കോഹ്ലി വീണ്ടും ഒന്നാമന് ബുമ്റയ്ക്കും നേട്ടം
ദുബൈ: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ഏകദിന റാങ്കിങില്‍ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി വീണ്ടും ഒന്നാം സ്ഥാനത്തെത്തി. ദക്ഷിണാഫ്രിക്കയുടെ എ.ബി ഡിവില്യേഴ്സ് മുന്‍പ് ഒന്നാം റാങ്ക് കോഹ്ലിയില് നിന്ന് തിരിച്ചുപിടിച്ചിരുന്നു. എന്നാല്‍ ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ കോഹ്ലി വീണ്ടും ഒന്നിലേക്ക് മുന്നേറുകയായിരുന്നു. മൂന്നു മത്സരങ്ങള്‍ക്കുള്ള പരമ്പരയില്‍ രണ്ടു സെഞ്ച്വറികള്‍ നേടാന്‍ കോഹ്ലിക്ക് സാധിച്ചിരുന്നു. 889 പോയിന്റ് നേടാന്‍ ഇതോടെ താരത്തിന് സാധിച്ചു.
ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവുമുയര്‍ന്ന പോയിന്റാണിത്. ഇതിഹാസ താരം സച്ചിന് ടെണ്ടുല്‍ക്കര്‍ 1998 നേടിയ 887 പോയിന്റാണ് ഇതിന് മുന്‍പുള്ള മികച്ചത്. അതേസമയം ബൗളര്‍മാരുടെ റാങ്കിങില്‍ ഇന്ത്യന്‍ പേസര്‍ ജസ്പ്രിത് ബുമ്റയും നേട്ടമുണ്ടാക്കിയിട്ടുണ്ട്. മൂന്നു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ താരം മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. പാകിസ്താന്റെ ഹസന് അലി ഒന്നാം സ്ഥാനത്തും ദക്ഷിണാഫ്രിക്കയുടെ ഇമ്രാന് താഹിര്‍ രണ്ടാം സ്ഥാനത്തും തുടരുന്നു. ഈ വര്‍ഷം ഇന്ത്യക്ക് വേണ്ടി ഏറ്റവുമധികം വിക്കറ്റെടുത്ത താരമാണ് ബുമ്റ. 20 മത്സരങ്ങളില്‍ നിന്ന് 35 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്.
അവസാന മത്സരത്തില്‍ സെഞ്ച്വറി നേടിയ രോഹിത് ശര്‍മ 799 പോയിന്റോടെ ഏഴാം സ്ഥാനത്ത് തുടരുന്നു. താരത്തിന് റേറ്റിങ് പോയിന്റില്‍ മാത്രമാണ് നേട്ടമുണ്ടാക്കാനായത്. എന്നാല്‍ ടീം റാങ്കിങില്‍ ഇന്ത്യക്ക് ഒന്നാം സ്ഥാനത്തേക്ക് മുന്നേറാന്‍ സാധിച്ചില്ല. നിലവിലെ ഒന്നാം സ്ഥാനക്കാരായ ദക്ഷിണാഫ്രിക്ക ബംഗ്ലാദേശിനെതിരായ പരമ്പര 3-0ന് തൂത്തുവാരിയതിനാല് ഇന്ത്യക്കും ഇതേ മാര്‍ജിനില്‍ ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തണമായിരുന്നു. എന്നാല്‍ ഇതിന് സാധിച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."