അഞ്ചാം വട്ടവും സ്വന്തം റെക്കോര്‍ഡ് തിരുത്തി ലെഡേക്കി
റിയോ ഡി ജനീറോ: റിയോയിലെ നീന്തല്‍ കുളത്തില്‍ നിന്നു അമേരിക്കയുടെ വനിതാ ഫെല്‍പ്‌സ് കാത്തി ലെഡേക്കി നാലാം സ്വര്‍ണം നീന്തിയെടുത്തു. 800 മീറ്റര്‍ ഫ്രീസ്റ്റൈലിലാണ് ലോക റെക്കോര്‍ഡ് നേട്ടത്തോടെ ലെഡേക്കി നാലാം സ്വര്‍ണം സ്വന്തമാക്കിയത്.
ഈയിനത്തില്‍ കഴിഞ്ഞ ലണ്ടന്‍ ഒളിംപിക്‌സില്‍ 15 വയസുള്ളപ്പോള്‍ ലെഡേക്കി സ്വര്‍ണം നേടി ലോകത്തെ വിസ്മയിപ്പിച്ചിരുന്നു. എട്ടു മിനുട്ടും 4.79 സെക്കന്‍ഡുമെടുത്താണ് ലെഡേക്കി ലോക റെക്കോര്‍ഡിട്ട് സുവര്‍ണ താരമായത്. ബ്രിട്ടന്റെ ജാസ്സ് കര്‍ലിന്‍ വെള്ളിയും ഹംഗറിയുടെ ബോഗ്‌ളര്‍ക കപാസ് വെങ്കലവും നേടി. എട്ടു മിനുട്ടും 6.68 സെക്കന്‍ഡിന്റേയും സ്വന്തം റെക്കോര്‍ഡ് തന്നെയാണ് ലെഡേക്കി തിരുത്തിയത്. ഈയിനത്തില്‍ ഇത് അഞ്ചാം വട്ടമാണ് ലെഡേക്കി സ്വന്തം റെക്കോര്‍ഡ് തിരുത്തുന്നത്. 200, 400, 800 മീറ്റര്‍ ഫ്രീസ്റ്റൈലുകളില്‍ മൂന്നിലും ഒളിംപിക് സുവര്‍ണ നേട്ടം ഒരുമിച്ചു സ്വന്തമാക്കുന്ന ചരിത്രത്തിലെ രണ്ടാമത്തെ വനിതാ താരമായും ലെഡേക്കി മാറി.
1968ല്‍ അമേരിക്കയുടെ തന്നെ ഡെബ്ബി മേയറാണ് ഇത്തരമൊരു നേട്ടം ആദ്യമായി സ്വന്തമാക്കിയത്. 4-200 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേയിലും ലെഡേക്കി നേരത്തെ മറ്റൊരു സ്വര്‍ണം നേടിയിരുന്നു. 4-100 മീറ്റര്‍ റിലേയില്‍ വെള്ളി മെഡലും നേടിയ ലെഡേക്കി റിയോയിലെ മെഡല്‍ നേട്ടം അഞ്ചാക്കിയാണ് മടങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."