കെ. ജയകുമാര്‍ മലയാള സര്‍വകലാശാലയുടെ പടിയിറങ്ങുന്നു
തിരൂര്‍: മലയാള സര്‍വകലാശാല വൈസ് ചാന്‍സലര്‍ സ്ഥാനത്തുനിന്ന് കെ. ജയകുമാര്‍ വിരമിക്കുന്നു. ഈ മാസം 24നാണ് വിരമിക്കല്‍. കുറഞ്ഞ കാലയളവിനുള്ളില്‍ മനോഹരമായ കാംപസ് ഒരുക്കാനും വിദേശങ്ങളില്‍വരെ മലയാള സര്‍വകലാശാലയുടെ പേരും പ്രശസ്തിയും എത്തിക്കാനുമായതിന്റെ ചാരിതാര്‍ഥ്യത്തോടെയാണ് പ്രഥമ വൈസ് ചാന്‍സലര്‍ കൂടിയായ ജയകുമാര്‍ വിരമിക്കുന്നത്.
2012 നവംമ്പര്‍ ഒന്നിനാണ് വൈസ് ചാന്‍സലറായി ജയകുമാര്‍ നിയമിതനാകുന്നത്. മലയാള സര്‍വകലാശാല സ്ഥാപിക്കാന്‍ മുന്‍ യു.ഡി.എഫ് സര്‍ക്കാര്‍ തീരുമാനിച്ച ഘട്ടത്തില്‍തന്നെ ജയകുമാറിനെ സ്‌പെഷല്‍ ഓഫിസറായി നിയമിക്കുകയായിരുന്നു.
തുടക്കത്തില്‍ തിരൂര്‍ പൂക്കയിലെ വാടക കെട്ടിടത്തിലായിരുന്നു ഓഫിസ് പ്രവര്‍ത്തനം. പിന്നീട് തുഞ്ചന്‍ കോളജ് കാംപസിലെ അഞ്ച് ഏക്കര്‍ സ്ഥലം ഏറ്റെടുത്ത് താല്‍കാലിക കാംപസ് സ്ഥാപിച്ച് സമ്പൂര്‍ണ സര്‍വകലാശാലയുടെ നിലയിലേക്ക് വളരുകയായിരുന്നു. സര്‍വകലാശാലയില്‍ കീഴാള സാഹിത്യ പഠനകേന്ദ്രവും സ്ത്രീ സാഹിത്യ പഠനകേന്ദ്രവും സ്ഥാപിച്ചത് ശ്രദ്ധേയമായിരുന്നു. 1978 ബാച്ച് ഐ.എ.എസുകാരനായ ജയകുമാര്‍ 1980ല്‍ കോഴിക്കോട് സബ് കലക്ടറായാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. തുടര്‍ന്ന് കോഴിക്കോട് ജില്ലാ കലക്ടറായ അദ്ദേഹം ജില്ലയുടെ വികസനത്തിന് സമഗ്ര സംഭാവനകള്‍ നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."