ഇന്ത്യ-ന്യൂസിലന്‍ഡ് ടി20: ടിക്കറ്റ് വില്‍പ്പനയെക്കുറിച്ച് വ്യാപക പരാതി
തിരുവനന്തപുരം: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മില്‍ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ടി20 മത്സരത്തിലെ ടിക്കറ്റ് വില്‍പ്പന സംബന്ധിച്ച് വ്യാപക പരാതി. കേരള ക്രിക്കറ്റ് അസോസിയേഷന്‍ പൊതുജനങ്ങള്‍ക്ക് നല്‍കാതെ ടിക്കറ്റുകള്‍ വിറ്റഴിച്ചുവെന്ന പരാതിയാണ് ഉയരുന്നത്. ഓണ്‍ലൈന്‍ വഴിയുള്ള ടിക്കറ്റ് വില്‍പ്പന ആരംഭിച്ചപ്പോള്‍തന്നെ പ്രശ്‌നങ്ങളായിരുന്നു.
സെര്‍വര്‍ തകരാര്‍ കാരണം ദിവസങ്ങളോളം ടിക്കറ്റ് വില്‍പ്പന മുടങ്ങി. പിന്നീട് എത്രത്തോളം ടിക്കറ്റുകള്‍ ഓണ്‍ലൈനിലൂടെ വില്‍പന നടത്തിയെന്നതിന് കെ.സി.എ കൃത്യമായ മറുപടി നല്‍കുകയുമുണ്ടായില്ല. തുടര്‍ന്നാണ് ടിക്കറ്റ് വില്‍പന പങ്കാളികളായ ഫെഡറല്‍ ബാങ്കിന്റെ ശാഖകളിലൂടെ ടിക്കറ്റ് വില്‍ക്കുമെന്ന് പ്രഖ്യാപിച്ചതും നടന്‍ മോഹന്‍ലാലിനെ കൊണ്ടുവന്ന് അതിന്റെ ഉദ്ഘാടനം നടത്തിച്ചതും. പക്ഷേ ബാങ്കുകളില്‍നിന്നും തുച്ഛമായ ടിക്കറ്റ് മാത്രമാണ് ഇന്നലെ വില്‍പ്പന നടത്തിയത്. രാവിലെ മുതല്‍തന്നെ ടിക്കറ്റിനായി ക്യൂ നിന്നവര്‍ പിന്നീട് നിരാശരായി മടങ്ങുകയും ചെയ്തു.
1000 രൂപയുടെ ടിക്കറ്റുകള്‍ ഫെഡറല്‍ ബാങ്കിന്റെ തലസ്ഥാനത്തെ മൂന്ന് ശാഖകളില്‍കൂടി ഇന്നലെ വില്‍ക്കുമെന്നാണ് പറഞ്ഞിരുന്നത്. കുറച്ച് പേര്‍ക്ക് മാത്രമാണ് ഈ ശാഖകളില്‍കൂടി 1000 രൂപയുടെ ടിക്കറ്റ് ലഭിച്ചത്. 700 രൂപയുടെ ടിക്കറ്റിന്റെ കാര്യവും ഇത്തരത്തില്‍ തന്നെയായിരുന്നു. ഉച്ചയ്ക്കു മുന്‍പുതന്നെ ടിക്കറ്റ് വില്‍പ്പന കഴിഞ്ഞെന്നാണ് ബാങ്ക് ശാഖകള്‍ അറിയിച്ചത്. പതിനായിരത്തോളം ടിക്കറ്റുകള്‍ വില്‍പ്പനക്ക് ഉണ്ടാകുമെന്നാണ് ഏകദേശ ധാരണ ഉണ്ടായിരുന്നതെങ്കിലും 5000 ടിക്കറ്റുകള്‍ പോലും ഇന്നലെ ബാങ്കുകളിലൂടെ നല്‍കിയില്ല. എന്നാല്‍ ബാങ്കുകളിലൂടെ എത്ര ടിക്കറ്റുകള്‍ വിറ്റഴിച്ചുവെന്ന കൃത്യമായ കണക്ക് വ്യക്തമാക്കാന്‍ കെ.സി.എയും തയാറായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."