മറ്റു രാജ്യങ്ങള്‍ വഴി വരുന്ന ഇറാന്‍ തീര്‍ഥാടകരെ സ്വീകരിക്കുമെന്ന് ഹജ്ജ് മന്ത്രാലയം
റിയാദ്: സഊദിയുമായി ഹജ്ജ് കരാര്‍ ഒപ്പുവെക്കാത്ത ഇറാനില്‍ നിന്നും മറ്റു രാജ്യങ്ങള്‍ വഴി തീര്‍ഥാടകര്‍ സഊദിയിലേക്ക് വരുമെന്ന് സഊദി ഹജ്ജ് ഉംറ മന്ത്രാലയങ്ങള്‍ വ്യക്തമാക്കി. ഇങ്ങനെ രാജ്യത്തെത്തുന്ന ഇറാന്‍ തീര്‍ഥാടകരെ ആവേശപൂര്‍വം സ്വീകരിക്കും.
സഊദിയുടെ നയതന്ത്രബന്ധം ഉലഞ്ഞതിനെ തുടര്‍ന്നാണ് ഇറാന്‍ ഭരണകൂടം സഊദിയുമായി ഹജ്ജ് കരാര്‍ ഒപ്പുവെക്കാന്‍ വിസമ്മതിച്ചത്. എന്നാല്‍ മറ്റേതു രാജ്യങ്ങള്‍ വഴിയും പുണ്യ ഭൂമിയിലെത്തുന്ന ഇറാന്‍ ഹാജിമാരെ തടയുകയില്ലെന്നു സഊദി വ്യക്തമാക്കുകയായിരുന്നു.
എന്നാല്‍ ഏതു രാജ്യങ്ങളില്‍ നിന്നാണോ ഇറാന്‍ തീര്‍ഥാടകര്‍ വരുന്നത്, ആ രാജ്യങ്ങളുടെ തീര്‍ഥാടകര്‍ക്ക് ഒരുക്കുന്ന ക്രമീകരണങ്ങളുടെ ഭാഗമായി മാത്രമേ ഇറാന്‍ തീര്‍ഥാടകരെയും അധികൃതര്‍ സ്വീകരിക്കുകയുള്ളൂ.
ഈവര്‍ഷം ഹജ്ജ് കരാര്‍ ഒപ്പുവെക്കാത്തതിനെ തുടര്‍ന്ന് ഇറാനില്‍ നിന്നും തീര്‍ഥാടകര്‍ ഇല്ലെങ്കിലും മറ്റു രാജ്യങ്ങളിലെ ഹജ്ജ് ക്വാട്ടവഴി ഇറാന്‍ പൗരന്മാര്‍ ഹജ്ജിനെത്തുന്നത് തടസമുണ്ടാകില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.
ഹജ്ജ് തീര്‍ഥാടകരോട് വിവേചനം കാണിക്കുകയില്ലെന്നതിന്റെ തെളിവാണ് ഇറാന്‍ തീര്‍ഥാടകരെ സ്വീകരിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. അതെ സമയം, പുണ്യ ഭൂമിയിലേക്കുള്ള തീര്‍ഥാടകരുടെ ഒഴുക്ക് തുടരുകയാണ്. ജിദ്ദ, മദീന വിമാനത്താവളം വഴിയാണ് ഭൂരിപക്ഷം പേരും വരുന്നത്. ഒന്നര ലക്ഷത്തോളം തീര്‍ഥാടകരാണ് ഇതുവരെയായി പുണ്യ ഭൂമിയിലെത്തിയത്.
ജിദ്ദവഴി എട്ടര ലക്ഷം പേരും, മദീന വഴി അഞ്ചര ലക്ഷം തീര്‍ഥാടകരുമാണ് ഈവര്‍ഷം എത്തിച്ചേരുക. മദീനയില്‍ കൂടുതല്‍ ഹജ്ജ് വിമാന സര്‍വിസ് ദുല്‍ഖഅദ് 15 നാണ്. അന്ന് 99 ഹജ്ജ് വിമാന സര്‍വിസുകളാണ് എത്തിചേരുക.
തീര്‍ഥാടകരുടെ ഒഴുക്ക് ശക്തമാകുന്ന അവസരത്തില്‍ അനുയോജ്യമായ സംവിധാനങ്ങളാണ് സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ മദീനയില്‍ വിമാന സര്‍വിസുകള്‍ക്ക് നാലു ശതമാനം വര്‍ധനവുണ്ടാകും. ദുല്‍ഹജ്ജ് നാലിനാണ് രണ്ടിടങ്ങളിലും അവസാന ഹജ്ജ് സര്‍വീസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."