ജി.എസ്.ടി: ടാക്‌സ് പ്രാക്ടീഷണര്‍മാര്‍ നാളെ സൂചനാപണിമുടക്ക് നടത്തും
തൊടുപുഴ: ജി.എസ്.ടി റിട്ടേണ്‍ ഫയലിങ്ങിലെ അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ടാക്‌സ് പ്രാക്ടീഷണര്‍മാര്‍ നവംബര്‍ ഒന്നിന് ഓഫീസുകള്‍ അടച്ചിട്ട് സൂചനാ പണിമുടക്ക് നടത്തുമെന്ന് കേരളാ ടാക്‌സ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍ ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായാണ് ജില്ലയില്‍ ഓഫീസുകള്‍ അടച്ചിട്ടുള്ള പ്രക്ഷോഭം.
ജി.എസ്.ടി നിയമത്തിലെ അപാകതകളും വെബ്‌സൈറ്റ് തകരാറുകളും പരിഹരിക്കുക, അശാസ്ത്രീയ റിട്ടേണ്‍ സംവിധാനം നിര്‍ത്തലാക്കി ഒറ്റ റിട്ടേണ്‍ സംവിധാനമാക്കുക, 2018 മാര്‍ച്ച് വരെ പിഴ നടപടികള്‍ നിര്‍ത്തലാക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ജി.എസ്.ടി നിലവില്‍ വന്ന് നാലുമാസം പിന്നിടുമ്പോള്‍ റിട്ടണ്‍ ഫയലിങ് സ്തംഭനാവസ്ഥയിലേക്ക് നീങ്ങുകയാണ്. തുടര്‍ച്ചയായ വെബ്‌സൈറ്റ് തകരാറുകളും ഒരു മാസം ആറ് റിട്ടേണ്‍ ഫോമുകള്‍ ഫയല്‍ ചെയ്യേണ്ടി വരുന്ന സങ്കീര്‍ണ്ണവും അശാസ്ത്രീയവുമായ റിട്ടേണ്‍ സംവിധാനവും തിരിച്ചടിയായി. റിട്ടേണുകള്‍ റിവൈസ്‌ചെയ്യാന്‍ അവസരമില്ലാതെ വരുന്നതും പ്രശ്‌നം സങ്കീര്‍ണമാക്കി.
ടാക്‌സ് പ്രാക്ടീഷണര്‍മാരുള്‍പ്പെടുന്ന പ്രൊഫഷണലുകളാണ്‌രാജ്യത്തൊട്ടാകെ റിട്ടേണുകള്‍ ഫയല്‍ചെയ്യുന്നതെന്ന കാര്യം മനസിലാക്കാതെയാണ് റിട്ടേണ്‍ ഫോമുകള്‍, ഫയലിങ് തീയതികള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ജിഎസ്ടി അധികൃതര്‍ തീരുമാനിച്ചിതെന്നാണ് സംഘടന മനസിലാക്കുന്നത്. അടിയന്തിര പരിഹാരം ആവശ്യപ്പെട്ട് പ്രധാനമന്ത്രി, കേന്ദ്ര ധന മന്ത്രി, സംസ്ഥാന ധനമന്ത്രി, ജിഎസ്ടിയുമായി ബന്ധപ്പെട്ട മറ്റധികാരികള്‍ എന്നിവര്‍ക്ക് നിരവധി നിവേദനങ്ങള്‍ സമര്‍പ്പിച്ചിട്ടും ഫലം ഉണ്ടാകുന്നില്ല.
ഈ സാഹചര്യത്തിലാണ് സൂചനാപണിമുടക്ക് നടത്തുന്നത്. നവംബറിലെ ജിഎസ്ടി കൗണ്‍സിലില്‍ ഈ വിഷയങ്ങള്‍ക്ക് പരിഹാരം കണ്ടില്ലെങ്കില്‍ റിട്ടേണ്‍ ഫയലിങ് ബഹിഷ്‌കരണം ഉള്‍പ്പെടെ, അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ജില്ലാ സെക്രട്ടറി കെ പി ഹരീഷ്, ഐടിപിഐ ഭാരവാഹി പി.എസ് മുരളി, ജോയിന്റ് സെക്രട്ടറി മുഹമ്മദ് റാഫി, ജില്ലാ കമ്മിറ്റി അംഗങ്ങളായ സുനീര്‍ ഇബ്രാഹിം, സി.ബി ജയകൃഷ്ണന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."