നിയോം പ്രഖ്യാപിച്ചു സഊദി ലോക നേതൃനിരയിലേക്ക്
ജിദ്ദ: ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാകാന്‍ പോകുന്ന നിയോംപദ്ധതി സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് പ്രഖ്യാപിച്ചു. ഭാവിയിലേക്കൊരിടം എന്ന് വിശേഷിപ്പിക്കുന്ന പദ്ധതി വഴി ലോകത്തെ പുരോഗമനപരവും സൗകര്യപ്രദവുമായ ജീവിതവും ജോലി സാഹചര്യങ്ങളുമായിരിക്കും ഒരുക്കുക.
ഈജിപ്ത് ജോര്‍ദാന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ കൂടെ ഉള്‍ക്കൊള്ളുന്ന നിയോം പദ്ധതിക്ക് 500 ബില്ല്യന്‍ യു. എസ് ഡോളറാണു നിക്ഷേപിക്കുന്നത്.
സഊദിയുടെ വടക്ക് പടിഞ്ഞാറന്‍ പ്രദേശത്ത് 26,500 ചതുരശ്ര കിലോമീറ്ററിലാണു പദ്ധതി നടപ്പാക്കുക. സൗരോര്‍ജവും കാറ്റും ഊര്ജദായകങ്ങളായി ഫലപ്രദമായി വിനിയോഗിക്കുന്നതോടെ ഊര്‍ജ മേഖലയില്‍ വലിയ മാതൃകയായി നിയോം മാറും. മുഴുവന്‍ ഭൂഖണ്ഡങ്ങളിലെയും ജനങ്ങളുമായി ബന്ധിപ്പിക്കുന്ന ഗ്ലോബല്‍ ഹബ്ബായിരിക്കും ഭാവിയില്‍ നിയോം.
ഊര്‍ജം, ജലം, ഉത്പാദനം, മീഡിയ, എന്റര്‍ടെയിന്‍മെന്റ് , ഫുഡ്, ടെക്നോളജി, വിദ്യാഭ്യാസം തുടങ്ങി മനുഷ്യ പുരോഗതിക്കാവശ്യമായ മുഴുവന്‍ സാഹചര്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലോകത്തെ70 ശതമാനം ജനങ്ങള്‍ക്കും എട്ടു മണിക്കൂറിനുള്ളില്‍ നിയോമില്‍ എത്തിച്ചേരാനാകുമെന്നത് ഭാവിയില്‍ ലോകത്തിന്റെ സാമ്പത്തിക ജീവനാഡി തന്നെ സഊദി അറേബ്യ ആയി മാറുമെന്നതിന്റെ സൂചനയാണ്. പദ്ധതി പ്രഖ്യാപനം പുതുമ നിറഞ്ഞതായിരുന്നു. ഒരു മള്‍ട്ടി മീഡിയ മൊബൈലും സാധാരാണ മൊബൈലും ഉയര്‍ത്തിക്കാട്ടി ഇവ രണ്ടും തമ്മിലുള്ള വ്യത്യാസമായിരിക്കും നിയോം വന്നതിനു ശേഷവും മുമ്പുമുള്ള സഊദി എന്നാണു കിരീടാവകാശി അവകാശപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."