മാലാഖക്കൂട്ടം നിര്‍വഹിക്കുന്ന മഹാദൗത്യം
മദ്യപാനികള്‍ക്കും മയക്കുമരുന്നിനടിമകളായവര്‍ക്കും തുണയായി വയനാട് മാനന്തവാടിയില്‍ പ്രവര്‍ത്തിക്കുന്ന സെന്റ് വിന്‍സെന്റ് ഗിരിയെന്ന അഭയകേന്ദ്രത്തെ കുറിച്ച് നിധീഷ്‌കൃഷ്ണന്‍ തയാറാക്കിയ 'കുടിയന്മാര്‍ക്കൊരു കുമ്പസാരക്കൂട് '(ലക്കം 160) എന്ന ഫീച്ചര്‍ കരുണാര്‍ദ്രമായി.
അമിത മദ്യപാനവും അനിയന്ത്രിത മയക്കുമരുന്ന് ഉപയോഗവും മൂലം സ്വബോധം നഷ്ടപ്പെടുത്തി കുടുംബത്തിനും സമൂഹത്തിനും തീരാദുരിതം വിതച്ചുകൊയ്തു ജീവിതം നശിപ്പിക്കുന്നവര്‍ക്ക് ആലംബമാകാന്‍ ജീവിതം ഉഴിഞ്ഞുവച്ച മാലാഖമാരെ നമുക്കു വണങ്ങാം.
പക്ഷെ, ലഹരിയുടെ മാസ്മരികതയില്‍ നീന്തിത്തുടിച്ച് സ്വര്‍ഗീയമെന്നു കരുതുന്ന നരകജീവിതത്തിലേക്കു തുഴഞ്ഞുനീന്തി കുടുംബത്തെയും സമൂഹത്തെയും കണ്ണീര്‍ കുടിപ്പിച്ചു മതിയാകാത്ത ലഹരിവീരന്മാരെ ചികിത്സാകേന്ദ്രങ്ങളില്‍ എത്തിക്കുകയെന്നത് കൊലക്കൊമ്പന്മാരായ ഒറ്റയാന്മാരെ മെരുക്കിയെടുക്കുന്നതിലും ദുഷ്‌കരമായിരിക്കും. കാരണം, ലഹരിയെന്ന കൊലയ്ക്കു കൊടുക്കുന്ന വൈറസിന്റെ ബാധ അത്രയ്ക്കും ഭീകരമാണ്.
എങ്കിലും പ്രതീക്ഷ കൈവിടാതെ ഇത്തരക്കാരെ ഇരുകൈയും നീട്ടി സ്വീകരിക്കാന്‍, ലഹരിയില്‍നിന്നു മോചിതരായൊരു ജീവിതം സാക്ഷാല്‍ക്കരിക്കാന്‍ ദൈവസാക്ഷികളും കര്‍മോത്സുകരുമായ മാലാഖക്കൂട്ടമൊരുക്കുന്ന മഹാദൗത്യം വിജയകരമാകട്ടെയെന്ന് ആശംസിക്കുന്നു. നഷ്ടമായ സ്വബോധവും സ്‌നേഹവും സഹനവും സന്തോഷവും സമാധാനവുമൊക്കെ തിരിച്ചുപിടിച്ചു ധന്യരാകാനും കുടിയന്മാരുടെ കുമ്പസാരക്കൂടായി സെന്റ് വിന്‍സെന്റ് ഗിരിയെന്ന മാലാഖക്കൂടിനെന്നും കഴിയുമാറാകട്ടെയെന്നു പ്രാര്‍ഥിക്കുന്നു. ലേഖകനും 'ഞായര്‍ പ്രഭാത'ത്തിനും ഹൃദയംനിറഞ്ഞ നന്ദി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."