മരുഭൂമിയില്‍ വായനയുടെ വസന്തോത്സവം
മൂന്നരപതിറ്റാണ്ടിലേറെക്കാലമായി അക്ഷരലോകം നെഞ്ചേറ്റിയ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഈ വര്‍ഷവും തുടക്കമായിരിക്കുകയാണ്. ലോകതലത്തില്‍ മൂന്നാംസ്ഥാനത്തുള്ള ഈ പുസ്തകോത്സവത്തിന്റെ ഉദ്ഘാടനം അല്‍താവൂരിലെ എക്‌സ്‌പോ സെന്ററില്‍ ഷാര്‍ജ ഭരണാധികാരിയും യു.എ.ഇ സുപ്രിംകൗണ്‍സില്‍ അംഗവുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമി നിര്‍വഹിച്ചിരിക്കുകയാണ്.
1982 ല്‍ ആരംഭം കുറിച്ചതു മുതല്‍ ഇന്നുവരെ ആ മേളയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചതു ഡോ. ശൈഖ് സുല്‍ത്താനാണ്. ലോകത്തു മറ്റൊരു ഭരണാധികാരിക്കും ലഭിക്കാത്ത മഹാഭാഗ്യമാണിത്. നവംബര്‍ ഒന്നു മുതല്‍ പതിനൊന്നുവരെയുള്ള പതിനൊന്നു രാപകലുകള്‍ ഷാര്‍ജ നഗരി അക്ഷരോത്സവത്തിന്റെ ആഹ്ലാദത്തിമിര്‍പ്പിലായിരിക്കും. വായനയെ സ്‌നേഹിക്കുന്ന സ്വദേശികളും വിദേശികളുമായ പതിനായിരക്കണക്കിനു പുസ്തകപ്രേമികള്‍ മേളയിലേയ്ക്ക് ഒഴുകിയെത്തും.
'എന്റെ പുസ്തകത്തിലൊരു ലോകം' എന്ന ആശയത്തിലൂന്നിയാണ് ഈ വര്‍ഷം മേള സംഘടിപ്പിക്കുന്നത്. 14,625 ചതുരശ്ര മീറ്റര്‍ സ്ഥലമാണു പ്രദര്‍ശനത്തിനായി സജ്ജീകരിച്ചിരിക്കുന്നത്. നൂറിലധികം രാജ്യങ്ങളില്‍നിന്നു 1500 ഓളം പ്രസാധകര്‍ മേളയില്‍ എത്തിയിട്ടുണ്ട്. ഇന്ത്യയില്‍നിന്നു 100 ലധികം പ്രസാധകര്‍ പങ്കെടുക്കുന്നു. അതില്‍ 70 ശതമാനവും കേരളത്തില്‍ നിന്നാണെന്ന പ്രത്യേകതയുണ്ട്. എഴുപതിലധികം മലയാളപുസ്തകങ്ങള്‍ മേളയില്‍ പ്രകാശനം ചെയ്യുന്നുണ്ട്.
കേരളത്തിലെ ചെറുതും വലുതുമായ 90 ശതമാനം പ്രസാധകരും ഷാര്‍ജയില്‍ അവരുടെ സ്ഥിരം ഇരിപ്പിടം ഉറപ്പിക്കാന്‍ കാരണം പ്രവാസിമലയാളിയുടെ വായനയോടുള്ള മമതയാണ്. മൂന്നടി വീതിയുള്ള ഇരുമ്പുകട്ടിലില്‍ തലയണയ്ക്കു സമീപം പുസ്തകങ്ങള്‍ ചേര്‍ത്തുവച്ചാണു പ്രവാസി മലയാളി ഉറങ്ങുകയും ഉണരുകയും ചെയ്യുന്നത്. ഏഴാംനമ്പര്‍ ഹാളിലാണു കേരളത്തില്‍നിന്നുള്ള പ്രസാധകര്‍ അണിനിരക്കുന്നത്. വിവിധ ഭാഷകളിലായി ഒന്നര ലക്ഷ ത്തിലേറെ ശീര്‍ഷകങ്ങളിലുള്ള പുസ്തകങ്ങളാണ് മേളയിലുള്ളത്.
