പുതിയ വീടുകളിലെല്ലാം മഴവെള്ള സംഭരണി ഉണ്ടാകണം: മുഖ്യമന്ത്രി
കണ്ണൂര്‍: ഇനി നിര്‍മിക്കുന്ന വീടുകളിലെല്ലാം മഴവെള്ള സംഭരണി ഉണ്ടാകണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. തദ്ദേശസ്ഥാപനങ്ങള്‍ വീടിന് അനുമതി നല്‍കുമ്പോള്‍ മഴവെള്ള സംഭരണി ഉറപ്പുവരുത്താന്‍ നിയമം കര്‍ശനമാക്കും. നിലവിലുള്ള വീടുകളിലും മഴവെള്ള സംഭരണി ഉറപ്പാക്കാന്‍ പറ്റുമോയെന്നും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നവീകരിച്ച കണ്ണൂര്‍ തെക്കിബസാര്‍ ആനക്കുളം നാടിനു സമര്‍പ്പിക്കുകയായിരുന്നു മുഖ്യമന്ത്രി.
മാലിന്യ നിര്‍മാര്‍ജനത്തിനു സാക്ഷരതാ യജ്ഞം പോലെ നാടാകെ പങ്കാളിത്തം വഹിക്കുന്ന പുതിയ യജ്ഞത്തിനു നാട് തയാറാവണം. പുതിയ മാലിന്യം ശരിയായ രീതിയില്‍ നിര്‍മാര്‍ജനം ചെയ്യാനാകാണം. കരയിലെ മാലിന്യം മാത്രമല്ല ജലാശയത്തിലെ മാലിന്യവും നീക്കണം. ഈ പദ്ധതികളെല്ലാം തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഇടപെടലിലൂടെയായിരിക്കും നടപ്പാക്കുക. ആരാധനാലയങ്ങളടക്കമുള്ളവയുടെ കുളങ്ങള്‍ സര്‍ക്കാര്‍ സംരക്ഷിക്കും. ജലസ്രോതസ് സംരക്ഷിക്കപ്പെടുന്നതോടെ കുടിവെള്ള പ്രശ്‌നം പരിഹരിക്കാനാകുമെന്നും പിണറായി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."