സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് വീണ്ടും നിയമോപദേശത്തിനായി കൈമാറി
തിരുവനന്തപുരം: വിവാദങ്ങള്‍ നിലനില്‍ക്കെ സോളാര്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് വീണ്ടും വിദഗ്ധ നിയമോപദേശത്തിനായി കൈമാറി. സുപ്രിംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് അരിജിത് പസായത്തിനാണ് റിപ്പോര്‍ട്ട് കൈമാറിയത്.
റിപ്പോര്‍ട്ടിന്മേലുള്ള തുടര്‍ നടപടികളിലുണ്ടായ ആശയക്കുഴപ്പം പ്രതിപക്ഷത്തിന് പ്രതിരോധിക്കാനുള്ള രാഷ്ട്രീയായുധമായി മാറിയിരിക്കെ, ആ ക്ഷീണം മറികടക്കാന്‍ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികളെടുത്ത ശേഷം നിയമസഭയിലേക്ക് പോകാനാണ് സര്‍ക്കാരിന്റെ ശ്രമം.അരിജിത് പസായത്തിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ സ്വീകരിക്കുന്ന തുടര്‍ നടപടികള്‍ സഹിതമുള്ള റിപ്പോര്‍ട്ട് അടുത്തമാസം ഒന്‍പതിന് ചേരുന്ന നിയമസഭയുടെ പ്രത്യേക യോഗത്തില്‍ വയ്ക്കും.
മുന്‍ സര്‍ക്കാര്‍ നിശ്ചയിച്ച ടേംസ് ഒഫ് റഫറന്‍സിനു പുറത്ത് സോളാര്‍ കമ്മിഷന്‍ സ്വമേധയാ ഉത്തരവിറക്കിയ വിഷയങ്ങളിലാണ് സര്‍ക്കാര്‍ നിയമോപദേശം തേടിയിട്ടുള്ളതെന്നാണറിയുന്നത്. ഇത്തരം വിഷയങ്ങളിലെ കമ്മിഷന്റെ കണ്ടെത്തലും ശുപാര്‍ശയും നിലനില്‍ക്കുമോ, ഇതില്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ക്ക് നിയമ സാധുതയുണ്ടോ തുടങ്ങിയ കാര്യങ്ങളിലാണ് വ്യക്തത വരുത്തേണ്ടത്. അതുകൊണ്ടു തന്നെ പുതിയ നിയമോപദേശം സര്‍ക്കാരിന് നിര്‍ണായകമാണ്.
സോളാറുമായി ബന്ധപ്പെട്ട് നിയമസഭയ്ക്ക് അകത്തും പുറത്തും ഉന്നയിക്കപ്പെട്ടിട്ടുള്ള ആരോപണങ്ങള്‍ കമ്മിഷന്‍ പരിശോധിച്ചിരുന്നു. ടേംസ് ഒഫ് റഫറന്‍സിന് പുറത്ത് അന്വേഷിക്കേണ്ട വിഷയങ്ങളില്‍ കമ്മിഷന്‍ പ്രത്യേക ഉത്തരവും ഇറക്കിയിരുന്നു. അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധികാര ദുര്‍വിനിയോഗത്തിലൂടെ പൊലിസുകാരെക്കൊണ്ട് അന്വേഷണം അട്ടിമറിച്ചു തുടങ്ങിയ കണ്ടെത്തലുകള്‍ കമ്മിഷന്‍ അധികാരപരിധിക്ക് പുറത്ത് പോയി നടത്തിയതാണെന്ന് നിയമസെക്രട്ടറിയടക്കമുള്ളവര്‍ സൂചിപ്പിച്ചതായാണ് വിവരം. അതിനിടെ സഭയില്‍ വയ്ക്കുന്നതിന് മുന്നോടിയായി റിപ്പോര്‍ട്ട് മലയാളത്തിലേയ്ക്ക് തര്‍ജമ ചെയ്തു തുടങ്ങി. അടുത്ത മാസം ഒന്‍പതിന് നടക്കുന്ന നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ മുഴുവന്‍ അംഗങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും റിപ്പോര്‍ട്ടിന്റെ തര്‍ജമ ചെയ്ത പകര്‍പ്പ് നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."