തെരഞ്ഞെടുപ്പ്: ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ശമ്പള വര്‍ധനവുമായി ഗുജറാത്ത് സര്‍ക്കാര്‍
അഹമ്മദാബാദ്: നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാനിരിക്കേ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ശമ്പള വര്‍ധനവ് ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങളുമായി ഗുജറാത്ത് സര്‍ക്കാര്‍. ഈ വര്‍ഷാവസാനം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കടുത്ത പ്രതിസന്ധി നേരിടുന്ന സര്‍ക്കാര്‍ ഭരണതുടര്‍ച്ചയ്ക്കുവേണ്ടിയാണ് ഇത്തരത്തിലുള്ള നടപടി സ്വീകരിച്ചതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളിലെയും സര്‍ക്കാര്‍ ജീവനക്കാരുടെയുമെല്ലാം ശമ്പളത്തില്‍ വന്‍വര്‍ധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്തെ 105 മുനിസിപ്പാലിറ്റികളിലെ ജീവനക്കാര്‍ക്കും ശമ്പള വര്‍ധനവ് ഉണ്ടാകുമെന്നും ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ അറിയിച്ചു. ഏഴാം ശമ്പള കമ്മിഷന്റെ അടിസ്ഥാനത്തിലാണ് വര്‍ധനവെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. ആരോഗ്യപരിരക്ഷക്കുള്ള ഏറ്റവും കുറഞ്ഞ വാര്‍ഷിക വരുമാനം ഒന്നര ലക്ഷമെന്നത് മാറ്റി രണ്ടര ലക്ഷമാക്കി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. ചികിത്സയ്ക്ക് സര്‍ക്കാര്‍ അംഗീകരിച്ച് സ്വകാര്യ ആശുപത്രികളില്‍ സൗജന്യമായി ചികിത്സ ലഭിക്കും. മാ-വാത്സല്യ പദ്ധതിയെന്നാണ് ഇതിന്റെ പേരെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു.
ശമ്പളവര്‍ധനവില്‍ ഒരു നിശ്ചിത തുകയാണ് വര്‍ധനവായി നിലവിലെ ശമ്പളത്തോടൊപ്പം നല്‍കുക. അധ്യാപകര്‍ക്ക് 7000 രൂപയാണ് നല്‍കുക. ഇത് അഞ്ചുവര്‍ഷത്തേക്ക് സ്ഥിരമായി ലഭിക്കുകയും ചെയ്യും. മുനിസിപ്പാലിറ്റികളിലെ 15,000 ജീവനക്കാര്‍ക്കും ശമ്പളവര്‍ധനവ് ലഭിക്കുമെന്നും ഉപമുഖ്യമന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."