മലേഷ്യയില്‍ മരിച്ചത് ഡോ. ഓമനയല്ല
തളിപ്പറമ്പ്: മലേഷ്യയില്‍ മരിച്ച മലയാളി സ്ത്രീ തിരുവനന്തപുരം വള്ളക്കടവ് സ്വദേശി മെര്ലിന് റൂബിയാണെന്ന് സ്ഥിരീകരിച്ചു.
കാമുകനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഡോ.ഓമനയാണ് മരിച്ചതെന്ന സംശയത്തിന് ഇതോടെ വിരാമമായി. വലിയതുറ വള്ളക്കടവിലെ പുന്നവിളാകം പുരയിടത്തില്‍ എല്‍ജിന്റെയും റൂബിയുടെയും മകള്‍ മെര്ലിന് റൂബിയാണ് (37) മരിച്ചത്.
ഇതുസംബന്ധിച്ച് തിരുവനന്തപുരം ഡി.സി.ആര്.ബി അസി. പൊലിസ് കമ്മിഷണറുടെ സ്ഥിരീകരണം തളിപ്പറമ്പ് ഡിവൈ.എസ.്പിക്ക് ലഭിച്ചു. മലേഷ്യന്‍ തലസ്ഥാനമായ ക്വലാലംപൂരിലെ പ്രധാന റസിഡന്‍ഷ്യല്‍ ഏരിയകളിലൊന്നായ സുബാങ് ജായ സേലങ്കോറിലെ ഒരു കെട്ടിടത്തില്‍നിന്ന് വീണ് സെപ്റ്റംബര്‍ 29 നാണ് മെര്ലിന് മരിച്ചത്. മരിച്ചത് മെര്ലിനാണെന്ന് തിരിച്ചറിഞ്ഞതിനെതുടര്‍ന്ന് ഒക്ടോബര്‍ 18ന് ഉറ്റവരെത്തി മൃതദേഹം ഏറ്റുവാങ്ങിയിരുന്നു.
മലേഷ്യന്‍ പൊലിസ് ഈ വിവരം ഇന്ത്യന്‍ ഹൈക്കമ്മിഷണറേറ്റിനെ അറിയിക്കുന്നതിലുണ്ടായ സാങ്കേതികപ്പിഴവുമൂലം പരസ്യം പുനഃപ്രസിദ്ധീകരിച്ചതാണ് ആശയകുഴപ്പം സൃഷ്ടിച്ചത്. പരസ്യത്തിലെയും ഓമനയുടെയും മുഖങ്ങള്‍ തമ്മില്‍ സാമ്യമുള്ളതിനാല്‍ കൂടുതല്‍ പരിശോധന വേണമെന്ന് നാഷനല്‍ ക്രൈം റെക്കാര്‍ഡ്സ് ബ്യൂറോ നിര്‍ദേശിക്കുകയായിരുന്നു.
കാമുകനും കരാറുകാരനുമായ കെ.എം.മുരളീധരനെ കൊന്ന് സ്യൂട്ട്കെയ്സിലാക്കിയ സംഭവത്തില്‍ പിടിയിലായ ശേഷം 2001 ല്‍ പരോളിലിറങ്ങി മുങ്ങിയ ഡോ.ഓമനയെ കണ്ടെത്താന്‍ മൂന്ന് തവണ തമിഴ്നാട് ക്യൂബ്രാഞ്ച് തളിപ്പറമ്പിലെത്തിയിരുന്നു. മൃതദേഹം തിരിച്ചറിയുന്നതിനായി തമിഴ്നാട് മധുരൈ ക്യൂബ്രാഞ്ച് വിഭാഗം മലേഷ്യയിലേക്ക് പോകാന്‍ തയാറെടുപ്പ് നടത്തുന്നതിനിടയിലാണ് മരണമടഞ്ഞത് ഓമനയല്ലെന്ന വിവരം ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."