അദ്ഭുതപ്പെടുത്തുന്ന പ്രഖ്യാപനവുമായി സഊദി; ഭാവിയിലേക്കൊരിടവുമായി 'നിയോം' ; 500 ബില്യണ്‍ ഡോളറില്‍ നിക്ഷേപം
റിയാദ്: പുതിയ വികസന പദ്ധതി പ്രഖ്യാപനത്തിലൂടെ സഊദി വീണ്ടും ലോകത്തെ ഞെട്ടിച്ചു. 500 ബില്യണ്‍ യുഎസ് ഡോളറില്‍ നിക്ഷേപമിറക്കി ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധാ കേന്ദ്രമാകാന്‍ പോകുന്ന 'നിയോം'' പദ്ധതി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ് പ്രഖ്യാപിച്ചത്.
ഭാവിയിലേക്കൊരിടം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ''നിയോം'' പദ്ധതി വഴി ലോകത്തെ ഏറ്റവും പുരോഗമനപരവും സൗകര്യപ്രദവുമായ ജീവിതവും ജോലി സാഹചര്യങ്ങളുമായിരിക്കും ഒരുക്കുക.
രാജ്യത്തിനകത്തും പുറത്തുമുള്ള വന്‍കിട നിക്ഷേപകരുടെയും പൊതു നിക്ഷേപ ഫണ്ടിന്റെയും സഹായത്തോടെയായിരിക്കും 500 ബില്യണ്‍ ഡോളര്‍ സമാഹരിക്കുക.
ഈജിപ്ത് -ജോര്‍ദ്ദാന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ ഉള്‍കൊള്ളുന്ന വടക്ക് പടിഞ്ഞാറന്‍ പ്രദേശത്ത് 26,500 ചതുരശ്ര കിലോമീറ്ററിലാണു നിയോം പദ്ധതി നടപ്പിലാക്കുക.
മുഴുവന്‍ ഭൂഖണ്ഡങ്ങളിലെയും ജനങ്ങളുമായി ബന്ധിപ്പിക്കുന്ന ഗ്ലോബല്‍ ഹബ്ബായി ഭാവിയില്‍ നിയോം മാറുമെന്നാണ് പ്രഖ്യാപനം. ഏഷ്യന്‍- ആഫ്രിക്കന്‍ ഭൂഖണ്ഡങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന പദ്ധതി കിംഗ് സല്‍മാന്‍ പാലത്തിലേക്കുള്ള പ്രധാന കവാടത്തിന്റെ ഭാഗമായിരിക്കും നിയോം പ്രദേശം.
സൗരോര്‍ജ്ജവും കാറ്റും ഊര്‍ജ്ജദായകങ്ങളായി ഫലപ്രദമായി വിനിയോഗിക്കുന്നതോടെ ഊര്‍ജ്ജ മേഖലയില്‍ വലിയ മാതൃകയായി നിയോം മാറും. ഊര്‍ജ്ജം, ജലം, ഉത്പാദനം, മീഡിയ, എന്റര്‍ടെയിന്‍മന്റ് , ഫൂഡ്, ടെക്‌നോളജി , വിദ്യാഭ്യാസം തുടങ്ങി മനുഷ്യ പുരോഗതിക്കാവശ്യമായ മുഴുവന്‍ സാഹചര്യങ്ങളും നിയോമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ലോകത്തെ 70% ജനങ്ങള്‍ക്കും 8 മണിക്കൂറിനുള്ളില്‍ നിയോമില്‍ എത്തിച്ചേരാനാകുമെന്നത് ഭാവിയില്‍ ലോകത്തിന്റെ സാമ്പത്തിക ജീവനാഡി തന്നെ സഊദി അറേബ്യ ആയി മാറുമെന്നതിന്റെ സൂചനയാണ്.
പുതുമ നിറഞ്ഞതായിരുന്നു സഊദി കിരീടാവകാശിയുടെ പദ്ധതി പ്രഖ്യാപനം. ഒരു മള്‍ട്ടി മീഡിയ മൊബൈയിലും സാധാരാണ മൊബെയിലും ഉയര്‍ത്തിക്കാട്ടി ഇവ രണ്ടും തമ്മിലുള്ള വ്യത്യാസമായിരിക്കും നിയോം വന്നതിനു ശേഷവും മുന്‍പുമുള്ള സഊദി എന്നാണു കിരീടാവകാശി പറഞ്ഞത്.
ഹര്‍ഷാരവത്തോടെയാണ് നിക്ഷേപകര്‍ ഈ പ്രഖ്യാപനത്തെ വരവേറ്റത്. റിയാദില്‍ നടക്കുന്ന ആഗോള നിക്ഷേപ പദ്ധതിയിലാണ് നിയോം പ്രഖ്യാപനം നടന്നത്. പബ്ലിക് ഇന്‍വെസ്റ്റ്‌മെമെന്റ് ഫണ്ടിന്റെ ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനീഷിയേറ്റീവ് സംഗമത്തില്‍ 60ലേറെ രാജ്യങ്ങളില്‍ നിന്നുള്ള രണ്ടായിരത്തിലധികം നിക്ഷേപകരാണ് പങ്കെടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."