കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാരമ്പര്യത്തെ പാടിപ്പുകഴ്ത്തി 'വാഷിങ്ടണ്‍ പോസ്റ്റ് '
വാഷിങ്ടണ്‍: കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാരമ്പര്യത്തെയും അടിത്തറയെയും പാടിപ്പുകഴ്ത്തി അമേരിക്കന്‍ പത്രം 'വാഷിങ്ടണ്‍ പോസ്റ്റ് '. ലോകത്ത് ഇപ്പോഴും കമ്മ്യൂണിസ്റ്റ് സ്വപ്നങ്ങള്‍ കാണാന്‍ പറ്റിയ അപൂര്‍വം പ്രദേശങ്ങളില്‍ ഒന്നാണെന്നു പറഞ്ഞാണ് കേരളത്തിലെ പാര്‍ട്ടി പാരമ്പര്യത്തെ പത്രം പരിചയപ്പെടുത്തുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച പുറത്തിറങ്ങിയ 'വാഷിങ്ടണ്‍ പോസ്റ്റി'ലാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാരമ്പര്യത്തെയും പുതിയ സാഹചര്യങ്ങളെയും വിലയിരുത്തി ഫീച്ചര്‍ പ്രസിദ്ധീകരിച്ചത്. 'ഒരു കമ്മ്യൂണിസ്റ്റുകാരന് ഇപ്പോഴും സ്വപ്നം കാണാവുന്ന ചുരുക്കം നാടുകളിലൊന്ന് ' എന്ന തലക്കെട്ടോടെയുള്ള ദീര്‍ഘമായ ഫീച്ചര്‍ തന്നെയാണ് വിദേശി മാധ്യമപ്രവര്‍ത്തകരായ ഗ്രെഗ് ജെഫിയും വിധി ദോഷിയും ചേര്‍ന്നു തയാറാക്കിയത്.
ക്യൂബയില്‍ വിപ്ലവം ഒരു പുരാവസ്തുവായി മാറിയിരിക്കുന്നു. ചൈന, വിയറ്റ്‌നാം, ലാവോസ് എന്നിവിടങ്ങളിലെ കമ്മ്യൂണിസം മുതലാളിത്തത്തിനു വഴിമാറിയിരിക്കുന്നു. ഉത്തര കൊറിയയില്‍ കമ്മ്യൂണിസം ആണവായുധങ്ങള്‍ക്കൊപ്പമാണു നിലനില്‍ക്കുന്നത്. എന്നാല്‍, കേരളത്തിലെ കമ്മ്യൂണിസം ഇന്നും, 1957ല്‍ തെരഞ്ഞെടുപ്പിലൂടെ ഭരണത്തിലേറിയ അതേ ജനകീയതയോടെയും അധികാരത്തോടെയും നിലനില്‍ക്കുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ധനമന്ത്രി തോമസ് ഐസകുമായി നടത്തിയ സംഭാഷണത്തെ ആധാരമാക്കിയാണ് ലേഖകര്‍ ഫീച്ചര്‍ തയാറാക്കിയത്. ഇതിന്റെ ഭാഗമായി പിണറായി, ആലപ്പുഴ അടക്കം കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സ്വാധീനമുള്ള പ്രദേശങ്ങളിലെല്ലാം ഇരുവരും സന്ദര്‍ശിച്ചു. കഴിഞ്ഞ ഓഗസ്റ്റില്‍ നടന്ന പി. കൃഷ്ണപിള്ള അനുസ്മരണ വേളയിലാണു സംഘം സംസ്ഥാനത്തെത്തിയത്. ഈ സമയത്ത് നടന്ന നിരവധി പേര്‍ പങ്കെടുത്ത റാലിയെയും ഫീച്ചറില്‍ പരാമര്‍ശിക്കുന്നുണ്ട്. 1952ല്‍ പുറത്തിറങ്ങിയ 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' നാടകം എങ്ങനെ കേരളത്തില്‍ പാര്‍ട്ടിയുടെ വളര്‍ച്ചയിലും തെരഞ്ഞെടുപ്പു വിജയത്തിലും പങ്കുവഹിച്ചുവെന്നും ലേഖകര്‍ വിലയിരുത്തുന്നു. അടുത്തിടെ പുറത്തിറങ്ങിയ അമല്‍ നീരദിന്റെ 'സി.ഐ.എ'യെ കുറിച്ചും ഫീച്ചറില്‍ പ്രതിപാദിക്കുന്നു. വിദ്യാഭ്യാസ, സാമ്പത്തിക, ആരോഗ്യരംഗങ്ങളിലെ കേരളത്തിന്റെ മുന്നേറ്റവും എടുത്തുപറയുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."