മരുഭൂമിയുടെ ഊഷരതയ്ക്കിടയിലും അക്ഷരത്തിന്റെ ശീതളിമയും സുഗന്ധവും തീര്‍ത്ത അറബ് ധൈഷണികതയുടെ ആള്‍രൂപമായ ഡോ. ശൈഖ് സുല്‍ത്താന്‍ എഴുത്തിനോടും വായനയോടും വച്ചുപുലര്‍ത്തുന്ന സമീപനത്തിന്റെയും താല്‍പര്യത്തിന്റെയും നിദര്‍ശനമാണു ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം. ആധുനികലോകത്തെ സാഹിത്യകാരനായ ഭരണാധികാരി, ഖാസിമി പാരമ്പര്യത്തിലെ എഴുത്തുകാരനായ സുല്‍ത്താന്‍, പ്രായോഗികവാദിയായ വിദ്യാഭ്യാസവിചക്ഷണന്‍, കലോപാസകനായ ചരിത്രകാരന്‍, പരിസ്ഥിതിബോധമുള്ള ഭൂമിശാസ്ത്രജ്ഞന്‍, പഴമയില്‍ പുതുമ ദര്‍ശിക്കുന്ന മ്യൂസിയോളജിസ്റ്റ്, നാടകകൃത്ത്, പ്രജാക്ഷേമ തല്‍പരനായ ഭരണാധികാരി എന്നിങ്ങനെ ബഹുമുഖ പ്രാഗത്ഭ്യമുള്ള അസാധാരണവ്യക്തിത്വത്തിന് ഉടമയാണ് അദ്ദേഹം.
കലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ഡി.ലിറ്റ് ബിരുദം സ്വീകരിക്കുന്നതിനുവേണ്ടി ഈയിടെ കേരളത്തില്‍ നാലുദിവസത്തെ സന്ദര്‍ശനത്തിനെത്തിയപ്പോള്‍ ഡോ. ശൈഖ് സുല്‍ത്താന്‍ പറഞ്ഞ വാക്കുകള്‍ അറിവിനോടുള്ള അദ്ദേഹത്തിന്റെ അദമ്യമായ അഭിനിവേശം പ്രകടമാക്കുന്നതായിരുന്നു. 'ഞാനൊരു വിദ്യാര്‍ഥിയാണ്. ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്നു. അറിവ് ഒരു വിഷയത്തില്‍ പരിമിതപ്പെടുത്തുന്നില്ല. അതിനു മതിലുകളില്ല' എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.
ശാസ്ത്രവും സാഹിത്യവും ദര്‍ശനവും പഠനകാലത്തുതന്നെ അദ്ദേഹത്തെ അഗാധമായി സ്വാധീനിച്ചിരുന്നു. കൊയ്‌റോ യൂണിവേഴ്‌സിറ്റിയില്‍നിന്ന് അഗ്രികള്‍ച്ചറില്‍ ബിരുദം നേടിയ അദ്ദേഹം 1985 ല്‍ യു.കെ യിലെ എക്സ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നു പിഎച്ച്.ഡി ബിരുദം കരസ്ഥമാക്കി. 1989 ല്‍ ദര്‍ഹം യൂണിവേഴ്‌സിറ്റിയില്‍നിന്നു 'ഗള്‍ഫ് പൊളിറ്റിക്കല്‍ ജ്യോഗ്രഫിയില്‍ രണ്ടാമത് പിഎച്ച്.ഡി യും കരസ്ഥമാക്കിയ ഡോ. ശൈഖ് സുല്‍ത്താന്‍ യു.എ.ഇ യുടെ സാംസ്‌കാരിക കുലപതിയായാണ് അറിയപ്പെടുന്നത്. 1998 ല്‍ ഷാര്‍ജയെ അറബ് സംസ്‌കാരത്തിന്റെ തലസ്ഥാനമായി യുനെസ്‌കോ പ്രഖ്യാപിച്ചതിന്റെ മുഴുവന്‍ ഖ്യാതിയും അദ്ദേഹത്തിന് അവകാശപ്പെട്ടതാണ്.
