സംസ്ഥാനത്ത് വ്യവസായ ഇടനാഴി തുറന്ന് സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യവസായ ഇടനാഴി തുറന്ന് സര്‍ക്കാര്‍. വ്യവസായ സംരംഭങ്ങള്‍ വേഗത്തിലാക്കാന്‍ നിയമങ്ങളില്‍ കൂട്ടത്തോടെ ഭേദഗതി വരുത്തുന്നു. ഇതുസംബന്ധിച്ച് ദി കേരള ഇന്‍വെസ്റ്റ്‌മെന്റ് പ്രൊമോഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍ ആക്ട് 2017 എന്ന പേരില്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. സംസ്ഥാനത്ത് ആരംഭിക്കുന്ന വ്യവസായങ്ങള്‍ക്ക് തടസങ്ങളില്ലാതെയും വേഗത്തിലും വിവിധ വകുപ്പുകളില്‍നിന്നും സര്‍ക്കാര്‍ ഏജന്‍സികളില്‍നിന്നും അനുമതി ലഭ്യമാക്കുകയാണ് ലക്ഷ്യം.
വ്യവസായ സംരംഭങ്ങള്‍ക്ക് വേഗത്തില്‍ അനുമതി നല്‍കുന്നത് (ഈസ് ഓഫ് ഡൂയിങ് ബിസിനസ്) നടപ്പാക്കി വ്യവസായ വളര്‍ച്ച ത്വരിതപ്പെടുത്താനുള്ള തീരുമാനത്തിന്റെ ഭാഗമാണിത്. കേരള പഞ്ചായത്ത് രാജ് ആക്ട്, കേരള മുനിസിപ്പാലിറ്റി ആക്ട്, കേരള ഭൂജല നിയന്ത്രണ ആക്ട്, കേരള ലിഫ്റ്റുകളും എസ്‌കലേറ്ററുകളും ആക്ട്, കേരള ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട്, കേരള ചുമട്ടുതൊഴിലാളി ആക്ട്, കേരള ഏകജാലക ക്ലിയറന്‍സ് ബോര്‍ഡുകളും വ്യവസായ ടൗണ്‍ഷിപ്പ് പ്രദേശവും വികസന ആക്ട് എന്നീ ഏഴു നിയമങ്ങള്‍ ഭേദഗതി ചെയ്താണ് കേരള ഇന്‍വെസ്റ്റ്‌മെന്റ് പ്രൊമോഷന്‍ ഫെസിലിറ്റേഷന്‍ ആക്ട് രൂപീകരിക്കുന്നത്.
ഈസ് ഓഫ് ഡൂയിങ് ബിസിനസില്‍ കേരളത്തിന്റെ റാങ്ക് ഉയര്‍ത്തുന്നതിന് ബന്ധപ്പെട്ട നിയമങ്ങളിലും ചട്ടങ്ങളിലും മാറ്റം വരുത്താനുള്ള സമയപരിധി ഈ 31ന് അവസാനിക്കും.
നിയമത്തിലെ മാറ്റങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകളുടെ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്തതിനു ശേഷം കേന്ദ്രസര്‍ക്കാരിന്റെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രൊമോഷന്‍ (ഡി.ഐ.പി.പി) വിഭാഗത്തില്‍ റിപ്പോര്‍ട്ടു ചെയ്യേണ്ടതുണ്ട്. ആ മാറ്റങ്ങള്‍ വിലയിരുത്തിയ ശേഷമാണ് ഡി.ഐ.പി.പി ഈസ് ഓഫ് ഡൂയിങ് ബിസിനസ് സംബന്ധിച്ച് സംസ്ഥാനത്തിന്റെ റാങ്ക് പുനര്‍നിര്‍ണയിക്കുക.
വ്യവസായ സംരംഭങ്ങള്‍ക്ക് വേഗത്തില്‍ അനുമതി നല്‍കുന്ന കാര്യത്തില്‍ കേരളം ഏറ്റവും പിന്നിലാണ്. കെട്ടിട നിര്‍മാണത്തിന് അനുമതി ലഭിക്കാന്‍ 134 ദിവസം വേണം. ഇപ്പോള്‍ വ്യവസായങ്ങള്‍ക്ക് അനുമതി നേടാന്‍ ഏകജാലക സംവിധാനം നിലവിലുണ്ട്. 30 ദിവസം മുതല്‍ 60 ദിവസത്തിനുള്ളില്‍ അനുമതി നല്‍കണമെന്ന വ്യവസ്ഥ പാലിക്കാറില്ല. ഓര്‍ഡിനന്‍സ് ഇറങ്ങുന്നതോടെ ഇത് വേഗത്തിലാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."