ഡോക്ടര്‍മാരുടെ മൂന്നുവര്‍ഷ നിര്‍ബന്ധിത ഗ്രാമീണസേവനം ഉറപ്പുവരുത്തും: ആരോഗ്യമന്ത്രി
കല്‍പ്പറ്റ: സൗകര്യങ്ങള്‍ ഉണ്ടെങ്കിലും ആവശ്യത്തിന് ഡോക്ടര്‍മാരും പാരാമെഡിക്കല്‍ സ്റ്റാഫും ഇല്ലാത്തതാണ് കേരളത്തിലെ ആരോഗ്യരംഗം നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് ആരോഗ്യമന്ത്രി മന്ത്രി കെ.കെ ശൈലജ. 300 ഡോക്ടര്‍മാരുടെ ഒഴിവാണ് ആദ്യഘട്ടത്തില്‍ കണ്ടെത്തിയത്. ഇവര്‍ക്ക് റാങ്ക്‌ലിസ്റ്റില്‍ നിന്നു നിയമന ശുപാര്‍ശയും അയച്ചിരുന്നു. എന്നാല്‍ ഇതില്‍ പകുതിപേരും ജോലിയില്‍ പ്രവേശിച്ചതിനുശേഷം അവധിയെടുത്ത് വിദേശത്തും മറ്റു പഠനങ്ങള്‍ക്കും ഗവേഷണത്തിനും പോയി. ഇതോടെയാണ് ഡോക്ടര്‍മാരുടെ അഭാവം പരിഹരിക്കാന്‍ പി.ജി കോഴ്‌സില്‍ പ്രവേശനം നേടുന്ന ഡോക്ടര്‍മാര്‍ക്ക് കോഴ്‌സിന് ശേഷം മൂന്നുവര്‍ഷക്കാലം നിര്‍ബന്ധിത ഗ്രാമീണസേവനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ പദ്ധതി തയാറാക്കിയത്.
ആരോഗ്യമേഖലയില്‍ പിന്നോക്കം നില്‍ക്കുന്ന വയനാട്ടിലേക്കും മറ്റും ഇത്തരത്തിലുള്ള ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ജില്ലാ ആശുപത്രികള്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യങ്ങളോടുകൂടിയ ആശുപത്രികളാക്കി മാറ്റുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മാറിയ കാലഘട്ടത്തിനനുസൃതമായി ആധുനിക സൗകര്യമുള്ള സര്‍ക്കാര്‍ ആശുപത്രികളാണ് അനിവാര്യം. കാത്ത്‌ലാബും കാര്‍ഡിയോളജി വിഭാഗവുമെല്ലാമുള്ള വിധത്തില്‍ മുഴുവന്‍ ജില്ലകളിലെയും ജില്ലാ ആശുപത്രികളെ മാറ്റും. താലൂക്ക് ആശുപത്രികളെയും സാമൂഹികാരോഗ്യ കേന്ദ്രങ്ങളെയും പ്രാഥികാരോഗ്യകേന്ദ്രങ്ങളെയുമെല്ലാം ഇത്തരത്തില്‍ നാടിന് ഏറ്റവും പ്രയോജനപ്പെടുന്ന വിധത്തില്‍ മാറ്റിയെടുക്കാനാണ് തീരുമാനം.
കുടുംബാരോഗ്യകേന്ദ്രം എന്ന നിലയിലാണ് പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ മാറ്റുക. ഗ്രാമങ്ങളിലെ സാധാരണ ജനങ്ങള്‍ക്ക് കുടംബഡോക്ടര്‍ എന്ന നിലയില്‍ ഈ കേന്ദ്രങ്ങളില്‍ നിയമിക്കപ്പെടുന്ന ഡോക്ടറെ സമീപിക്കാം.
സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലെ ഓരോ പ്രാഥമികാരോഗ്യകേന്ദ്രമാണ് ആദ്യഘട്ടത്തില്‍ കുടംബാരോഗ്യ കേന്ദ്രമാക്കിമാറ്റുക. പിന്നീട് ഇത് എല്ലാ പി.എച്ച്.സി യിലേക്കും വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."