യു.പിയില്‍ വീണ്ടും ജാതിവെറി: മേല്‍ജാതിക്കാരുടെ ബക്കറ്റ് തൊട്ടതിന് ഗര്‍ഭിണിയെ മര്‍ദിച്ചു കൊന്നു
ലക്നൗ: ജാതിയുടെ പേരിലുള്ള കൊലപാതകങ്ങള്‍ അവസാനിക്കാതെ ഉത്തര്‍പ്രദേശ്. മേല്‍ജാതിക്കാരുടെ ബക്കറ്റ് തൊട്ടതിന് ഗര്‍ഭിണിയായ ദലിത് സ്ത്രീയെ മര്‍ദിച്ചു കൊന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണ് യു.പിയിലെ ബുലന്ദ്ഷര്‍ ജില്ലയില്‍ നിന്നും പുറത്തു വന്നത്. ഒക്ടോബര്‍ 15ന് ഖേതല്‍പൂര്‍ ഭന്‍സോലി ഗ്രാമത്തിലായിരുന്നു സംഭവം. സാവിത്രി ദേവി എന്ന ദലിത് യുവതിയും ഗര്‍ഭസ്ഥ ശിശുവുമാണ് മര്‍ദനത്തില്‍ മരിച്ചത്.
പ്രദേശത്തെ മേല്‍ജാതിക്കാരുടെ വീട്ടില്‍ മാലിന്യം ശേഖരിക്കുന്ന ജോലി ചെയ്യുന്ന സാവിത്രി ജോലിക്കിടെ അബദ്ധത്തില്‍ ബക്കറ്റില്‍ തൊടുകയായിരുന്നു. ഇതോടെയാണ് മേല്ജാതിക്കാര് കൂട്ടം ചേര്‍ന്ന് ഗര്‍ഭിണിയായ സാവിത്രിയെ അടിച്ചും തൊഴിച്ചും ക്രൂരമായി മര്‍ദിച്ചത്.
ഒരു ഓട്ടോ സാവിത്രിയുടെ സമീപത്തു കൂടെ കടന്നുപോകുകയും മാറിനിന്നപ്പോള്‍ വീഴാതിരിക്കാന്‍ അവര്‍ ബക്കറ്റില്‍ പിടിക്കുകയുമായിരുന്നു. ഇതോടെയാണ് തന്റെ ബക്കറ്റ് അശുദ്ധമാക്കിയെന്നു പറഞ്ഞ് അഞ്ജു എന്ന സ്ത്രീയും മകന് രോഹിതും വടികൊണ്ടും മറ്റും അടിച്ചതും മര്‍ദിച്ചതും. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സാവിത്രിക്ക് കാര്യമായ പരുക്കില്ലെന്ന് പറഞ്ഞ് ഡോക്ടര്‍മാര്‍ പറഞ്ഞയക്കുകായിരുന്നു.
പരിശോധിക്കാന്‍ പോലും അവര്‍ തയാറായില്ലെന്ന് സാവിത്രിയുടെ ഭര്‍ത്താവ് ദിലീപ് കുമാര്‍ പറഞ്ഞു. ആറു ദിവസങ്ങള്‍ക്കു ശേഷമാണ് ഇവര്‍ മരിക്കുന്നത്.തലക്കേറ്റ മര്‍ദനത്തിലാണ് സാവിത്രി കൊല്ലപ്പെടുന്നതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. ദിലീപ് കുമാര്‍ നല്കിയ പരാതിയില്‍ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അഞ്ജുവും മകന് രോഹിതും ഒളിവിലാണെന്ന് പൊലിസ് പറഞ്ഞു. കൊല്ലപ്പെട്ട സാവിത്രിക്ക് ആറു വയസ്സുകാരിയായ മറ്റൊരു മകളുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."