എല്‍.ഡി.എഫ് ജനജാഗ്രതായാത്രയ്ക്കു തുടക്കം ബി.ജെ.പി നടത്തിയത്
തിരുവനന്തപുരം: കേരളത്തിനെതിരായ യാത്രയാണ് ബി.ജെ.പി നടത്തിയതെന്ന് ജനങ്ങള്‍ക്കു ബോധ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നയിക്കുന്ന എല്‍.ഡി.എഫിന്റെ തെക്കന്‍ മേഖലാ ജനജാഗ്രതായാത്ര തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തെ അപകീര്‍ത്തിപ്പെടുത്താനാണ് ബി.ജെ.പിയും ആര്‍.എസ്.എസും ശ്രമിക്കുന്നത്. മറ്റു സംസ്ഥാന മുഖ്യമന്ത്രിമാര്‍ കേരളത്തില്‍ വന്ന് ഇവിടുത്തെ ഭരണത്തെ വിമര്‍ശിക്കുന്നത് ഫെഡറല്‍ സംവിധാനത്തിനെതിരാണ്. ആര്‍.എസ്.എസിന്റെ കോപ്രായങ്ങള്‍ ഫലിക്കാത്ത നാടാണ് കേരളം.
ഈ കൊച്ചു സംസ്ഥാനത്തെ വച്ചുപൊറുപ്പിക്കില്ലെന്ന നിലപാടാണ് അവര്‍ സ്വീകരിക്കുന്നത്. കേരളത്തെ കീഴ്‌പെടുത്തുക എന്ന വലിയ ലക്ഷ്യത്തോടെയാണ് നാലു മുഖ്യമന്ത്രിമാരും ഒരു ഉപമുഖ്യമന്ത്രിയും പത്തു ദേശീയ നേതാക്കളും 26 എം.പിമാരുമൊക്കെ ഇവിടെ വന്നത്. എന്നാല്‍ അതു ഫലിച്ചില്ല. തങ്ങളോടു യോജിക്കാത്തവരെ കൊന്നുതള്ളുന്ന നിലപാടാണ് സംഘ്പരിവാറിന്റേത്. ആശയപരമായും വികസനത്തിലുമായിരിക്കും ബി.ജെ.പിയോട് എല്‍.ഡി.എഫിന്റെ മത്സരം. പരസ്യമായ വാദപ്രതിവാദത്തിനു ബി.ജെ.പിയെ വെല്ലുവിളിക്കുന്നു. സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ ആരും വെപ്രാളപ്പെട്ടിട്ടു കാര്യമില്ല. നിയമപരമായി എന്തെല്ലാം നടപടി സ്വീകരിക്കേണ്ടതുണ്ടോ അതെല്ലാം സര്‍ക്കാര്‍ ചെയ്യുമെന്നും പിണറായി പറഞ്ഞു. ജാഥാ ക്യാപ്റ്റന്‍ കാനം രാജേന്ദ്രന്‍ സംസാരിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ അധ്യക്ഷനായി. സി.പി.ഐ ജില്ലാ സെക്രട്ടറി ജി.ആര്‍ അനില്‍ സ്വാഗതം പറഞ്ഞു.
ഇന്നും നാളെയും തിരുവനന്തപുരം ജില്ലയില്‍ ജാഥ പര്യടനം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."