വായനയെയും പുസ്തകങ്ങളെയും സംസ്‌കാരത്തെയും സ്‌നേഹിക്കുന്ന ഡോ. ശൈഖ് സുല്‍ത്താല്‍ ഒരിക്കല്‍ പറഞ്ഞത് തന്റെ ശേഖരത്തിലുള്ള പുരാതനഗ്രന്ഥങ്ങളും കൈയെഴുത്തു പ്രതികളും വഹിക്കാന്‍ 400 ട്രക്കുകള്‍ വേണ്ടിവരുമെന്നാണ്. ഓരോ വായനയിലും പുതിയ അറിവുകള്‍ തേടി മനസ്സു വിശാലമാവുന്നു. വായിക്കുന്തോറും അക്ഷരജ്ഞാനത്തിന്റെ സുവര്‍ണകവാടം പ്രശോഭിതമാവുന്നു. അറിവിലേയ്ക്കുള്ള കവാടമാണു വായന. വായിക്കുന്തോറും വളരുകയാണു ചെയ്യുന്നത്. വായനയാണു രചനയിലേക്കുള്ള വഴി തുറക്കുന്നത്. എത്രത്തോളം വായിക്കുന്നുവോ അതനുസരിച്ചായിരിക്കും തൂലികയുടെ ചലനം. എഴുത്തുകാരന്‍ മരിച്ചാലും തന്റെ രചന ജീവിച്ചിരിക്കും.
നിരവധി പ്രൗഢഗ്രന്ഥങ്ങളുടെ രചയിതാവുകൂടിയാണു ഡോ. ശൈഖ് സുല്‍ത്താന്‍. 'ദ മിത്ത് ഓഫ് അറബ് പൈറസി ഇന്‍ ഗള്‍ഫ്'. 'ഫ്രാഗ്‌മെന്റേഷന്‍ ഓഫ് ഒമാനി എമ്പയര്‍', 'ദി ബ്രിട്ടീഷ് ഒക്യുപ്പേഷന്‍ ഓഫ് അദന്‍' തുടങ്ങി അന്‍പതോളം കൃതികള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. 'മൈ ഏളി ലൈഫ് 'എന്ന ആത്മകഥ അനിതരസാധാരണമായ വായനാനുഭവം പ്രദാനം ചെയ്യുന്നു. 'വെള്ളക്കാരന്‍ ശൈഖ്', 'പകയുടെ രോഷാഗ്നി', 'ഇബ്‌നു മാജിദ് 'എന്നീ കൃതികള്‍ക്കു മലയാളവിവര്‍ത്തനവുമുണ്ട്. ഇംഗ്ലീഷ്, ജര്‍മന്‍, സ്പാനിഷ്, ഫ്രഞ്ച്, പേര്‍ഷ്യന്‍, ഉര്‍ദു, റഷ്യന്‍ തുടങ്ങി നിരവധി ഭാഷകളിലേയ്ക്കും അദ്ദേഹത്തിന്റെ രചനകള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. 'കലക്ഷന്‍ ഓഫ് സ്പീച്ചസ്' എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷ ഉടന്‍ പുറത്തിറങ്ങും.
ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെയും ദേശീയ കലാമേളയുടെയും തുടര്‍ച്ചയായ സംഘാടനമാണു ഡോ. ശൈഖ് സുല്‍ത്താനെ വിശ്വപ്രശസ്തനാക്കിയത്. 36 വര്‍ഷമായി തുടര്‍ച്ചയായി നടത്തിവരുന്ന പുസ്തകോത്സവത്തിന്റെ മുഴുവന്‍ ചെലവുകളും വഹിക്കുന്നതു ഷാര്‍ജാ ഭരണകൂടമാണ്. വായനയിലൂടെ മനസ്സിനെ നവീകരിക്കാമെന്നും സംസ്‌കരിക്കാമെന്നുമുള്ള ശൈഖിന്റെ തിരിച്ചറിവാണ്, ഒട്ടും ലാഭേച്ഛയില്ലാതെ നടത്തുന്ന ഈ മേളയുടെ ചേതോവികാരം.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു നൂറുകണക്കിന് എഴുത്തുകാരെയും ചിന്തകന്മാരെയും കലാകാരന്മാരെയും സാംസ്‌കാരികപ്രവര്‍ത്തകരെയും പങ്കെടുപ്പിച്ചു സംഘടിപ്പിക്കുന്ന സെമിനാറുകള്‍, ചര്‍ച്ചകള്‍, കലാ,സഹിത്യ,സാംസ്‌കാരിക പരിപാടികള്‍ തുടങ്ങിയവ വിജ്ഞാനപ്രദവും വര്‍ണാഭവുമായ അനുഭവമാണു പ്രദാനം ചെയ്യുന്നത്. കഴിഞ്ഞ 36 വര്‍ഷമായി മേളയുടെ സംഘാടകരില്‍ അറബ് വംശജനല്ലാത്ത ഏക വിദേശി മലയാളിയായ മോഹന്‍കുമാറാ ണ്. പയ്യന്നൂരുകാരനായ അദ്ദേഹം പുസ്തകോത്സവത്തിന്റെ വിദേശകാര്യ എക്‌സിക്യുട്ടീവാണ്. വളരെ നന്നായി അറബിഭാഷ സം സാരിക്കുന്ന അദ്ദേഹത്തിന്റെ സംഘാടക മികവ് മേളയെ കൂടുതല്‍ തിളക്കമുള്ളതാക്കി മാറ്റിയിട്ടുണ്ട് എന്നത് മലയാളികള്‍ക്കഭിമാനമാണ്.
ഇന്ത്യയില്‍ നിന്ന് 25ലേറെ സാംസ്‌കാരികപ്രവര്‍ത്തകരാണു പുസ്തകോത്സവത്തില്‍ പങ്കെടുക്കുന്നതിനായി ഷാര്‍ജയിലെ അക്ഷരനഗരിയില്‍ എത്തുന്നത്. വികാസ് സ്വരൂപ്, ആശാ പരേഖ്, ഖാലിദ് മുഹ മ്മദ്, ജയറാം രമേഷ്, വസീം അക്രം, എം.ടി. വാസുദേവന്‍ നായര്‍, സാറാ ജോസഫ്, ഗോപിനാഥ് മുതുകാട്, ഹേമമാലിനി, ഇന്നസെന്റ്, റിമാ കല്ലിങ്കല്‍, എം. ജയചന്ദ്രന്‍ തുടങ്ങിയ പ്രമുഖര്‍ വിവിധ ദിവസങ്ങളിലായി പുസ്തകമേളയില്‍ പങ്കെടുക്കുന്നുണ്ട്. അമൂല്യങ്ങളും അപൂര്‍വങ്ങളുമായ ഗ്രന്ഥശേഖരങ്ങള്‍ നശിപ്പിച്ച ഭരണാധികാരികളുടെ സമാനതകളി ല്ലാത്ത നിഷ്ഠൂരതകള്‍ ചരിത്രത്തില്‍ കാണാം. എന്നാല്‍, ഇവിടെയിതാ ഒരു ഭരണാധികാരി മാനവികതയുള്ള കാലത്തോളം സംസ്‌കാരത്തിന്റ അടിത്തറയായി പുസ്തകങ്ങള്‍ നിലനില്‍ക്കേണ്ടതുണ്ടെന്നു ലോകത്തോടു നിരന്തരം ഓര്‍മ്മിപ്പിച്ചു പുതിയ ചരിത്രം രചിക്കുന്നു. എല്ലാ അര്‍ഥത്തിലും അക്ഷരങ്ങളുടെയും സംസ്‌കാരത്തിന്റെയും സുല്‍ത്താന്‍. അതാണു ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."