്റ് ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ അമിതമായ മദ്യ ഉപഭോഗത്തിനും ശാരീരിക മാനസിക അസ്വസ്ഥതകള്‍ക്കും ഇടയാക്കുന്നതായും കുട്ടികളുടെ വിദ്യാഭ്യാസത്തിന് തടസമാകുന്നതായും കണ്ടെത്തിയതായി ട്രൈബല്‍ ഓഫിസര്‍ നല്‍കിയ റിപ്പോര്‍ട്ടും ആദിവാസി സ്ത്രീകള്‍ കഴിഞ്ഞ ആറ് മാസമായി നടത്തുന്ന സമരവും പരിഗണിച്ചായിരുന്നു ജില്ലാകലക്ടറുടെ ഉത്തരവ്.
കഴിഞ്ഞ മാസം 22ന് ചേര്‍ന്ന യോഗത്തില്‍ വെച്ച് ഔട്ട്‌ലറ്റ് മാറ്റിസ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും ഇത് പാലിക്കപ്പെട്ടിരുന്നില്ല. ഇതേ തുടര്‍ന്ന് പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരേ അതിക്രമം തടയല്‍ നിയമ പ്രകാരം ക്രിമിനല്‍ നടപടി ക്രമത്തിലെ സെക്ഷന്‍ 144 അനുസരിച്ച് ജില്ലാമജിസ്‌ട്രേറ്റ് കൂടിയായ കലക്ടര്‍ ഉത്തരവിറക്കുകയായിരുന്നു. ഇന്നലെ ഉച്ചക്ക് ഒരുമണിക്ക് ഔട്ട്‌ലറ്റ് അടക്കണമെന്നും ഏഴുദിവസം പ്രദേശത്ത് നിരോധനാജ്ഞ നടപ്പിലാക്കാനുമായിരുന്നു കലക്ടര്‍ വ്യാഴ്ച വൈകുന്നേരത്തോടെ ഉത്തരവിറക്കിയത്. ഇതറിഞ്ഞതോടെ ഇന്നലെ രാവിലെ മുതല്‍ ഔട്ട്‌ലറ്റിന് മുന്നില്‍ മദ്യം വാങ്ങാനെത്തിയവരുടെ നീണ്ട ക്യു ആയിരുന്നു. സമരം നടത്തിയ ആദിവാസി അമ്മമാരെ അഭിനന്ദിക്കുന്നതിനും അനുമോദിക്കുന്നതിനുമായും നിരവധിപേര്‍ എത്തി.
ആദിവാസി ഫോറം, മദ്യ നിരോധന സമിതി, ആം ആത്മി പാര്‍ട്ടി, സമര സഹായ സമിതി, ഗുരുധര്‍മ്മ പ്രചാരണ സഭ തുടങ്ങിയ വിവിധ സംഘടനകള്‍ സമരം നടത്തിയ സ്ത്രീകളെ അനുമോദിക്കാന്‍ എത്തി. മാക്കമ്മ, വെള്ള, ജാനു തുടങ്ങിയ സമര നേതൃത്വം നല്‍കിയവരെ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ റഷീദ് പടയന്‍ ഹാരമണിയിച്ച് ആദരിച്ചു. തുടര്‍ന്ന് ടൗണിലുടെ ആഹ്‌ളാദ പ്രകടനവും നടത്തി.
പരിപാടികള്‍ക്ക് മുജീബ് റഹ്മാന്‍, ജോണ്‍ മാസ്റ്റര്‍, മണിയപ്പന്‍, ഖാലിദ് പനമരം, ഫാ.മാത്യു കാട്ടറത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഉച്ചക്ക് ഒരുമണിക്ക് ബീവറേജ് ഔട്ട്‌ലറ്റിന്റെ ഷട്ടറുകള്‍ താഴ്ത്തുമ്പോഴും നിരവധി പേര്‍ ക്യൂവില്‍ അവശേഷിക്കുന്നുണ്ടായിരുന്നു. സ്ഥലത്തുണ്ടായിരുന്ന പൊലിസ് മുഴുവന്‍ പേരെയും തിരിച്ചയക്കുകയും ചെയ്തു. ജില്ലാകലക്ടരുടെ ഭാഗത്ത് നിന്നും ഇത്തരത്തില്‍ ഒരു നീക്കമുണ്ടെന്ന് നേരത്തെ മനസ്സിലാക്കിയ ബീവറേജ് കോര്‍പ്പറേഷന്‍ അധികൃതര്‍ നേരത്തേ തന്നെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള ഒരുക്കങ്ങള്‍ നടത്തിയിരുന്നു. ഉച്ചക്ക് രണ്ട് മണിയോടെ ഇവരുടെ ഹരജി പരിഗണിച്ച കോടതി കലക്ടരുടെ നടപടി രണ്ടാഴ്ചത്തേക്ക് താല്‍ക്കാലികമായി സ്റ്റേ ചെയ്യുകയാണുണ്ടായത്. കോടതി ഉത്തരവ് വരുന്ന മുറക്ക് ഇന്നു മുതല്‍ ബീവറേജസ് ഔട്ട്‌ലറ്റ് തുറക്കാനാണ് തീരുമാനം.
സമരമുറ മാറ്റും; സമരസഹായ സമിതി
മാനന്തവാടി: വള്ളിയൂര്‍ക്കാവ് റോഡിലെ ബീവറേജസ് ഔട്ട്‌ലറ്റ് അടച്ചുപൂട്ടുന്നതിനായി ജില്ലാകലക്ടര്‍ നല്‍കിയ ഉത്തരവിനെതിരേ ഹൈക്കോടതി വിധി ഉണ്ടാവുകയാണെങ്കില്‍ മദ്യ വില്‍പന ശാല തുറക്കാനുവദിക്കാത്ത വിധത്തിലുള്ള സമരങ്ങള്‍ നടത്താന്‍ സമരസഹായ സമിതി യോഗം തീരുമാനിച്ചു.
നിലവില്‍ കലക്ടരുടെ ഉത്തരവിന് താത്കാലിക സ്റ്റേ ആണ് ഹൈക്കോടതി നല്‍കിയത്. ഹൈക്കോടതിയിലെ കേസില്‍ സമരസഹായസമിതി കക്ഷിചേരും. ബീവറേജസിന് അനുകൂല വിധി ഉണ്ടാവുകയാണെങ്കില്‍ മദ്യഷാപ്പ തുറക്കാന്‍ അനുവദിക്കാത്ത് വിധത്തില്‍ ഉപരോധസമരത്തിന് ആദിവാസി വിഭാഗങ്ങളും അവരെ സഹായിക്കുന്നവരും രംഗത്തെത്താനുമാണ് തീരുമാനം. യോഗത്തില്‍ ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍മാസ്റ്റര്‍, മാത്യു കാട്ടറത്ത്, ജോണ്‍ മാസ്റ്റര്‍, ജെയിംസ്, പി മുഹമ്മദ് ഷരീഫ്, രാജഗോപാല്‍, മാക്കമ്മ, വനജ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."